28 വർഷത്തെ ഏകാന്തവാസംശേഷം 'ബാബു' കൂടുമാറി
January 12, 2018, 2:37 pm
ശരണ്യഭുവനേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ 30 വർഷം ജീവിച്ച കൂട് ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശയും സങ്കടവും ആ മുഖത്ത് കാണാം. അതുകൊണ്ടുതന്നെ പുതുതായി കിട്ടിയ കൂട്ടുകാരെ ആശങ്കയോടെ നോക്കി ഒരു മൂലയിൽ സ്വയം ഒതുങ്ങിക്കൂടി. എന്നാൽ, കൂട്ടിലുള്ള മറ്റുള്ളവർ കൂട്ടുകൂടാനും സ്നേഹം പ്രകടിപ്പിക്കാനും ധൃതി കാട്ടുകയും ചെയ്യുന്നു. ഇത് ബാബു. 70 വയസ് പ്രായമുള്ള കഴുകൻ. തലസ്ഥാന മൃഗശാലയിലെ ഏറ്റവും പ്രായമുള്ള ജീവി.

കൂടുമാറ്റത്തിൽ മൗനിയായി
മൃഗശാല അധികൃതരുടെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ബാബുവിനെ ഹിമാലയൻ - ബംഗാൾ കഴുകന്മാർക്കൊപ്പം മറ്റൊരു കൂട്ടിലേക്ക് ഇന്നലെ മാറ്റിയത്. എന്നാൽ, പുതിയ ചുറ്റുപാടിനോട് യോജിക്കാനാവാതെ മൗനത്തിലാണ് ബാബുവിപ്പോൾ. അതുകൊണ്ടുതന്നെ അവന്റെ ഓരോ ചലനവും വീക്ഷിക്കുന്നതിനായി കൂടിന് സമീപം ഒരു ജീവനക്കാരനെ സ്ഥിരം ഡ്യൂട്ടിക്കിട്ടിരിക്കുകയാണ് അധികൃതർ.

പത്തനംതിട്ടക്കാരൻ
1988ൽ പത്തനംതിട്ടയിലെ കാഞ്ഞിരൻപാറ വനപ്രദേശത്തു നിന്നാണ് കരിങ്കഴുകനായ ബാബുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തലസ്ഥാനത്തെ മൃഗശാലയിൽ എത്തിക്കുന്നത്. അന്ന് ഏകദേശം നാൽപത് വയസോളം പ്രായമുണ്ടായിരുന്നു. നാട്ടിൽ സ്ഥിരം ശല്യക്കാരനായതിനാൽ നാട്ടുകാർ പിടികൂടി ഫോറസ്റ്റുകാരെ ഏൽപ്പിച്ചതാകാം ബാബുവിനെ എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ഉയർന്നു പറക്കുന്ന പക്ഷികളിൽ ഏറ്റവും ഭാരമുള്ള പക്ഷികളിൽ ഒന്നാണ് കരിങ്കഴുകൻ. ഏകദേശം 120 വയസുവരെ കരിങ്കഴുകൻ ജീവിക്കുമത്രേ.

മുക്കാൽകിലോ ബീഫ്
ഇരപിടിയൻ പക്ഷികളെ ഒരുമിച്ച് പാർപ്പിക്കണമെന്ന മൃഗശാല അധികൃതരുടെ പുതിയ പരിഷ്കാരത്തിന്റെ ഭാഗമായാണ് ബാബുവിനെ മറ്റ് പക്ഷികൾക്കൊപ്പം താമസിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. 1857 കാലത്ത് രാജാവ് നഗരമദ്ധ്യത്തിൽ കാഴ്ച ബംഗ്ലാവ് സ്ഥാപിച്ചപ്പോൾ പണികഴിപ്പിച്ച കൂടുകളിൽ ഒന്നിലാണ് ബാബു കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി ഒറ്റയ്‌ക്ക് കഴിഞ്ഞത്. തലസ്ഥാനത്ത് എത്തിച്ച കാലം മുതൽ ഇവിടെയാണ് ബാബുവിന്റെ വാസം. ദിവസത്തിലൊരിക്കൽ ഭക്ഷണം നൽകാനും കൂടുവൃത്തിയാക്കാനുമായി എത്തുന്ന രാധാകൃഷ്ണനാണ് ബാബുവിന്റെ കൂട്ടിലെത്തുന്ന ഏക അതിഥി. മൂക്കാൽ കിലോ ബീഫാണ് ബാബുവിന്റെ ആഹാരം. അത് ഒറ്റനേരം കൊണ്ട് അകത്താക്കും. കഴിച്ച് ബാക്കി വന്നാൽ പോലും പിന്നീട് കഴിക്കില്ല. അതാണ് ബാബുവിന്റെ ശീലം. കൂടുവൃത്തിയാക്കാൻ സ്ഥലം നൽകുന്നതിന് കൂടിന്റെ ഒരു അരികിലേക്ക് അവൻ മാറി നിൽക്കാറുണ്ടെന്ന് രാധാകൃഷ്ണൻ പറയുന്നു. എന്നാൽ, കൊഴിഞ്ഞു വീണ് കൂട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന തൂവലുകളിൽ തൊട്ടാൽ ബാബു ഉഗ്രരൂപിയാകും. കൊത്താനോടിക്കും. ബാബുവിന്റെ ഈ സ്വഭാവം അറിയാവുന്നതിനാൽ തൂവലുകളിലേക്ക് നോക്കാറുപോലുമില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു. കഷ്ടിച്ച് ചുറ്റിനടക്കാനുള്ള വിസ്‌താരം മാത്രമാണ് ഈ കൂടിനുണ്ടായിരുന്നത്.

പതിനാലാം വയസിലെ കൂടിക്കാഴ്ച
കഴുകൻ മുത്തച്ഛന്റെ കാര്യങ്ങളെല്ലാം മുടങ്ങാതെ നോക്കുന്നത് മ‌ഞ്ചവിളാകം സ്വദേശി ടി.ആർ.രാധാകൃഷ്ണനാണ്. ആദ്യമായി രാധാകൃ‌ഷ്ണൻ ഇതിനെ കാണുന്നത് പതിനാലാം വയസിൽ സ്‌‌കൂളിൽ നിന്ന് മൃഗശാല സന്ദർശിക്കാനെത്തിയപ്പോൾ. ഒരു കൂട്ടിൽ തനിയെ രാജപ്രൗഢിയിലായിരുന്നു അന്ന് ബാബു. ശേഷം തന്റെ 28 വയസിൽ ജീവനക്കാരനായി രാധാകൃഷ്ണൻ എത്തി. തുടർന്ന് രാധാകൃഷ്ണനായി ബാബുവിന്റെ പരിചാരകൻ. രാധാകൃഷ്ണൻ 'ബാബൂ' വെന്ന് വിളിച്ച് കൂടിനടുത്തെത്തുമ്പോൾ അവൻ കൂടിന്റെ ഇരുമ്പഴിയ്ക്കടുത്തെത്തി സ്‌നേഹത്തോടെ നോക്കുമെന്നും രാധാകൃഷ്ണൻ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ