അലസിപ്പോയ മാദ്ധ്യമ വിലക്ക്
February 8, 2018, 12:10 am
ചവറ എം.എൽ.എയുടെ പുത്രൻ ഉൾപ്പെട്ട ദുബായ് സാമ്പത്തിക ഇടപാടുകേസിൽ മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതും ചർച്ച ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള കരുനാഗപ്പള്ളി സബ്കോടതി ഉത്തരവ് ഹൈക്കോടതി  സ്റ്റേ ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്  വില കല്പിക്കുന്നവരെയെല്ലാം ആഹ്ളാദിപ്പിക്കുന്നതാണ്. നിയമമോ നിയമ പാണ്ഡിത്യമോ ഒന്നുമില്ലാത്ത സാധാരണക്കാർക്കുപോലും ദഹിക്കുന്നതായിരുന്നില്ല സബ്കോടതിയുടെ അസാധാരണവും വിചിത്രവുമായ നിരോധന ഉത്തരവ്. കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാവിരുദ്ധവും ജുഡിഷ്യറിയുമേൽ അനാവശ്യ വിമർശനങ്ങൾക്ക് ഇടയാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണത്തിൽത്തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. എം.എൽ.എ പുത്രൻ ശ്രീജിത്തിനെതിരെ ദുബായിൽ നിലനിൽക്കുന്ന തർക്കത്തിൽ ചവറ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇൗ കേസുമായി ബന്ധപ്പെട്ടോ മറ്റു വിഷയങ്ങളെക്കുറിച്ചോ ഉള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനാണ് കോടതി വിലക്കേർപ്പെടുത്തിയത്. വിലക്ക് വന്നതോടെ കേസുമായി ബന്ധപ്പെട്ട് ദുബായിലെ സ്ഥാപന ഉടമ തിരുവനന്തപുരം പ്രസ് ക്ളബിൽ നടത്താൻ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. കേരളകൗമുദി ഉൾപ്പെടെ പത്ത് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽത്തന്നെ കോടതിയുടെ നിരോധന ഉത്തരവ് എത്തിച്ചിരുന്നു.

യു.എ.ഇ പൗരന്റെ നിർദ്ദിഷ്ടപത്ര സമ്മേളനത്തിൽ തനിക്കും കൂട്ടാളികൾക്കും അനിഷ്ടകരമായ പരാമർശങ്ങൾ  ഉണ്ടാകാമെന്ന് ഹർജിക്കാരനായ എം.എൽ.എ പുത്രന് ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ അയാളുടെ ആശങ്ക നിയമാധിഷ്ഠിതമായി പ്രവർത്തിക്കാൻ ബാദ്ധ്യതയുള്ള കോടതിയുടെതന്നെ ആശങ്കയായി മാറിയതെങ്ങനെയെന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരമാണ് ഹൈക്കോടതിയിൽ  നിന്നുണ്ടായിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിപീഠ നിഷ്‌പക്ഷതയ്ക്കും മറ്റെന്തിനെക്കാളും വില കല്പിക്കുന്ന നാട്ടിൽ മാദ്ധ്യമങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഹൈക്കോടതിയുടെ ഇൗ ഇടപെടൽ.

മാദ്ധ്യമങ്ങൾക്ക് പ്രസിദ്ധീകരണ വിലക്ക് ഏർപ്പെടുത്താൻ സബ്കോടതിക്ക് അധികാരമില്ലാതിരിക്കെ പുറപ്പെടുവിച്ച നിരോധന ഉത്തരവ് പ്രത്യക്ഷത്തിൽത്തന്നെ നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇത്തരത്തിലുള്ള ഒരുത്തരവ് പുറപ്പെടുവിക്കുന്നതിന്  മുൻപ് എതിർകക്ഷികളുടെ വാദം കേൾക്കണമെന്നത് കേവല നീതിമാത്രമാണ്. ഇൗ സംഭവത്തിൽ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്. കരുനാഗപ്പള്ളി സബ് കോടതി പുറപ്പെടുവിച്ച എക്‌സ്‌പാർട്ടി ഉത്തരവ് അതുകൊണ്ടുതന്നെ നിയമത്തിന് നിരക്കാത്തതും ഏകപക്ഷീയവുമാണെന്ന് വ്യക്തം. മാത്രമല്ല ഏതെങ്കിലും ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കാൻ ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ മാത്രം അധികാരമുള്ളപ്പോൾ ഒരു സബ്കോടതി സ്വയം ആ അധികാരം പ്രയോഗിച്ചത് കേട്ടുകേഴ്‌വിയില്ലാത്ത കാര്യമാണ്. കോടതി നടപടിക്രമങ്ങൾ തുറന്ന കോടതികളിൽ നടക്കുന്നതുപോലെതന്നെ ഏത് കേസുമായി ബന്ധപ്പെട്ട വാർത്തകളും വിവേചനമനുസരിച്ച്  റിപ്പോർട്ടു ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യവുമുണ്ട്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പുതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് കുടികൊള്ളുന്നത്. റിപ്പോർട്ടിൽ ആക്ഷേപകരമായി എന്തെങ്കിലുമുണ്ടെങ്കിൽ ആർക്കും നീതി പീഠത്തെ സമീപിക്കാനും അവകാശമുണ്ട്. രാജ്യം സ്വതന്ത്രയായ കാലംതൊട്ടേ അംഗീകരിക്കപ്പെട്ട ഇൗ പൊതുതത്വം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് രാജ്യത്ത് മാദ്ധ്യമങ്ങൾ ജനങ്ങളുടെ കണ്ണുംകാതുമായി സദാ നിലകൊള്ളുന്നത്. കേവലം ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വസ്തുതകൾ പൊതുജനം അറിയരുതെന്നുള്ള മിഥ്യാവാശിയിൽ കോടതിയുടെ ഇടപെടൽ തേടിയവർക്കോ നിയമവശങ്ങൾ പരിഗണിക്കാതെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചവർക്കോ പണയപ്പെടുത്താവുന്നതല്ല മാദ്ധ്യമങ്ങൾ പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യവും സമൂഹത്തോടുള്ള പ്രതിബദ്ധതയും. കോടതി നടപടികൾ രഹസ്യമല്ലാത്തിടത്തോളം കാലം അവിടെ നടക്കുന്ന കാര്യങ്ങൾ സമൂഹത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ട്. സമൂഹത്തിൽ നടക്കുന്ന തിന്മകൾ മൂടിവയ്ക്കാനല്ല പരസ്യമാക്കാനാണ് ശ്രമിക്കേണ്ടത്. മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്കും അതാണ്.

ദുബായ് പൗരന്റെ പത്രസമ്മേളന വാർത്തയ്ക്ക് മാത്രമല്ല തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കേസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കണമെന്നാവശ്യപ്പെട്ടാണ്  എം.എൽ.എ പുത്രൻ കരുനാഗപ്പള്ളി സബ്കോടതിയെ സമീപിച്ചത്. ഉന്നതരായ രാഷ്ട്രനേതാക്കളും മുൻ പ്രധാനമന്ത്രിമാരുമടക്കം അനേകംപേർ വിവിധ കോടതികളിൽ വിചാരണയ്ക്കും വിധേയരാകാറുണ്ട്. ഒരു കേസിൽ പോലും ഒരു കോടതിയും മാദ്ധ്യമങ്ങൾക്ക് വാർത്താവിലക്ക് ഏർപ്പെടുത്തിയ ചരിത്രമില്ല. അറിയാനുള്ള അവകാശത്തിനുവേണ്ടി എന്തും ത്യജിക്കാൻ ഒരുങ്ങുന്നവർ ഏറെയുള്ള കേരളത്തിലാണ് അപമാനകരമായ  ഇപ്പോഴത്തെ മാദ്ധ്യമ വിലക്കുണ്ടായതെന്നത് വിരോധാഭാസമാണ്. അതിനെക്കാൾ അത്‌ഭുതമുളവാക്കിയത് ഇതിനെതിരെ കാര്യമായ പ്രതിഷേധമാെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന് ഉയർന്നില്ലെന്നതാണ്. അസൗകര്യമുണ്ടാക്കുന്ന കാര്യം വരുമ്പോൾ മൗനമാണ് പറ്റിയ ആയുധമെന്നു കരുതുന്നതുകൊണ്ടാകാം  ഇത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ