തെറ്റെന്നു പറയാൻ എങ്ങനെ പറ്റും?
January 12, 2018, 12:54 am
പാതയോരത്തുള്ള പൊലീസ് സ്റ്റേഷൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ശുചിമുറി അല്ലെന്നു ഏവർക്കുമറിയാം. എന്നാൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയത് ഇത്തരത്തിലൊരു സംഗതിയുടെ പേരിലാണ്. കണ്ണൂരിലെ സി.പി.എം നേതാവ് പി. ജയരാജന്റെ പുത്രൻ ആശിഷ് രാജ് ഉൾപ്പെട്ട ഈ വിവാദത്തിൽ പതിവുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുപക്ഷത്തും ആളുകളുണ്ട്. അത് എന്തുതന്നെയായാലും ഈ ശുചിമുറി വിവാദം വിരൽ ചൂണ്ടുന്നത് അടിസ്ഥാനപരമായ ഒരു ഗൗരവ വിഷയത്തിലാണ്. ദീർഘയാത്രയ്ക്കിറങ്ങുന്നവർ എപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണ് പൊതുശൗചാലയങ്ങളുടെ അഭാവം. ഇക്കാര്യത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീജനങ്ങൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ചില്ലറയൊന്നുമല്ല. കേരളം എല്ലാ മേഖലകളിലും ഏറെ പുരോഗതിയും നേട്ടവും കൈവരിച്ചെന്ന് അവകാശപ്പെടുമ്പോഴും ഈ അടിസ്ഥാന പ്രശ്നത്തിന് പരിഹാരം കാണാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ വിമുഖതയാണ്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെച്ചൊല്ലി നടന്ന വാക്കുതർക്കവും ചീത്തവിളിയും നിർഭാഗ്യകരമായിപ്പോയെന്നു സമ്മതിക്കവെതന്നെ സമൂഹം ആവശ്യപ്പെടുന്ന ഒരു അടിസ്ഥാന ആവശ്യത്തോട് ഭരണകൂട സംവിധാനങ്ങളും അവയിലെ ആൾക്കാരും എത്രമാത്രം മുഖം തിരിഞ്ഞാണ് നിൽക്കുന്നതെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ സംഭവം.
പൊലീസ് സ്റ്റേഷൻ വഴിയേ പോകുന്നവർക്കൊക്കെ കയറി മലമൂത്ര വിസർജ്ജനം നടത്താനുള്ള സ്ഥലമല്ലെന്നത് സർവ്വരും അംഗീകരിക്കുന്ന സത്യമാണ്. പ്രാണഭയമുള്ള ആരും സാധാരണഗതിയിൽ ആ സാഹസത്തിനു മുതിരുകയുമില്ല. ജയരാജന്റെ പുത്രൻ ആശിഷ് പെൺകുട്ടികളടങ്ങുന്ന വിദ്യാർത്ഥി സംഘത്തോടൊപ്പം മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ശങ്ക തീർക്കാനെത്തിയത് ഒരുപക്ഷേ അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെ പുറത്തായിരിക്കാം. പൊലീസിന്റെ ഭാഗത്തുനിന്ന് എതിർപ്പൊന്നുമുണ്ടാകാനിടയില്ല എന്നും ധരിച്ചുകാണും. അതേസമയംതന്നെ തീരെ നിവർത്തിയില്ലാത്ത ഘട്ടത്തിൽ ടോയ്‌ലറ്റ് സൗകര്യം തേടിയെത്തിയ വിദ്യാർത്ഥി സംഘത്തെ പൊലീസ് മുറകാണിച്ച് മടക്കി അയച്ചതിനുപിന്നിൽ തെളിയുന്നത് കാലത്തിനൊപ്പം മാറാൻ മടിക്കുന്ന പൊലീസിന്റെ പഴയ ഇരുണ്ട മുഖം തന്നെയാണ്. സംഘത്തിലെ മൂന്നോ നാലോ പെൺകുട്ടികൾക്കു മാത്രമേ ടോയ്‌ലറ്റ് സൗകര്യം ആവശ്യമായിരുന്നുള്ളൂ എന്നുപറഞ്ഞിട്ടും അനുവദിക്കാതിരുന്നതാണ് സംഘനേതാവിനെ പ്രകോപിപ്പിച്ചതും കാര്യങ്ങൾ വഴക്കിൽ കലാശിച്ചതും. പൊലീസ് സ്റ്റേഷനുകളുടെ മുൻവശത്ത് വലിയ അക്ഷരത്തിൽ ജനമൈത്രി സ്റ്റേഷൻ എന്ന് എഴുതിവച്ചതുകൊണ്ടുമാത്രമായില്ല. അത്യസാധാരണ സാഹചര്യങ്ങളിൽ സഹായം തേടിയെത്തുന്നവർക്ക് അതു നൽകാൻകൂടി സന്നദ്ധത കാണിക്കുമ്പോഴാണ് ജനമൈത്രി എന്ന വാക്ക് അർത്ഥസമ്പുഷ്ടമാകുന്നത്. ബസ് സ്റ്റാൻഡിലും ടൗണിലെ ഹോട്ടലുകളിലും ശൗചാലയങ്ങളുണ്ടാകാം. പ്രാഥമികാവശ്യം നിറവേറ്റാൻ വഴി യാത്രക്കാർക്ക് ആശ്രയം അതുതന്നെയാണ്. എന്നാൽ സന്ദർഭവശാൽ ഏതാനും കുട്ടികൾ ഇതേ ആവശ്യത്തിനായി ഒരു പൊലീസ് സ്റ്റേഷനിൽ സഹായമഭ്യർത്ഥിച്ച് എത്തിയാൽ അത് സാധിച്ചുകൊടുക്കാനുള്ള മനുഷ്യസഹജമായ ഹൃദയവിശാലതയാണ് പൊലീസിന് ഉണ്ടാകേണ്ടത്. പൊലീസിന്റെ അധികാരത്തിലുള്ള കൈകടത്തലോ നിന്ദയോ ആയി ഇതിനെ കാണുകയും വേണ്ട. ഒരിക്കൽ അനുവാദം നൽകി എന്നുവച്ച് തുടർന്നും വഴിയാത്രക്കാരെല്ലാം പൊലീസ് സ്റ്റേഷൻ ഇതേ ആവശ്യത്തിനായി കയറിയിറങ്ങുമെന്ന ആശങ്കയും അസ്ഥാനത്താണ്. കാരണം ആളുകൾക്ക് പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ ഇപ്പോഴും ഭയമാണ്.
കൈകാര്യം ചെയ്തു വഷളാക്കിയ ഒരു നിസാര സംഭവമാണ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്. അതാകട്ടെ പൊലീസിനെ കൂടുതൽ ജനാഭിമുഖ്യമുള്ളതാക്കാൻ സർക്കാർ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ ഇനിയും കൂടുതൽ ഊർജ്ജിതമാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഹൈവേകളിൽ സർക്കാർ നേരിട്ടോ തദ്ദേശ സ്ഥാപനങ്ങൾവഴിയോ ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്ഥാപിക്കാൻ നടപടികളുണ്ടാകണം. വിനോദസഞ്ചാര വകുപ്പും തദ്ദേശ സ്ഥാപനങ്ങളും മനസിരുത്തിയാൽ അനായാസം ഇതൊക്കെ ഏർപ്പെടുത്താവുന്നതേയുള്ളൂ. വഴിയോര വിശ്രമ കേന്ദ്രങ്ങളെക്കുറിച്ച് എത്രയോ വർഷമായി കേൾക്കുന്നതാണ്. അങ്ങിങ്ങായി ഏതാനും എണ്ണം നിലവിൽ വന്നതല്ലാതെ പദ്ധതി മുന്നോട്ടുപോയിട്ടില്ല. വഴിയോരത്ത് സൗകര്യം ലഭ്യമായിരുന്നെങ്കിൽ നേതാവിന്റെ പുത്രൻ വിദ്യാർത്ഥി സംഘത്തെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുമായിരുന്നില്ല. ഗതിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ യാത്രക്കാരും ഇത് അനുകരിക്കാൻ ഇടനൽകാതെ പരിഹാര നടപടിക്ക് സർക്കാർ മുൻകൈയെടുക്കുകയാണ് വേണ്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.