കാംകോ അഴിമതി: മന്ത്രിയുടെ അന്വേഷണഉത്തരവ് വിജിലൻസ് പൂഴ്ത്തി
February 9, 2018, 1:25 am
കെ.പി.കൈലാസ് നാഥ്
 1000 കോടിയുടെ ക്രമക്കേട്
 കോടതി ഇടപെട്ടപ്പോൾ കേസ്
തിരുവനന്തപുരം: കേരള അഗ്രോ മെഷിനറി കോർപറേഷനിൽ (കാംകോ) ആയിരം കോടി രൂപയുടെ വെട്ടിപ്പ് നടന്നത് അന്വേഷിക്കണമെന്ന കൃഷി മന്ത്രിയുടെ ഉത്തരവ് പൂഴ്‌ത്തി എം.ഡി എൻ.കെ. മനോജ്കുമാറിനെ രക്ഷിക്കാൻ ശ്രമിച്ച വിജിലൻസ് വെട്ടിലായി. ഉത്തരവിന്മേൽ ആറു മാസമായിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ കോടതി ഇടപെട്ടപ്പോൾ കേസ് രജിസ്റ്രർ ചെയ്യാൻ തയ്യാറാകുകയായിരുന്നു. ഇക്കാര്യം സർക്കാർ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചു.
ട്രാക്റ്രർ, ടില്ലർ തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്ന അത്താണിയിലെ കാംകോ 2010 മുതൽ 2015വരെ ഉപകരണങ്ങൾ വാങ്ങിയതിൽ നടന്ന 1000 കോടി രൂപയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് 2016 മാർച്ചിൽ സി.എ.ജി സർക്കാരിനോട് ശുപാർശ ചെയ്യുകയായിരുന്നു. മന്ത്രിയുടെ അന്വേഷണ ഉത്തരവ് 2017 ആഗസ്റ്റിലിറങ്ങി. എന്നാൽ ഉത്തരവ് വിജിലൻസ് പൂഴ്ത്തി.
കാംകോ അഴിമതി അന്വേഷിക്കാത്തതിനെതിരെ ജനുവരി 18ന് പൊതുപ്രവർത്തകനായ ജോയ് കൈതാരമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചത് ഈ മാസം 5നാണ്. കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷകൻ, 2ന് തന്നെ വിജിലൻസ് അന്വേഷണ ഉത്തരവിറക്കിയെന്ന് അറിയിച്ച് രക്ഷപ്പെടുകയായിരുന്നു.

നടപടിക്ക് ശുപാർശ;
നൽകിയത് ഉന്നത പദവി
സി.എ.ജി നടപടിക്ക് ശുപാർശ ചെയ്ത മനോജ്കുമാറിനെ കരകൗശല വികസന കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറാക്കുകയിരുന്നു. സജി ബഷീറിനെ നീക്കിയ ഒഴിവിൽ കെൽപാമിന്റെ അധിക ചുമതലയും നൽകി. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ എം.ഡിയായിരിക്കെ ക്രമക്കേട് നടത്തിയതിന് ധനകാര്യ പരിശോധനാ വിഭാഗവും മനോജ്കുമാറിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.

സി.എ.ജിയുടെ
കണ്ടെത്തൽ
 ടെൻഡർ വിളിക്കാതെ 813 കോടിയുടെ സ്പെയർ പാർട്സ് വാങ്ങി
 പർച്ചേസ് ഓർഡറിൽ മാറ്റംവരുത്തി 18.34 കോടിയുടെ നഷ്ടം ഉണ്ടാക്കി
 കേരളത്തിന് പുറത്ത് നിന്ന് 36.41 കോടിക്ക് സാധനങ്ങൾ അനുവാദമില്ലാതെ വാങ്ങി
 ഇവയിൽ പലതും കേരളത്തിൽ ഉത്പാദിപ്പിക്കുന്നതായിരുന്നു
 പർച്ചേസ് മാന്വലിന്‌ വിരുദ്ധമായി 179.35 കോടിയുടെ ഉപകരണങ്ങൾ വാങ്ങി
 ഇതിലൂടെ 25.4 കോടി രൂപയുടെ നഷ്ടമുണ്ടാക്കി
 വിപണി വില പരിശോധിക്കാതെ 15.31 കോടിയുടെ ഉപകരണങ്ങൾ വാങ്ങി
 ഉയർന്ന നിരക്കിൽ വാങ്ങി വിതരണക്കാർക്ക് 43.89 കോടി ലാഭമുണ്ടാക്കിക്കൊടുത്തു
 പർച്ചേസ് ഓർഡറിൽ നിരന്തരം മാറ്റംവരുത്തി 18.34 കോടിയുടെ നഷ്ടമുണ്ടാക്കി
 അനാവശ്യമായ സ്റ്രോക്ക് ഉണ്ടാക്കി 25.42 കോടി നഷ്ടമുണ്ടാക്കി


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ