കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹം: കുമ്മനം
January 14, 2018, 5:51 pm
തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന് പ്രസ്താവിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സി.പി.എം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സമീപനമാണ് സി.പി.എം നേതാവിന്റേത്. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാനാവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം. ഇന്ത്യ - ചൈന ബന്ധം വഷളായ സമയത്താണ് സി.പി.എം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എന്നത് ഗൗരവതരമാണ്. രാജ്യം പാകിസ്ഥാനിൽ നിന്നുള്ളതിനേക്കാൾ ഭീഷണി ചൈനയിൽ നിന്നാണ് നേരിടുന്നതെന്ന് കരസേനാ മേധാവി വെളിപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിന് വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യാ- ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സി.പി.എം. അന്ന് തന്നെ സി.പി.എമ്മിനെ നിരോധിക്കേണ്ടതായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബി.ജെ.പിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവന. ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉപേക്ഷിച്ചില്ല. ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയേയും ചൈനയേയും കോടിയേരിയും പിണറായിയും പ്രകീർത്തിക്കുന്നത് ജനാധിപത്യത്തിൽ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന ഈ നേതാക്കൾ വോട്ടിന് വേണ്ടിയാണ് കപട വേഷം അണിയുന്നതെന്നും കുമ്മനം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ