ഐക്യ സന്ദേശം പകർന്ന് ലോകകേരള സഭ സമാപിച്ചു
January 14, 2018, 12:26 am
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വികസന കാര്യത്തിൽ ഭരണവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമുയർത്തി ലോക കേരള സഭ സമാപിച്ചു. നാടിന്റെ വികസനകാര്യത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാകണം എന്നതിന്റെ തുടക്കം കുറിക്കാൻ ലോക കേരളസഭയ്ക്കു കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നവകേരള സൃഷ്ടിക്കായി ഒന്നിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതിനു ശേഷം സമാപന ചടങ്ങ് ഉദ്ഘാടകനായ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ വാക്കുകൾ ഇങ്ങനെ '' ദാ നോക്കൂ, വികസന കാര്യമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടുത്തടുത്തിരുന്ന് ചർച്ച ചെയ്യുന്നത്. ഇത് നല്ലതാണ്''- നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് ആ വാക്കുകളെ സ്വീകരിച്ചത്.
പ്രവസികളുടെ കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് ഗവർണർ പറഞ്ഞു. പ്രവാസികൾക്കു വേണ്ടി ലോകകേരള സഭയിൽ ആരോഗ്യകരമായ ചർച്ചകളാണ് നടന്നത്. കേരളം ഇന്ന് ഭൂമിശാസത്രപരമായ അതിർത്തിക്കപ്പുറത്തേക്ക് കേരളം വളർന്നിരിക്കുന്നു. സംസ്ഥാനത്തെ 50 ലക്ഷം പേരാണ് പ്രവാസികളുടെ വരുമാനം കൊണ്ട് ജീവിക്കുന്നത് എന്നാണ് കണക്ക്.
കേരളത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കേണ്ടതുണ്ട്. 10 ലക്ഷം പേർക്ക് ഐ.ടി മേഖലയിൽ തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് എത്തണം. ലോകത്തിൽ വിജയിച്ച നിക്ഷേപകർ കേരളത്തിൽ നിന്നുള്ളവരാണ്. ലോകത്തെവിടേയും മലയാളിയെ കാണാം. ഞാൻ മലയാളം ന്യൂസ് ചാനൽ ഉൾപ്പെടെ കാണാറുണ്ട്. അതിലെ ഗൾഫ് ന്യൂസ് ശ്രദ്ധിക്കാറുണ്ട്. ഗൾഫ് ജീവിതത്തെ കുറിച്ച് ഏറെ പരാതികൾ എനിക്ക് കിട്ടിയിട്ടുണ്ട്. അതൊക്കെ പെട്ടെന്നു തന്നെ കേന്ദ്ര വിദേശകാര്യ വകുപ്പിന് നൽകി പരിഹാരം കണ്ടിട്ടുണ്ട്. ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥ ആർക്കും വരരുത്. അനധികൃത റിക്രൂട്ടിംഗ് ഏജൻസികളില്ലാതാകെയാകണം. ഗൾഫ് റിക്രൂട്ട്മെന്റിൽ സർക്കാർ സംവിധാനം സുതാര്യമാകണം. വിദേശത്ത് ജോലിചെയ്യുന്ന ധാരാളം പേർ മിനിമം വേതനം കിട്ടാതെ വിഷമിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
ലോകത്തെവിടെയായാലും നാടും രാജ്യവും പ്രവാസികൾക്കൊപ്പമുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയിൽ എം.പിമാരും എം.എൽ.എമാരും സ്ഥിരാംഗങ്ങളാണ് കൂടാതെ പ്രവാസികളിൽ 151 പേർ അംഗങ്ങളാകും. ഓരോ രണ്ടു വർഷം കൂടുന്തോറും സ്ഥിരമല്ലാത്ത അംഗങ്ങൾ മാറും- അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് ജിമ്മും ലോകമലയാളി സമ്മേളനവുമൊക്കെ നടന്നപ്പോൾ പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. ഇപ്പോൾ സഹകരിച്ചുകൊണ്ട് പ്രതിപക്ഷം പുതിയ തുടക്കമിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വികസന കാര്യത്തിൽ ഇരുപക്ഷത്തിനും ഒരുമിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ.പ്രശാന്ത്, വിജയൻപിള്ള എം.എൽ.എ, കൗൺസിലർ പാളയം രാജൻ, പ്രവാസി വ്യവസായികളായ രവി പിള്ള, അനിരുദ്ധൻ, നോർക്ക് റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ എന്നിവർ സംബന്ധിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ