പ്രവാസ മേഖലയിലെ പ്രശ‌്‌നങ്ങൾ
January 12, 2018, 12:01 am
പ്രവാസികൾ എന്നതുകൊണ്ട് മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കുടിയേറിയിട്ടുള്ള മലയാളികളെയാണ് നാം ഉദ്ദേശിക്കുന്നത്. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനാണ് പ്രധാനമായും കാര്യങ്ങൾ ചെയ്യാനാവുക. മറ്റു സംസ്ഥാനങ്ങളുമായി നടത്തുന്ന വിനിമയങ്ങളിലൂടെയാണ് സംസ്ഥാനത്തിന് പുറത്തുള്ള പ്രവാസികളുടെ കാര്യത്തിൽ നമുക്ക് ഇടപെടാനാവുക. കേന്ദ്ര സർക്കാരിന്റെ സജീവമായ പങ്കാളിത്തവും ഇടപെടലും പ്രവാസി പ്രശ്നത്തിൽ മർമ്മപ്രധാനമാണ് എന്ന് കാണാം.
ഓരോ രാജ്യത്തും നമ്മുടേതായ എംബസികൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംവിധാനത്തെ ഈ രംഗത്ത് ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്നത് പ്രധാനമാണ്. അതിന് ആവശ്യമായ രീതിയിൽ ആ സംവിധാനത്തെ വികസിപ്പിക്കാനാവണം. എംബസികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിന് ഉതകുന്ന വിധത്തിലുള്ള ഇടപെടലുകൾ വിവിധ മേഖലയിൽ നടത്തുന്നതിനുമാണ് സംസ്ഥാന സർക്കാരിന് പൊതുവിൽ സാധിക്കുക. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ പൊതുവെ നമുക്ക് മൂന്ന് ഘട്ടമായി തിരിക്കാം.
1. പ്രവാസത്തിന് മുമ്പ്
2. പ്രവാസകാലത്ത്
3. പ്രവാസത്തിന് ശേഷം

പ്രശ്നങ്ങൾ പ്രവാസത്തിനു മുമ്പ്

പ്രവാസത്തിന് തയ്യാറെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം കുഴയ്‌ക്കുന്ന പ്രധാന പ്രശ്നം ശരിയായ വിവരങ്ങളുടെ അഭാവമാണ്. ഈ രംഗത്തുള്ള പോരായ്മയുടെ ഭാഗമായി കബളിപ്പിക്കുന്ന സ്ഥിതി പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ രംഗത്ത് നിയമവിധേയമായ കരാറുകളോ ഉടമ്പടികളോ ഇല്ല. വാക്കാലുള്ള കരാറുകളാകട്ടെ ലംഘിക്കപ്പെടുന്ന സ്ഥിതിയുമാണുള്ളത്. ഇത്തരം അരാജകത്വം തൊഴിൽദാതാക്കളെയും ബാധിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടിയേറ്റ പ്രവാസ നയവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ശരിയായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ ഈ രംഗത്ത് പ്രോത്സാഹിപ്പിക്കണം.
വിമാനക്കൂലിയുടെ പ്രശ്നം ഗൗരവതരമായ ഒന്നായി നിലനിൽക്കുന്നുണ്ട്. 2400 കോടി രൂപയോളം വരുന്ന വിപണി എന്ന നിലയിൽ കണ്ടുകൊണ്ട് ഇക്കാര്യത്തിൽ ഇടപെടാനാവണം. സംസ്ഥാനം നേരിട്ടുതന്നെ ഇത്തരം സർവീസുകൾ ആരംഭിക്കുന്ന കാര്യം നാം ചർച്ച ചെയ്തിരുന്നു. ഈ രംഗത്ത് ശരിയായ ഇടപെടൽ ഉണ്ടാവണം.
എമിഗ്രേഷനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് ഈടാക്കുന്ന ഫീസുകളുടെ കാര്യവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ രാജ്യത്ത് ഈടാക്കുന്ന പണത്തിന്റെ നിരക്കും അതിലൂടെ സമാഹരിക്കുന്ന പണത്തിന്റെ വിനിയോഗവും സംബന്ധിച്ച് നിലനിലൽക്കുന്ന സുതാര്യതയില്ലായ്മയും തിരുത്തപ്പെടേണ്ടതാണ്. ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന പണം മുഴുവൻ പ്രവാസി ക്ഷേമത്തിനു ഉപയോഗിക്കുന്നു എന്നു ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

പ്രവാസത്തിലെ പ്രശ്നങ്ങൾ

മറ്റൊരു രാജ്യത്തുനിന്നും ചെന്നെത്തിയവർ എന്ന നിലയിൽ ആ രാജ്യത്തെ ജനത അനുഭവിക്കുന്ന പൗരാവകാശങ്ങൾ കുടിയേറ്റ വിഭാഗങ്ങൾക്ക് ലഭിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്ന സ്ഥിതി ഉണ്ടാകാം എന്നതുകൊണ്ട് ഉഭയകക്ഷി ബന്ധങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടേയും അടിസ്ഥാനത്തിലുള്ള ഇടപെടലുകൾക്കുള്ള സാദ്ധ്യതയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
സംസ്ഥാനത്തിന്റെ പരിമിതിക്കകത്ത് നിന്നുകൊണ്ട് ഇക്കാര്യത്തിൽ ഇടപെടാൻ ശ്രമിക്കേണ്ടതുണ്ട്. വിദേശത്ത് നിയമക്കുരുക്കിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാൻ കേരളം രൂപീകരിച്ചിട്ടുള്ള നിയമസഹായ വേദി ഇതിന് ഉദാഹരണമാണ്. എന്നാൽ ഈ സംവിധാനം ഫലപ്രദമാക്കാൻ അതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഷാർജാ സുൽത്താന്റെ കേരള സന്ദർശനവേളയിൽ സംസ്ഥാനം ഉന്നയിച്ച പ്രശ്നങ്ങളോട് സുൽത്താൻ സ്വീകരിച്ച സമീപനവും തുടർന്നുണ്ടായ നടപടികളും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
കുടിയേറ്റ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള അന്തർദേശീയ കരാറുകളുടെ ഭാഗമായി നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്. ഇതിനായി നമ്മുടെ രാജ്യത്ത് ഈ മേഖലയുമായി ബന്ധപ്പെട്ട മിഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷേമവും ആയിത്തീരേണ്ടതുണ്ട്. നമുക്ക് നേരിട്ട് ഇടപെടാൻ അധികാരം ഇല്ലാത്ത കാര്യങ്ങളിൽ പോലും പ്രവാസി സംഘടനകളുടെ സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഇടപെടുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
പ്രവാസികളിൽ ഒരു വലിയ ശതമാനം സ്‌ത്രീകളാണ്. നഴ്‌സിംഗ് പോലുള്ള തൊഴിലുകൾ ചെയ്തുകൊണ്ട് സാമാന്യം ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന സ്‌ത്രീകളുണ്ട് പ്രവാസികളായി. കുടുംബത്തോടൊപ്പം പ്രവാസികളായി മാറി കുടുംബജീവിതം നയിക്കുന്നവരും ഏറെയുണ്ട്. ഗാർഹിക തൊഴിലുകൾ ഉൾപ്പടെ ചെയ്തു ജീവിക്കുന്ന ഏറെ പാവപ്പെട്ടവരും ഈ സ്‌ത്രീകളുടെ കൂട്ടത്തിലുണ്ട്. ഇവർ പലപ്പോഴും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ ഉതകുന്ന സമീപനം ഉണ്ടാകണം.
തൊഴിൽ നിയമങ്ങളുടെയും മറ്റും പ്രശ്നങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കു കുടിയേറിയ കേരളീയരായ തൊഴിലാളികളും നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരിന് ചെയ്യാനാകുക. മലയാളം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, നാട്ടിലെ ബന്ധപ്പെട്ട വേദികളിലുള്ള പങ്കാളിത്തം, പി.എസ്.സി പരീക്ഷകൾ എഴുതാനുള്ള സെന്റർ സൗകര്യം, നാട്ടിലേക്കുള്ള യാത്രാസൗകര്യം തുടങ്ങിയ കാര്യങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണെന്ന് കാണാം. അത്തരം കാര്യങ്ങളിലും ഇടപെടലുകൾ അനിവാര്യമാണ്.

പ്രവാസത്തിനു ശേഷമുള്ള പ്രശ്നങ്ങൾ

കുടിയേറ്റത്തെ പലപ്പോഴും മറ്റു രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നത് കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ കൂലിച്ചെലവ് ലാഭിക്കുന്നതോടൊപ്പം അവരുടെ സാമൂഹ്യക്ഷേമത്തിനും വാർദ്ധക്യകാല സംരക്ഷണത്തിനും ആവശ്യമായ ചെലവുകൾ കൂടി ഒഴിവാക്കാൻ കഴിയും എന്നതുകൊണ്ടാണ് സാമൂഹ്യസുരക്ഷയുടെയും വാർദ്ധക്യകാല സംരക്ഷണത്തിന്റെയും ചെലവ് ലാഭിക്കുക എന്ന ലക്ഷ്യം ഇതിൽ ഒളിച്ചിരിക്കുന്നു എന്ന കാര്യം അടുത്തകാലത്ത് വന്ന പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ തിരിച്ചുവരുന്ന പ്രവാസിയുടെ പ്രത്യേകിച്ചും പാവപ്പെട്ടവരുടെ പുനരധിവാസം പ്രധാന പ്രശ്നമായി നിലനിൽക്കുന്നു.

പുനരധിവാസ സാദ്ധ്യതകൾ

പ്രവാസികളിൽ നല്ലൊരു പങ്കും നാട്ടിലേക്ക് തിരിച്ച് വരുന്നത് ഉപജീവനത്തിനുവേണ്ടി തുടർന്നും അദ്ധ്വാനിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ്. നല്ല സമ്പാദ്യത്തോടുകൂടി തിരിച്ച് വരുന്നവരിലും വിശ്രമത്തിനു പകരം കർമ്മനിരതരായി തുടരാൻ ആഗ്രഹിക്കുന്നവർ ധാരാളമാണ്. പുറം നാടുകളിൽ നിന്നും ആർജ്ജിച്ച സമ്പാദ്യവും, സാങ്കേതിക വിജ്ഞാനവും, തൊഴിൽ നൈപുണ്യവുമാണ് പുനരധിവാസത്തിനു അവസരം അന്വേഷിക്കുന്നവരുടെ കൈമുതൽ.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന കൂലി നിരക്കുകളും, വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമവും അനുഭവപ്പെടുന്ന കേരത്തിലെ തൊഴിൽ സേനയിലേക്കുള്ള പുനപ്രവേശം പലർക്കും അസാദ്ധ്യമല്ല. ഉദാഹരണത്തിന് നിർമ്മാണരംഗത്തെ വിദഗ്ദ്ധ - അവിദഗ്ദ്ധ തൊഴിലാളികൾക്ക് പണി കണ്ടെത്തുക ശ്രമകരമല്ല. എന്നാൽ എല്ലാ തൊഴിൽ തുറകളിലേയും സ്ഥിതി ഇതല്ല. നാട്ടിൽ ലഭ്യമായ തൊഴിലുകളോട് പൊരുത്തപ്പെടാൻ തയ്യാറാവേണ്ടി വരും. കൃഷി അനുബന്ധ മേഖലകൾ, വ്യവസായം, സേവനം തുടങ്ങി ഏതു മേഖല എടുത്താലും ഭൂമിയുടെ വിലയും, ആ കെട്ടിടങ്ങളുടെ വാടകയും ബന്ധപ്പെട്ട ചെലവുകളും ഭരണപരവും നിയമപരവുമായ തടസങ്ങളും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് അംഗീകരിച്ചേ മതിയാവൂ.
പ്രവാസികളുടെ നിക്ഷേപം ഉയർത്തുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും ഭൂമിയുടെ അമിതമായ വിലയുടെയും ഉയർന്ന വാടകയുടെയും പ്രശ്നം പരിഹരിക്കുക പ്രധാനമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വ്യവസായ വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, കാർഷിക സംസ്കരണ പാർക്കുകൾ തുടങ്ങിയവ സഹായിക്കും. വരും വർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും ഈ രംഗത്ത് കടന്ന് വരും. ലൈസൻസുകളും,അനുമതികളും ലഭിക്കുന്നതിന് ഇപ്പോൾ സർക്കാർ ഒരു ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അനുമതിക്ക് അപേക്ഷിച്ച് ഒരു നിശ്ചിത തീയതിക്ക് മുമ്പ് തീർപ്പ് കൽപ്പിച്ചില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കുന്ന പരിഷ്കാരമാണ് ഈ രംഗത്ത് വരുന്നത്.
ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്‌കരണത്തിന്റെയും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പല പ്രവാസി സംഘടനകളും പുനരധിവാസ പദ്ധതികൾ തയ്യാറാക്കുകയും സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി സംഘടനകളോട് ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനും ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പലിശ കുറഞ്ഞ വായ്പകൾ നൽകാൻ ഇപ്പോൾ തന്നെ സംസ്ഥാനത്ത് സംവിധാനം ഉണ്ട്. പ്രവാസി പുനരധിവാസരംഗത്ത് സഹകരണ പ്രസ്ഥാനത്തിനും പ്രാദേശിക ഗവൺമെന്റുകൾക്കും നല്ല ഇടപെടൽ നടത്താൻ കഴിയും. അത്തരം ചില മാതൃകകൾ രൂപപ്പെട്ട് വരുന്നുണ്ട്. വിജയസാദ്ധ്യതയുള്ളവയെ പ്രോത്സാഹിപ്പിക്കാൻ കഴിയണം.
കേരളത്തിൽ നിലനിൽക്കുന്ന സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ പ്രവാസികൾക്ക് പൊതുവെ ആശ്വാസകരമാണ്. പ്രവാസികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ക്ഷേമ നടപടികളും പിന്തുണയും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാസി ക്ഷേമ ബോർഡിന് രൂപം നൽകിയിട്ടുള്ളത്. വെൽഫെയർ ബോർഡിന്റെ ഒരു പ്രധാന വരുമാന സ്രോതസ് അംഗങ്ങൾ അടയ്ക്കുന്ന പണമാണ്. വെൽഫെയർ ബോർഡിന് നൽകുന്ന സഹായം ക്രമേണ ഉയർത്താനുള്ള ശ്രമമുണ്ടാകും. അതെന്തായാലും നിലവിലെ ധനസ്രോതസുകളെ മാത്രം ആശ്രയിച്ചുകൊണ്ട് സമൂഹത്തിലെ ദുർബലരായ പ്രവാസികൾക്ക് മതിയായ സംരക്ഷണം നൽകാൻ കഴിയില്ല. പ്രവാസി സമൂഹം മുന്നിട്ടിറങ്ങിയാൽ ഈ പ്രശ്നം നിഷ്‌പ്രയാസം പരിഹരിക്കാൻ കഴിയും. സാമ്പത്തിക ശേഷിയുള്ള പ്രവാസികളിൽ നിന്നും ഉദാരമായ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ഒരു ക്ഷേമനിധി രൂപീകരിക്കുന്നത് പരിഗണിക്കാവുന്നതാണ്. ക്ഷേമനിധിയിലെ പണം പൂർണമായി പ്രവാസി ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കും എന്ന് ഉറപ്പു നൽകാൻ കഴിയും.
പ്രവാസികൾ നാട്ടിലേക്ക് എത്തിച്ച വിദേശനാണയത്തിന്റെ അമൂല്യമായ നേട്ടം കരഗതമായത് രാജ്യത്തിന് മൊത്തത്തിലാണ്. പക്ഷേ പ്രവാസത്തിന്റെ സാമൂഹ്യചെലവ് ഏതാണ്ട് പൂർണമായും വഹിക്കുന്നത് സംസ്ഥാനമാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ കൂടി സഹായം ഉപയോഗപ്പെടുത്തണം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ