ജുഡിഷ്യറിയിലെ സുതാര്യതജനങ്ങളുടെ അവകാശം
January 14, 2018, 12:00 am
എഡിറ്റോറിയൽ
രാജ്യത്തെ പരമോന്നത കോടതിയെക്കുറിച്ച് ജനം വച്ചുപുലർത്തിയിരുന്ന സങ്കല്പങ്ങളെ അല്പമൊന്ന് ഉലയ്ക്കുന്നതാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി. ലോക്കൂർ എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനം. ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര ക​ഴി​ഞ്ഞാൽ സു​പ്രീം​കോ​ട​തി​യിൽ സീ​നി​യോ​റി​ട്ടി​യിൽ ഏ​റ്റ​വും മു​ന്നി​ൽ നിൽക്കുന്ന ഈ നാല് പേരും അ​തി​പ്ര​ഗ​ത്ഭ​രാണ്. സുപ്രീംകോടതിയിലെ
ഭരണനിർവ്വഹണം ശരിയായ രീതിയിലല്ലെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമാണ് വാർത്താസമ്മേളനത്തിലെ പരാമർശങ്ങളുടെ രത്നച്ചുരുക്കം. ആ ന്യായാധിപന്മാർ തന്നെ വ്യക്തമാക്കിയത് പോലെ, രാജ്യത്തിന്റെയും ജുഡിഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണ സംഭവം തന്നെയാണ് ഇത്. അസാധാരണ സാഹചര്യങ്ങൾ അസാധാരണ സംഭവവികാസങ്ങൾക്കും പരിണാമങ്ങൾക്കും ഇടവരുത്തും. കാലത്തിന്റെ ഭാവപ്പകർച്ചകളെക്കുറിച്ചും ലോകചരിത്രത്തിന്റെ ഗതിവിഗതികളെക്കുറിച്ചും അറിയാത്തവർക്കേ അതിൽ അമ്പരപ്പ് തോന്നൂ.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പും ഒരു അസാധാരണ സംഭവം നടന്നിരുന്നു. സിറ്റിംഗ് ജഡ്ജിയായിരുന്ന ജസ്റ്റിസ് സി.എസ്. കർണ്ണനെ കോടതിയലക്ഷ്യത്തിന് തടവിലിടാൻ പരമോന്നത കോടതി വിധിച്ചു. എത്രയെങ്കിലും കുറ്റവാളികൾക്ക് തടവുശിക്ഷ വിധിച്ചിട്ടുള്ള അദ്ദേഹം ആറ് മാസം തടങ്കലിലായിരുന്നു. ജുഡിഷ്യറിയിൽ വിശുദ്ധി ഇല്ലാത്തവരുമുണ്ടെന്ന് പരസ്യമായി പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കുറ്റം. തടവറയിലേക്ക് പോകും മുമ്പ് അദ്ദേഹം സങ്കടത്തോടെ പറയുകയുണ്ടായി, ഒരു ദളിതനായിപ്പോയതാണ് തന്റെ യഥാർത്ഥ കുറ്റമെന്ന്. ജനങ്ങൾക്ക് എന്നേ അറിയാം, കുറ്റങ്ങളിൽ തന്നെ ശരിയും തെറ്റുമുണ്ടെന്ന്. അതുകൊണ്ടാവാം, അദ്ദേഹത്തിന്റെ വിലാപം കേൾക്കാൻ ഏറെ പേരുണ്ടായിരുന്നില്ല. ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി തടവിലാക്കപ്പെട്ട സംഭവം രാജ്യത്തെ നീതിന്യായചരിത്രത്തിലെ ഒരു കറുത്ത ഏടാണെന്ന് ആരും വിലയിരുത്തിയതുമില്ല.
എന്നാൽ, ഇപ്പോൾ പരിണതപ്രജ്ഞരായ നാല് ന്യായാധിപന്മാർ വാർത്താസമ്മേളനത്തിലൂടെ ജനങ്ങളോട് നേരിട്ട് സംവദിച്ചപ്പോൾ പരമോന്നത നീതിപീഠം കളങ്കപ്പെട്ടുവെന്നാണ് നീതിന്യായ രംഗത്തെ ഒരു വിഭാഗത്തിന്റെ വാദഗതി. വാർത്താസമ്മേളനത്തിലെ വാക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാകും നീതിനിർവഹണത്തെക്കുറിച്ചല്ല, സുപ്രീംകോടതിയിലെ ഭരണ നിർവഹണത്തിലെ അപാകതകളെക്കുറിച്ചായിരുന്നു പരാമർശങ്ങളെന്ന്. നീതിനിർവഹണവുമായി കെട്ടുപിണഞ്ഞുകിടക്കുന്നത് തന്നെയാവാം ഭരണനിർവഹണത്തിലെ ഔചിത്യമില്ലായ്മ. പക്ഷേ, രണ്ടിനെയും ബന്ധിപ്പിക്കുന്ന ചരടുകൾ അനാവരണം ചെയ്യപ്പെട്ടില്ല. ആ നിലയ്ക്ക് എന്ത് കളങ്കപ്പെട്ടുവെന്നാണ് പറയുന്നതെന്ന് ഇനി വേണം വ്യക്തമാകാൻ.
ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ എക്സിക്യുട്ടീവിലും ലെജിസ്ളേച്ചറിലും നിന്ന് മാത്രമല്ല, ജുഡിഷ്യറിയിൽ നിന്നും ജനം സുതാര്യത പ്രതീക്ഷിക്കുന്നുണ്ട്. സുപ്രീംകോടതി ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത് പരമോന്നത നീതിപീഠത്തിന് ഒരു കളങ്കമായി മാറിയെന്ന് വാദിക്കുന്നവർ അത് മനസിലാക്കണം. നീതിനിർവഹണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് രഹസ്യത്തിന്റെ വൻമതിലുകൾ നിലനിറുത്തിയല്ല. പരിശുദ്ധിയുള്ളവർ എന്തിന് സുതാര്യതയെ ആശങ്കയോടെ കാണണം.
ന്യായാധിപന്മാർ ജനങ്ങളോട് സംവദിക്കുന്നത് രാജ്യത്തെ നിയമസംഹിത വിലക്കിയിട്ടുണ്ടോ? അലിഖിത നിയമങ്ങൾ ചക്രവർത്തിമാരുടെ കാലത്തെ പ്രതിഭാസമാണ്. ചക്രവർത്തിമാരുടെ കല്പനകളായിരുന്നു നിയമങ്ങൾ. ലിഖിതരൂപം ആവശ്യമായിരുന്നില്ല. ചക്രവർത്തിമാരാകട്ടെ, ജനങ്ങളുടെ ആഗ്രഹങ്ങൾക്കോ അഭിലാഷങ്ങൾക്കോ വില കല്പിച്ചിരുന്നുമില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുമുണ്ട്, ബ്രിട്ടീഷ് ചക്രവർത്തിയുടെ ഭരണകാലത്തിന്റെ ചില ശീലക്കേടുകൾ. അലിഖിത നിയമങ്ങളായാണ് അവ നിലനിൽക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം അലിഖിത നിയമങ്ങൾ പുനർവായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ന്യായാധിപന്മാരുടെ വാർത്താസമ്മേളനം പരമോന്നത നീതിപീഠത്തിന് എന്തെങ്കിലും കളങ്കമേല്പിച്ചുവെന്ന് സാധാരണക്കാർ കരുതുന്നില്ല. ജനങ്ങളെ അഭിസംബോധന ചെയ്തതിലൂടെ ന്യായാധിപന്മാർ പ്രകടമാക്കിയ ആർജ്ജവത്തെ സാധാരണക്കാർ എന്തിന് സന്ദേഹത്തോടെ കാണണം. ഒരു ശുദ്ധീകരണകർമ്മം അനുഷ്ഠിക്കുന്നത് പോലെയേ ആ വാർത്താസമ്മേളനം അനുഭവപ്പെട്ടുള്ളൂ. ജുഡിഷ്യറിയിൽ ഒരു ശുദ്ധീകരണവും ആവശ്യമില്ലെന്ന് എങ്ങനെ ശഠിക്കാനാവും. രാജ്യത്തെ ന്യായാധിപന്മാരിൽ 100 ശതമാനവും പരിശുദ്ധരാണെന്ന് ജനം വിശ്വസിക്കുന്നുണ്ടോ? ഒരു വോട്ടെടുപ്പ് നടത്തിയാൽ അറിയാം ജനങ്ങളുടെ വിശ്വാസം എന്താണെന്ന്. യാഥാർത്ഥ്യങ്ങൾ മനസിലാക്കിയിട്ട് വേണം, വാർത്താസമ്മേളനം നീതിപീഠത്തെ കളങ്കപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് എടുത്തുചാടാൻ.
ജുഡിഷ്യറിയുടെ പരിശുദ്ധി സംരക്ഷിക്കാൻ ഉന്നതനീതിപീഠങ്ങളിലേക്ക് ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്നതിൽ മുതൽ സുതാര്യത ആവശ്യമാണ്. തിരഞ്ഞെടുപ്പ് നീതിപൂർവ്വമാണെന്ന് എങ്ങനെ ഉറപ്പിക്കാനാവും? സുപ്രീംകോടതി ജഡ്ജിമാരിലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിലും എത്ര ദളിതരുണ്ട് ? ഈ ചോദ്യത്തിന്റെ ഉത്തരം മാത്രം മതി, നീതിപീഠങ്ങൾക്ക് ഇരുമ്പുമറ ആവശ്യമാണെന്ന് വാദിക്കുന്നവരുടെ മനസിലിരിപ്പ് വ്യക്തമാകാൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.