ഗൾഫിൽ ഇനി ജോലി സാദ്ധ്യതയില്ല: എം.എ.യൂസഫലി
January 12, 2018, 7:30 pm
തിരുവനന്തപുരം: വിദ്യാഭ്യാസമുള്ളവർക്ക് ഗൾഫിൽ ഇനി ജോലി കിട്ടുക പ്രയാസമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി ലോക കേരള സഭയിൽ പറഞ്ഞു. ഇത് ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നത്. ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ ഹർത്താലാണെന്ന് അറിയുമ്പോഴുള്ള അവസ്ഥ അതി ഭീകരമാണ്. വീട്ടിലെത്താൻ കഴിയാത്ത അവസ്ഥ. പിന്നെ വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കേണ്ടി വരുന്നു. അതുകൊണ്ട് ഹർത്താൽ നടത്തുന്നവർ 24 മണിക്കൂർ മുമ്പേ പ്രഖ്യാപിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സാമ്പത്തിക കണക്കിൽ കേരളം ഇരുപതാമതാണ്. കേരളം പുറകോട്ട് പോയതിൽ ദു:ഖമുണ്ട്. ഇരുപതാം സ്ഥാനം ഒന്നോ, രണ്ടോ ആക്കാനുള്ള ശ്രമമാണ്. അതിന് ലോക കേരള സഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നിയമസഭയിൽ വരുമ്പോൾ വേഗം പാസാക്കണമെന്നും യൂസഫലി പറഞ്ഞു.

രവി പിളള
(വ്യവസായി)

എല്ലാ ഗൾഫ് രാജ്യങ്ങളും സ്വദേശികൾക്ക് ജോലി നൽകി തുടങ്ങിയതോടെ വിദേശികളുടെ സാദ്ധ്യത കുറയുന്നു. സൗദിയിൽ ലെവി സംവിധാനം ഏർപ്പെടുത്തിയതോടെ മലയാളികൾ വലിയ തുക അടയ്ക്കേണ്ടി വരുന്നു. ഇതുകൊണ്ട് ധാരാളം പേർ അവിടെ നിന്ന് മടങ്ങിവരികയാണ്. തൊഴിൽ വൈദഗ്ദ്ധ്യമുള്ളവർക്കേ ഇനി ഗൾഫിൽ ജോലി കിട്ടുകയുള്ളൂ. കേരളത്തിൽ നിക്ഷേപം നടത്താൻ ധാരാളം മലയാളികൾ തയ്യാറാണ്. അതിന് എൻ.ആർ.ഐയുടെ സംഗിൾ വിൻഡോ സംവിധാനം ഉണ്ടാവണം.

ആസാദ് മൂപ്പൻ
(വ്യവസായി)

ഗൾഫിൽ നിന്ന് മടങ്ങി വരുന്നവർക്ക് തൊഴിൽ നൽകാൻ ആയിരം പഞ്ചായത്തിൽ എൻ.ആർ.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങണമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. മടങ്ങിവരുന്നവർ രോഗവുമായാണ് വരുന്നത്. സമ്പാദ്യം മുഴുവൻ ചികിത്സയിൽ തീരുന്നു. അതിനാൽ ഗൾഫ് മലയാളിക്കായി ആരോഗ്യ ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി.ബാലകൃഷ്ണൻ
(സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്)

കേരളത്തിന്റെ ടൂറിസം, വ്യവസായം, ഭക്ഷ്യ ഉദ്പന്നങ്ങളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ഇവിടെ കൂടുതൽ നിക്ഷേപങ്ങൾ പ്രവാസികൾ നടത്തണം.

ഡോ.എം.എസ്.വല്യത്താൻ
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കേരളം നേട്ടം കൈവരിച്ചെങ്കിലും വയാേജനങ്ങളെ പെരുവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥ പെരുകി വരികയാണ്. പ്രതിവർഷം 2.5 ശതമാനം പേരെയാണ് ഇങ്ങനെ ഉപേക്ഷിക്കുന്നത്. 2027 ആകുമ്പോൾ ഇത് 20 ശതമാനമാകുമെന്നാണ് കണക്ക്. കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച മൂലമാണിത്.

സുനിതാ കൃഷ്ണൻ
(സാമൂഹ്യ പ്രവർത്തക)

ശരിക്കും കേരളം ദെെവത്തിന്റെ സ്വന്തം നാടായി മാറണമെങ്കിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. എത്രയോ സ്ത്രീകളാണ് തൊഴിൽ തേടി അന്യനാടുകളിലേക്ക് പോകുന്നത്. കേരളം സമത്വത്തിന്റെ നാടാവണം.

രേവതി
(ചലച്ചിത്രതാരം)

ഗൾഫി ജോലി ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് അവിടുത്തെ രീതിയെപ്പറ്റി പരിശീലനം നൽകണം. നഴ്സെന്നും പറഞ്ഞുകൊണ്ടു പോയിട്ട് വീട്ട് ജോലി ചെയ്യിക്കുന്നു. സാമ്പത്തികമായും മാനസികമായും അവർ തകർന്ന് പോകുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ