പറക്കട്ടെ പൊതുജനവും കോപ്ടറുകളിൽ
January 14, 2018, 12:10 am
ഡോ.ബി.അശോക്
കേന്ദ്രമന്ത്രിയോടൊപ്പം പ്രവർത്തിച്ച വേളകളിൽ ഇടയ്ക്കിടെ കയറേണ്ടിവന്നിരുന്നു നാവിക​വ്യോമസേനകളുടെയും സ്വകാര്യ ഹെലികോപ്ടറുകളിലും. ഇഷ്ടമുണ്ടായിട്ടല്ല! കയറിപ്പറ്റാവുന്ന ഏറ്റവും അപകടം പിടിച്ച വാഹനമാണത്. ഇന്ന് ഇരട്ട എഞ്ചിൻ കോപ്ടറുകളെ ഉപയോഗിക്കുന്നുള്ളൂ; വി.ഐ.പി കൾക്ക് പ്രത്യേകിച്ചും. ലക്ഷദ്വീപിലേക്ക് കോപ്ടറിൽ പറന്നത് ഇപ്പോഴും ചെറിയ ഭീതിയാണ്. മണിക്കൂറോളം കടലിനുമീതെയുളള പറക്കൽ എഞ്ചിൻ അറച്ചാൽ ലാൻഡിംഗ് എന്നൊരു സാധ്യതയേ ഇല്ല. കടലിന്റെ ആഴത്തിൽ മരണം സുനിശ്ചിതം. അന്നു കയറിയ അതേ കോപ്ടർ പിന്നീട് പ്ലാനിംഗ് കമ്മീഷൻ സെക്രട്ടറിയുമായി തകർന്നു കടലിൽ പതിച്ചു. ഭാഗ്യത്തിന് സമയത്തു കപ്പലടുത്തുണ്ടായതിനാൽ ആരും കൊല്ലപ്പെട്ടില്ല എന്നോർക്കുന്നു.
ദേശീയ അക്കാദമിയിൽ പ്രവർത്തിക്കുമ്പോഴും ഡെറാഡൂൺ ​​മുസ്സോറി ചുരം മഞ്ഞിടുമ്പോഴോ ഡൽഹി വി.ഐ.പികൾ വരുമ്പോഴോ ഹെലികോപ്ടറുകളുടെ ഇരമ്പം അവിടെ സാധാരണമായിരുന്നു. മൂന്നു കോപ്ടർ ഇറങ്ങാനുളള ഹെലി​ഫീൽഡ് അവിടെയുണ്ട്. വ്യോമസേനയുടെ മാർഷൽമാരും കരസേനയുടെ ലെഫ്‌നന്റ് ജനറൽമാരും നാവികസേനയുടെ അഡ്മിറൽമാരും അവരുടെ ഓപ്പറേഷണൽ പരിധിയിൽ ഹെലികോപ്ടറുകളിലാണ് സഞ്ചരിക്കുന്നത്. കേന്ദ്ര സെക്രട്ടറി പദവിയിലുളള ഉദ്ദ്യോഗസ്ഥരാണവർ. കേന്ദ്ര ഇന്റലിജൻസ് മേധാവി, 'റോ' മേധാവി, കേന്ദ്ര ആഭ്യന്തര/പ്രതിരോധ സെക്രട്ടറിമാർ എന്നിവരും ഒരു ഘട്ടത്തിൽ പരിസ്ഥിതി സെക്രട്ടറിയും വന്നെത്തുന്നത് ചാർട്ടർ ചെയ്ത അഥവാ മന്ത്രാലയത്തിന്റെ സ്വന്തം കോപ്ടറുകളിലായിരുന്നു. സമയലാഭം തന്നെയാണ് ഇതിന്റെ വലിയ മെച്ചം. സാധാരണ ദൽഹി മുസ്സോറി പത്തു മണിക്കൂർ ഫലത്തിൽ നഷ്ടമാകുന്ന ട്രെയിൻ യാത്രയായിരുന്നുവെങ്കിൽ (ഇപ്പോൾ കൊമേർഷ്യൽ വിമാനമുണ്ട്. എന്നാലും ഡോർ ടു ഡോർ 4 മണിക്കൂർ കുറഞ്ഞതു വേണം) കോപ്ടർ 40 മിനിട്ടിൽ എത്തിക്കും. അവസാനം കോപ്ടർ ചാർട്ടർ ചെയ്യുമ്പോൾ മണിക്കൂറിന് 75,000 രൂപ വാടക ചോദിക്കപ്പെട്ടു എന്നാണോർമ്മ. നടൻ അമീർഖാന്റെ വരവു സംബന്ധിച്ചായിരുന്നു അത്. വരവു പക്ഷേ അവസാനം കാറിലാക്കേണ്ടി വന്നു. സമയത്ത് മഞ്ഞുവീണതു മൂലം ഡെറാഡൂൺ ടവർ പറക്കാനനുമതി നൽകിയില്ല. കോപ്ടറിന്റെ ചെലവു കൂടുന്നതു കമ്പനി ഹാംഗർ ടു ഹാംഗർ ചെലവ് മണിക്കൂറിന് ഈടാക്കും എന്നതു കൊണ്ടാണ് ക്രൂവിന് ഒരാൾക്ക് 15,000 രൂപ പ്രതിദിനം പഞ്ചനക്ഷത്ര നിരക്കിൽ ബത്തയും നൽകണം..

കേന്ദ്രപ്രതിരോധ ആഭ്യന്തര മന്ത്രിമാരും സഹമന്ത്രിമാരും പ്രധാനമന്ത്രിയും പ്രതിരോധ വ്യോമസേനാ വിമാനങ്ങൾ തന്നെ ഉപയോഗിക്കുന്നു. പ്രധാനമന്ത്രിക്ക് പ്രത്യേകം വാങ്ങി തയ്യാർ ചെയ്ത എംബ്രേയർ ലക്ഷ്വറി ജറ്റും ബോയിംഗ് (ഇന്ത്യൻ എയർഫോഴ്‌സ് ​1) വിമാനവുമുണ്ട്. 7000 കിലോമീറ്റർ നിറുത്താതെ പറക്കുന്ന കമാന്റ് 'പോസ്റ്റുകളാ'ണവ. വിദേശത്തു പറക്കുമ്പോൾ പോലും വിപുലമായ ഓഫീസ് സൗകര്യവും ലോകവ്യാപകമായി സമ്പർക്കമുളള വാർത്താവിനിമയ ശ്യംഖലയും ഒക്കെയുളളതായ പറക്കുന്ന ഓഫീസുകൾ. പതിനായിരക്കണക്കിൽ കോടി രൂപയുടെ മുതൽ മുടക്കിയാണ് പ്രസിഡന്റും പ്രധാനമന്ത്രിയും ഉപയോഗിക്കുന്നതായ ​ബോയിംഗ് ജറ്റുകൾ തയ്യാർ ചെയ്തിരിക്കുന്നത്. 2010 ലോ മറ്റോ ഇവ വാങ്ങിയതിൽ സി.ഏ.ജി വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു.

ഇതൊക്കെ അറിയുന്ന ആരും ഒരു സംസ്ഥാന മുഖ്യമന്ത്രി 600 കി.മീറ്റർ കമ്മേർഷ്യൽ കോപ്ടർ 8 ലക്ഷം രൂപയ്ക്ക് ചാർട്ടർ ചെയ്തതിനെ കുറ്റം പറയുകയില്ല. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ പദവിയുളള വലിയ സുരക്ഷ പരിഗണിക്കാനുളള ഭരണഘടനാ സ്ഥാനീയൻ അടിയന്തിര യാത്രയ്ക്ക് ലഭ്യമായ കുറഞ്ഞ ചെലവുളള കോപ്ടർ വാടകയ്‌ക്കെടുത്തത് വിമർശന വിധേയമാക്കപ്പെടുന്ന ഏക സംസ്ഥാന കേരളമാകണം. എന്റെയറിവിൽ മഹാരാഷ്ട്രാ, രാജസ്ഥാൻ, യു.പി. (വിമാനം തന്നെ ചാർട്ടർ ചെയ്യുന്നു.) മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കും എല്ലാ വടക്കുകിഴക്കൻ സംസ്ഥാന മുഖ്യന്മാരും അപകടസാധ്യതയൊക്കെ മാറ്റിവെച്ച് സമയലാഭത്തിന് കോപ്ടറുകളെയാണാശ്രയിക്കുന്നത്. വടക്കുകിഴക്കും കാഷ്മീരും മുഖ്യമന്ത്രിമാരെ വ്യോമയാന/കരസേന പറത്തുന്നു. കാരണം ലളിതമാണ്. റോഡ് യാത്ര കൂടുതൽ അപകടം പിടിച്ചതും സെക്യൂരിറ്റിക്കായി പലമടങ്ങ് സംസ്താനത്തിന് കൂടുതൽ ചെലവിടേണ്ടി വരുന്നതുമാണ്. ഗതാഗതം തടഞ്ഞും തിരിച്ചുവിട്ടും ജനങ്ങളുടെ ദുരിതം വേറേയും. ഇവിടെ സുരക്ഷ വലിയ പ്രശ്‌നമല്ലെങ്കിലും മുഖ്യമന്ത്രി ഹെലി യാത്ര കൂടുതൽ അവലംബിച്ചാൽ തെരുവിൽ ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. കടന്നുപോകുന്നിടത്തെല്ലാം 'വിക്ടറെ' കാത്ത് പോലീസ് വാഹനവും എസ്‌കോർട്ടുകാരും എസ്‌കോർട്ടിലിടിച്ചു നിരത്തിൽ പൊലിയാൻ സാധ്യതയുളള ജീവനും സംരക്ഷിക്കപ്പെടും എന്നതു കാണാതിരിക്കരുത്. ക്രമസമാധാനത്തിനും കേസന്വേഷണത്തിനും കൂടുതൽ പോലീസ് തലകൾ കിട്ടും.
ഗവർണ്ണർ, മുഖ്യമന്ത്രി, അടിയന്തിര സ്വഭാവത്തിൽ പ്രവർത്തിക്കേണ്ടതായ വകുപ്പിലെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കായി സ്ഥിരം ചാർട്ടർ ചെയ്ത കോപ്ടർ സൗകര്യം ഏർപ്പെടുത്തുന്നതാവും ഭേദം. ഇവിടെ അനാവശ്യ വിവാദം ഉണ്ടാവുന്നത് സംഭവ ഗതികളുടെ ടൈമിംഗിലാണ്. യാത്രാക്കൂലി കൊടുക്കാനെഴുതിയ ഉത്തരവ് നിർഭാഗ്യവശാൽ അതിനു വഴിയിട്ടു. അതു മെച്ചപ്പെടുത്താമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. ചുരുക്കിപ്പറയേണ്ടത് പരത്തിപ്പറഞ്ഞാൽ കുഴയും. ചില കാര്യങ്ങൾ അങ്ങനെയാണ്. സാങ്കേതികമായി 100% ശരിയായതു രാഷ്ട്രീയമായി ശരിയാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിലല്ല കേരളം.
ഹെലി യാത്ര എല്ലാജില്ലയിലും സാധ്യമാക്കാൻ ഓരോ കോടി രൂപയ്ക്ക് എല്ലാ ജില്ലയിലും ഹെലി പാഡ് ചാർട്ടർ കോപ്ടറും ഒരുക്കാൻ പഴയ സർക്കാരിന് പദ്ധതിയുണ്ടായിരുന്നു. വയനാട്ടിൽ സർവ്വകലാശാലയിൽ ഞാൻ സ്ഥലം കണ്ടെത്തി നൽകിയതുമാണ്. എന്തുകൊണ്ടോ തെരഞ്ഞടുപ്പ് അടുത്തപ്പോൾ ഒടുവിൽ ധനവിനിയോഗം മരവിച്ചു. നെടുമ്പാശ്ശേരി, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ഹെലി കണക്ടിവിറ്റി വന്നാൽ ചുരവും മോശം റോഡുകളും താണ്ടുന്ന വയനാട്​ കാസർഗോഡുകാർക്ക് ചികിത്സാ സൗകര്യവും മറ്റും എത്ര ഹെലി കണക്ടിവിറ്റി വന്നാൽ കരതരമായേനെ. ടൂറിസവും നന്നായി വളർന്നേനേ. ഇപ്പോഴുയർന്ന കഥയില്ലാത്ത വിമർശനങ്ങൾക്ക് മറുപടിയായി സാധാരണക്കാരെയും നിരക്കു നിശ്ചയിച്ച ഒരു ഹെലിടൂറിസ്റ്റ് സർക്ക്യൂട്ടു തന്നെ കേരളത്തിൽ നടപ്പാക്കുകയാണ് ചെയ്യേണ്ടത്. വെളളത്തിലും ഇറങ്ങാവുന്നതായ കോപ്ടറുകളാണ് ഇന്നുളളത് എന്നോർക്കണം. ഇന്ന് കാറിൽ കയറുന്ന സാധാരണ യാത്രികർ ഹെലിക്കോപ്ടറിൽ യാത്രചെയ്യട്ടെ. പിന്നെ ഇവിടെ വിലകുറഞ്ഞ വിമർശനം ഉണ്ടാവില്ല.

(അഭിപ്രായം വ്യക്തിപരം)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ