ജഡ്ജിമാർക്ക് ബുധനാഴ്ച നല്ല ദിവസം
January 13, 2018, 1:44 am
ബുധനാഴ്ച എന്ന് കേട്ടാൽ സുപ്രീംകോടതി ജഡ്ജിമാരുടെ നാവിൽ കൊതിയൂറും. കാരണം അന്നത്തെ ഉച്ചഭക്ഷണത്തിന് ഒരു പ്രത്യേകതയുണ്ട്. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും അന്ന് ഒരു ഊണ് മേശയ്ക്ക് ചുറ്റും ഇരിക്കും. ഒരു മണിക്കൂർ നീളും ലഞ്ച്. വർഷങ്ങളായി എല്ലാ ബുധനാഴ്ചയും ഇത് പതിവാണ്. വീട്ടിൽ പാകം ചെയ്ത വിഭവങ്ങളുമായാണ് അന്ന് ഒരു ജഡ്ജി വരുന്നത്. എല്ലാവരും പരസ്പരം ഇത് പങ്കിട്ടെടുക്കും. തമാശയും ചിരിയും രുചിവർത്തമാനവും ചേർന്നതാണ് അവരുടെ ബുധനാഴ്ച ഉച്ചനേരം.
സുപ്രീംകോടതിയിൽ 28 ജഡ്ജിമാരാണുള്ളത്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് 10 മിനിട്ട് മുമ്പേ അവർ ചേംബറിൽ നിന്ന് എഴുന്നേൽക്കും. 10 മിനിട്ടുകൊണ്ട് വേഷം മാറി ഊണുമുറിയിലെത്തും. അവിടെ ഒരു ജഡ്ജിയുടെ സ്വന്തം ഭവനത്തിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന രുചികളിലുള്ള ഭക്ഷണം അവരെ കാത്തിരിക്കും. ഒരു ഹോട്ടൽ ഭക്ഷണത്തിനും അന്നവിടെ പ്രവേശനമില്ല.
ഓരോ സിറ്റിംഗ് ജഡ്ജിമാർക്കും തവണ അനുസരിച്ച് ഭക്ഷണം കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം മാറിവരും. അവരവരുടെ നാടിന്റെ രുചികളായിരിക്കും അവർ കൊണ്ടുവരിക. പ്രധാന കോഴ്സിന് അഞ്ച് വിഭവങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. അതിൽ കൂടിയാൽ പിഴ ശിക്ഷ ഉണ്ട്. അവസാനം പാൻ വേണമെന്നുള്ളതും മസ്റ്റ്. പുകയില ഇല്ലാത്ത സുഗന്ധ പാൻ.
മറ്റുള്ള ദിവസങ്ങളിൽ ജഡ്ജിമാർ അവരവരുടെ ചേംബറിലെ മുറിയിലിരുന്നാവും ഭക്ഷണം കഴിക്കുക.
ജസ്റ്റിസ് അരുൺകുമാർ മിശ്ര കൊണ്ടുവരുന്നത് മദ്ധ്യപ്രദേശിൽ നിന്നുള്ള ഒന്നാന്തരം സസ്യ വിഭവങ്ങളാവും. മത്തങ്ങാ സൂപ്പും വെണ്ടയ്ക്ക തോരനും പനീർ വിഭവങ്ങളും മറ്റും. സെസേർട്ടിന് പൈനാപ്പിൾ അലുവയും മാലാപാവും. മിശ്രയുടെ വീട്ടിൽ നിന്ന് വരുന്ന സെസേർട്ടിന്റെ രുചി ഭയങ്കരമാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ജസ്റ്റിസ് ആർ.കെ. അഗർവാളാകട്ടെ ഉത്തർപ്രദേശ് രുചി വിഭവങ്ങളാണ് കൊണ്ടുവരിക. ജസ്റ്റിസ് കുര്യൻ ജോസഫ് സ്വന്തം അടുക്കളത്തോട്ടത്തിൽ വിളയിച്ച പച്ചക്കറി വിഭവങ്ങളാണ് വിളമ്പുക. കപ്പ പ്രധാന ഇനമാണ്. പപ്പടവും ചോറും നല്ല ഏത്തയ്ക്ക പഴവും ഊണിനൊപ്പം കാണും.
ജസ്റ്റിസ് ചെലമേശ്വർ കൊണ്ടുവരുന്ന സാമ്പാറിന് പ്രിയമേറെയാണ്. ഇഡ്ഡലി, രസം, മാങ്ങാ അച്ചാർ തുടങ്ങിയവയും ചെലമേശ്വർ സ്പെഷ്യലുകളാണ്.
ഊണിന് ചില നിയമങ്ങളും പാലിക്കണം. സസ്യ വിഭവങ്ങളേ പാടുള്ളൂ. വിജയിക്കുന്ന ഓരോ പുരുഷന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന ചൊല്ല് തമാശയായി ഈ ഊൺ മേശയ്ക്ക് ചുറ്റുമിരിക്കുമ്പോൾ അവർ മാറ്റി പറയും. അതിങ്ങനെ: ''ഓരോ രുചികരമായ വിഭവത്തിനു പിന്നിലും ഒരു ജഡ്ജിയുടെ ഭാര്യയുണ്ടാകും.''
ഈ ഊൺ മേശയ്ക്ക് ചുറ്റും അവർ ഒരിക്കലും കേസുകളെക്കുറിച്ച് സംസാരിക്കില്ല. പരസ്പരമുള്ള ചില്ലറ പിണക്കങ്ങളും ആരും പുറത്തെടുക്കില്ല. എല്ലാവരും ഉല്ലാസമായി ഒത്തുകൂടാനുള്ള അവസരമാക്കി അത് മാറ്റും. മിക്കവാറും ഭക്ഷണവും പാചക രീതികളുമാവും സംഭാഷണ വിഷയം. തൊണ്ണൂറുകളിൽ ജസ്റ്റിസ് രംഗനാഥ മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലം മുതലാണ് ഈ ബുധനാഴ്ച പതിവ് തുടങ്ങിയത്.
''എനിക്ക് ഷുഗറിന്റെ അസുഖമുണ്ട്. പക്ഷേ കേരളത്തിൽ നിന്നുള്ള പായസം വിളമ്പിയാൽ ഞാൻ കുടിക്കാതെ വിടില്ല''- പഴയ ഓർമ്മകൾ പങ്കിട്ടുകൊണ്ട് മൂന്നുവർഷം മുമ്പ് വിരമിച്ച ജസ്റ്റിസ് ജി.എസ്. സിംഗ്‌വി ഓർമ്മിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ