പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ മുതൽ മഞ്ഞച്ചന്ദനം
January 14, 2018, 4:50 pm
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചന്ദനം അരയ്ക്കുന്നതിന് പുതിയ യന്ത്രം എത്തി. വഴുതയ്ക്കാട് സ്വദേശിയും ഇൻഡസ്ട്രിയൽ ഡിസൈനറുമായ  കസ്തൂരി അനിരുദ്ധനാണ് ഇത് ഡിസൈൻ ചെയ്തതും സ്വന്തം ചെലവിൽ ക്ഷേത്രത്തിൽ സമർപ്പിച്ചതും. മകര സംക്രാന്തി ദിനമായ ഇന്ന് രാവിലെ പത്ത് മണിക്ക് പടിഞ്ഞാറെ നടയിലെത്തി അദ്ദേഹം യന്ത്രംക്ഷേത്രത്തിന് സമർപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ ഏറ്രുവാങ്ങി. ക്ഷേത്രത്തിനകത്ത്  വൈകിട്ട് 4.15 ന് നടന്ന ചടങ്ങിൽ വച്ച് ക്ഷേത്രം തന്ത്രി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഇനി ക്ഷേത്രത്തിലെ ശാന്തിക്കാർക്ക് ചന്ദനമരയ്ക്കാനുള്ള പരിശീലനം നൽകും. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അധിക വൈദ്യുതി പ്രവാഹം ഉണ്ടായാൽ നേരിടാനുള്ള സുരക്ഷ മുൻ കരുതലും ഇതിലുണ്ട്.

ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും മഞ്ഞചന്ദനം വിതരണം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ചന്ദനത്തിന്റെ കൂടെ കുങ്കുമവും ചേർത്താണ് മഞ്ഞച്ചന്ദനം ഉണ്ടാക്കുന്നത്. കുങ്കുമത്തിന് ഓർഡർ നൽകിയതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിപണിയിൽ കിട്ടുന്ന കാവിപ്പൊടി ഉപയോഗിക്കുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് കെ.എൻ.സതീഷ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ മഞ്ഞച്ചന്ദനം നിറുത്തിയത്. തുടർന്ന് ചന്ദനത്തിനുള്ള ലൈസൻസ് ക്ഷേത്രം സമ്പാദിക്കുകയും ആവശ്യത്തിന് ചന്ദനം വാങ്ങി ശേഖരിക്കുകയുമായിരുന്നു. ഇപ്പോൾ കുങ്കുമത്തിന് കൂടി ഓർഡർ നൽകിയതോടെ മഞ്ഞച്ചന്ദനം ക്ഷേത്രത്തിലേക്ക് തിരിച്ചുവരും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ