കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കും
January 13, 2018, 11:29 pm
 സ്റ്റാർട്ട് അപ്പുകൾക്ക് 25 ലക്ഷം രൂപ ഈടില്ലാതെ വായ്പ
 വിവിധ ലൈസൻസുകൾക്ക് സംയുക്ത പരിശോധന
തിരുവനന്തപുരം: നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള വ്യവസായ വാണിജ്യ നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ലോക കേരള സഭയുടെ വ്യാവസായ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാസി മലയാളികൾക്ക് നിക്ഷേപം നടത്താൻ അനുകൂല അന്തരീക്ഷമാണ് കേരളത്തിലുള്ളത്. വ്യവസായ എസ്റ്റേറ്റുകളിൽ അനുവദിച്ച സ്ഥലത്തിന്റെ 5% പ്രവാസികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സമ്മേളനത്തിൽ ഉയർന്നു വന്ന നി‌ർദ്ദേശങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിലെ വ്യവസായ സാദ്ധ്യത വ്യക്തമാക്കുന്ന റിപ്പോർട്ട് കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. എം. ബീന അവതരിപ്പിച്ചു. കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ പട്ടണമായി വികസിപ്പിക്കും. കൊച്ചി കപ്പൽ നിർമ്മാണശാല എട്ട് അന്തർവാഹിനികൾ നിർമിക്കാൻ ശേഷിയുള്ള വിധത്തിൽ വികസിപ്പിക്കുന്നതോടെ വ്യവസായ മേഖലയിൽ കൂടുതൽ സാദ്ധ്യത തെളിയും. ഐ.ടി ഇതര മേഖലകളിലും സ്റ്റാർട്ട് അപ് സംരംഭങ്ങൾ തുടങ്ങും. ഇതിനായി 25 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകും. വ്യവസായികളെ തന്നെ ബ്രാൻ‌ഡ് അംബാസഡർമാരാക്കും.
മുള തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമിക്കാനുള്ള വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രൊഫഷണൽ മാനേജർമാരെ നിയമിക്കും. ഒരേ ഉല്പന്നം നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കും. വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമേമേ പഞ്ചായത്തുകൾക്ക് ഇനി സ്റ്റോപ്പ് മെമോ നൽകാനാവൂ. വിവിധ ലൈസൻസുകൾ നൽകുന്നതിനായി സംയുക്ത പരിശോധന നടത്തും.
തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എം.പി, എം.എൽ.എ.മാരായ സി.കെ. നാണു, വി.കെ.സി. മമ്മദ് കോയ, കെ.എസ്. ശബരിനാഥ്, കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻ പിള്ള തുടങ്ങിയവരും പങ്കെടുത്തു.

വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ
 തേങ്ങ, ചക്ക തുടങ്ങി തനതു കാർഷിക വിളകളുപയോഗിച്ചുള്ള ഉല്പന്നങ്ങളുടെ വിദേശ വിപണി സാദ്ധ്യത പ്രയോജനപ്പെടുത്തണം
 ഹെൽത്ത് ടെക്‌നോളജി രംഗത്തെ നിക്ഷേപക സാദ്ധ്യത പ്രയോജനപ്പെടുത്തണം
 ജപ്പാൻ, സ്‌കാൻഡിനേവിയൻ രാജ്യങ്ങളുമായുള്ള സഹകരണത്തിന് പ്രധാന്യം നൽകണം  സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ കമ്പനികൾ രൂപീകരിച്ച് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യണം
 ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയുടെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ