കാമറകൾ കണ്ണടച്ചു; കുറ്റവാളികൾക്ക് ജയിലിൽ പരമസുഖം...!
February 6, 2018, 8:35 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: ഏഴുപേരെ തലയ്ക്കടിച്ചുകൊന്ന, ഇടയ്ക്കിടെ തടവുചാടുന്ന റിപ്പർ ജയാനന്ദനടക്കം 10 പേർ വധശിക്ഷ കാത്തുകഴിയുന്ന പൂജപ്പുരയിലടക്കം ഒറ്റ ജയിലിലും നിരീക്ഷണകാമറകൾ പ്രവർത്തിക്കുന്നില്ല. കൊടുംകുറ്റവാളികൾ ജയിലറകളിൽ നിന്ന് ഫോൺവിളിച്ച് ക്വട്ടേഷൻ ആസൂത്രണം ചെയ്യുന്നു, പണത്തിനായി വിലപേശുന്നു... കാമറകൾ ഒന്നുമറിയുന്നില്ല.

മൂന്ന് സെൻട്രൽ ജയിലുകളിലടക്കം കാമറകൾ സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് ടെൻഡർ വിളിച്ചിരുന്നു. കരാർ തുറന്നപ്പോൾ മികവുറ്റ ഒരു കമ്പനിയുമില്ല. നേരിട്ട് കരാറെടുക്കുന്നത് കമ്പനികൾക്ക് ലാഭമല്ല. അറ്റകുറ്റപ്പണി കൃത്യമായി നടത്തേണ്ടത് നിയമപരമായ ബാദ്ധ്യതയായി മാറും. അതിനാൽ ടെൻഡർ പൊളിക്കുകയെന്ന തന്ത്രമാണ് കമ്പനികൾ പയറ്റിയത്.

ഈ സാഹചര്യത്തിൽ കാമറകൾക്കുള്ള പൊതുടെൻഡർ ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഇനി സ്വകാര്യകമ്പനികളെ ഒഴിവാക്കി കെൽട്രോണുമായും ബി.എസ്.എൻ.എല്ലുമായും കൂടിയാലോചന നടത്തും. 19 ജയിലുകളിലാണ് കാമറാനിരീക്ഷണം ഒരുക്കേണ്ടത്. കുറ്റവാളികളെ വി.ഐ.പി സുരക്ഷയിൽ കോടതിയിലെത്തിക്കുന്നതിന്റെ പ്രശ്‌നങ്ങളൊഴിവാക്കാൻ ജയിലും കോടതിയും ബന്ധിപ്പിച്ച് നടപ്പാക്കിയ വീഡിയോകോൺഫറൻസിംഗും പൊളിഞ്ഞു. 5 ജില്ലകളിൽ പദ്ധതി പരാജയപ്പെട്ടു. പൂജപ്പുര ജയിലും ജില്ലാകോടതിയും ബന്ധിപ്പിച്ചുള്ള സംവിധാനം മാത്രം പ്രവർത്തിക്കുന്നു.

ഒത്തുകളി ഇങ്ങനെ:
കെൽട്രോൺ, ബി.എസ്.എൻ.എൽ, സിഡ്കോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് കരാർ ലഭിക്കുന്നതാണ് കാമറാ കമ്പനികൾക്ക് താത്പര്യം. അവരെടുക്കുന്ന കരാർ കാമറാ കമ്പനികൾക്ക്‌ സ്വന്തമാക്കാം. കരാർ സ്വന്തമാക്കി കാമറ സ്ഥാപിക്കുന്ന ഈ കമ്പനി അറ്റകുറ്റപ്പണിക്ക് മൂന്നുവർഷത്തേക്ക് മറ്റൊരു കമ്പനിയെ ഏല്പിക്കും. ഈ കാലയളവിനുള്ളിൽ അറ്റകുറ്റപ്പണിയൊന്നും നടത്തില്ല. മൂന്നുവർഷം കഴിയുമ്പോൾ അറ്റകുറ്റപ്പണിക്ക് വൻതുക ആവശ്യപ്പെടും. ഇത് നൽകാനാവാതെ അറ്റകുറ്റപ്പണി മുടങ്ങും. കാമറകൾ നശിക്കും.

ഇപ്പോഴത്തെ സ്ഥിതി:

പൂജപ്പുര
88 കാമറകൾ നശിച്ചു. അറ്റകുറ്റപ്പണിക്ക് സിഡ്കോ തേടിയത് 43 ലക്ഷം. കൺട്രോൾറൂമിലെ യു.പി.എസും ബാറ്ററികളും പ്രവർത്തനരഹിതം. 13 ബ്ലോക്കുകളിൽ ഏഴിടത്തേ കാമറയുള്ളൂ. വീഡിയോ കോൺഫറൻസിംഗിനുള്ള രണ്ടെണ്ണം പ്രവർത്തിക്കുന്നു.

കണ്ണൂർ
58 കാമറകൾ മൂന്നരവർഷമായി നിശ്ചലം. അറ്റകുറ്റപ്പണിക്ക് രണ്ടുകോടി വേണമെന്ന് കെൽട്രോൺ. 37ഏക്കർ വിസ്തൃതിയുള്ള ജയിലിലെ മൊബൈൽ ജാമർ തടവുകാർ നശിപ്പിച്ചു. മൊബൈൽ ഫോണും ലഹരിയും സുലഭമായി കിട്ടും.

വിയ്യൂർ
60 കാമറകളും പ്രവർത്തിക്കുന്നില്ല. മൊബൈൽ ജാമർ ഉപ്പിട്ട് കേടാക്കി. രണ്ട് വീഡിയോ കോൺഫറൻസിംഗ് കാമറകൾ മൂന്നരവർഷമായി നിശ്ചലം. തടവുകാരുടെ പരിശോധനയ്ക്ക് സ്കാനറുകളില്ല. കഞ്ചാവ് സുലഭമായി കിട്ടും.

12 കോടി ശൂ...!

12.29 കോടി ചെലവിട്ടാണ് 2015ൽ 18 ജയിലുകളിൽ കാമറ സ്ഥാപിച്ചത്. ചെലവ്‌ ഇങ്ങനെ-

പൂജപ്പുര - 3,69,72,000
കണ്ണൂർ - 1,37,43,461
വിയ്യൂർ - 1,51,57,769
കോഴിക്കോട് - 1,25,00,000
കൊല്ലം - 53,00,000
എറണാകുളം - 37,00,000
ചാവക്കാട് - 8,09,900

''പൂജപ്പുരയിലെ കാമറാനിരീക്ഷണം ഉടൻ സജ്ജമാവും. കൂടുതൽ ബ്ലോക്കുകളിൽ കാമറാ നിരീക്ഷണം ഏർപ്പെടുത്തും

എസ്. സന്തോഷ് കുമാർ
ജയിൽസൂപ്രണ്ട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ