കാട്ടുപൂച്ചയ്‌ക്ക് പിന്നാലെ പുള്ളിമാനും വർക്കലയിൽ
January 13, 2018, 12:10 am
വർക്കല : ശ്രീനിവാസപുരത്ത് വീടിന്റെ ടെറസിൽ വ്യാഴാഴ്ച കാട്ടുപൂച്ചയെ കണ്ടതിനു പിന്നാലെ ഇന്നലെ കൂട്ടംതെറ്റിയ പുള്ളിമാനും വർക്കലയിലെത്തി. രാവിലെ പതിനൊന്നോടെ വർക്കല സർക്കാർ ആശുപത്രിക്കു സമീപം കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് പുള്ളിമാനെ കണ്ടത്. തുടർന്ന് ജനം കൂടിയതോടെ മാൻ വിരണ്ടോടി.
ആശുപത്രിക്കു സമീപം ഇടറോഡിലൂടെ പ്രാണഭയത്തോടെ പാഞ്ഞ മാൻ പുരയിടങ്ങളുടെ മതിൽക്കെട്ടുകൾ അനായാസം ചാടിക്കടന്നു. മാനിനു പിന്നാലെ ജനങ്ങളും പലവഴിയിലൂടെ ഓടി. മുണ്ടയിൽ കുഴിവിളാകത്ത് റോഡിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിതനായ മാൻ ക്ഷീണമകറ്റാൻ ചിലയിടങ്ങളിൽ അല്പനേരം പതുങ്ങിയിരുന്നു. എന്നാൽ മൊബൈൽ ഫോണുകളിൽ ചിത്രങ്ങളെടുത്ത് ജനക്കൂട്ടം പിന്നാലെയെത്തിയതോടെ ചില വീടുകളുടെ മതിലും ഗേറ്റും ചാടിക്കടന്ന് പുള്ളിമാൻ ഓടി. ഇതിനിടെ മാനിന്റെ താടിക്ക് മുറിവേറ്റു.
കുഴിവിള ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിലൂടെ വാച്ചർമുക്ക് ഭാഗത്തേക്ക് മാൻ ഓടി മറഞ്ഞു. നാട്ടിലിറങ്ങിയ മാനിന്റെ ചിത്രങ്ങൾ ഇതിനിടെ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഫോറസ്റ്റ് അധികൃതരെയും വിവരമറിയിച്ചു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് വൈകിട്ടോടെ വനംവകുപ്പ് അധികൃതരെത്തിയെങ്കിലും പുള്ളിമാനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് വനത്തിൽ നിന്ന് കൂട്ടംതെറ്റി എത്തിയതാകാം എന്ന് കരുതുന്നു.

ഫോട്ടോ
വർക്കലയിലെത്തിയ പുള്ളിമാനിന്റെ ദൃശ്യങ്ങൾ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ