പ്ളാസ്റ്റിക്ക് നിയന്ത്രണം കർക്കശമാക്കണം
February 7, 2018, 12:10 am
                 
അന്തരീക്ഷ മലിനീകരണത്തിൽ പ്രധാന പങ്കുള്ള പ്ളാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് യാഥാർത്ഥ്യബോധം ഉൾക്കൊണ്ടുകൊണ്ടാകണം. മലിനീകരണ ഭീഷണി ഇല്ലാതാക്കാൻ സമ്പൂർണ പ്ളാസ്റ്റിക് നിരോധനമാണ് പലരും ആവശ്യപ്പെടുന്നത്. എന്നാൽ അതിന് നിലവിൽ നിയമമില്ലെന്നാണ് സർക്കാർ നിലപാട്. പ്ളാസ്റ്റിക് കാരിബാഗുകൾക്ക് പകരം ഉപയോഗിക്കാനാവുന്നവയുടെ അഭാവമാണ് സമ്പൂർണ വിലക്കിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്. നിരോധനത്തെക്കാൾ നിയന്ത്രണമാണ് അഭികാമ്യമെന്ന നിലപാടും ഉചിതം തന്നെയാണ്. അൻപത് മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം കർക്കശമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പ്ളാസ്റ്റിക് കാരിബാഗുകൾ പാടേ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള നദീസംരക്ഷണ സമിതി സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്‌മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. പ്ളാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് നിലവിൽ കേന്ദ്ര സർക്കാരിന്റെ നിയമമാണ് സംസ്ഥാനത്തിന് ബാധകം. പ്രസ്തുത നിയമത്തിൽ സമ്പൂർണ പ്ളാസ്റ്റിക് നിരോധനത്തെക്കുറിച്ച് പറയുന്നില്ല. ഇത് കൺകറന്റ് വിഷയമായതിനാൽ സംസ്ഥാനങ്ങൾക്കും സ്വന്തം ചട്ടമുണ്ടാക്കി നിരോധനം കർക്കശമാക്കാവുന്നതാണ്. സമ്പൂർണ പ്ലാസ്റ്റിക് നിരോധനം സാദ്ധ്യമായ കാര്യമല്ലെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. അതുകൊണ്ടാണ് നിരോധനത്തെക്കാൾ പ്രായോഗികം നിയന്ത്രണമാണെന്ന നിലപാടിൽ എത്തിയത്. കാരിബാഗുകളുടെ ഉപയോഗം പൂർണമായി തടയുന്നത് ജനങ്ങൾക്കും ബുദ്ധിമുട്ടാകുമെന്നു കരുതുന്നതിനാലാണ് അതിനു മുതിരാത്തതെന്ന് സർക്കാരിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്.
കാരിബാഗുകളിൽ എല്ലാത്തരം മാലിന്യങ്ങളും നിറച്ച് പാതയോരങ്ങളിലും നീർച്ചാലുകളിലും ഒഴിഞ്ഞ പുരയിടങ്ങളിലും ഉപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് എല്ലായിടത്തുമുണ്ട്. ഇത്തരത്തിലുള്ള മാലിന്യഭീഷണി അസഹനീയമായിത്തീർന്നപ്പോഴാണ് തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ പല നഗരസഭകളും പ്ലാസ്റ്റിക്കിനെതിരെ കർക്കശ നടപടികളുമായി രംഗത്തുവന്നത്. കാരിബാഗുകളുടെ വില്പനയും ഉപയോഗവും ശിക്ഷാർഹമാക്കിയ ശേഷവും നഗരത്തിൽ പല ഭാഗങ്ങളിലും മാലിന്യക്കൂനകൾക്കു കുറവൊന്നുമില്ല. നേരത്തെ ഉണ്ടായിരുന്നത്ര ഇല്ലെന്നേയുള്ളൂ. നിരോധനം ഏർപ്പെടുത്തിയപ്പോൾ ബദൽ സംവിധാനങ്ങൾ ഉണ്ടായില്ലെന്നതാണ് നിരോധനം വേണ്ടത്ര ഫലപ്രദമാകാതിരിക്കാനുള്ള മുഖ്യകാരണം. സർവരും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു പെട്ടെന്നൊരു ദിവസം പിൻവലിക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണേണ്ട ബാദ്ധ്യത നിരോധനം ഏർപ്പെടുത്തിയവർക്കുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയവ നല്ല മാർഗങ്ങളാണ്. എന്നാൽ അവ വേണ്ടത്ര ലഭ്യമാക്കാൻ നടപടിയൊന്നുമുണ്ടായില്ല. കാരിബാഗ് ഉപയോഗത്തിനെതിരായ നടപടിക്കൊപ്പം മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനും നഗരസഭകൾക്കു കഴിയണം. അപ്പോഴേ കാരിബാഗുകളുടെ ദുരുപയോഗം ഗണ്യമായ തോതിൽ കുറയ്ക്കാനാവൂ. തലസ്ഥാന നഗരിയിൽ മാലിന്യഭീഷണി രൂക്ഷമായത് കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ളാന്റിനു പൂട്ടുവീണതോടെയാണ്. പ്ളാസ്റ്റിക് സഞ്ചിയിൽ നിറച്ച മാലിന്യങ്ങൾ വഴിനീളെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും ഇതിനു ശേഷമാണ്. കരയിൽ മാത്രമല്ല വെള്ളത്തിലും അവ വൻതോതിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. പമ്പാ നദിയിൽ മൂന്ന് ദിവസം മുമ്പ് ചത്തുകിടന്ന ആനയുടെ വയറ്റിൽ കുടുങ്ങിപ്പോയ പ്ളാസ്റ്റിക്കിനെക്കുറിച്ച് വാർത്തയുണ്ടായിരുന്നു. ആന മാത്രമല്ല എല്ലാത്തരം പക്ഷിമൃഗാദികളും പ്ളാസ്റ്റിക്കിന്റെ രക്തസാക്ഷികളാകുന്നുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്ളാസ്റ്റിക് ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമാണിന്ന്. ആ നിലയ്ക്ക് ഔചിത്യപൂർണമായ അതിന്റെ ഉപയോഗവും സംസ്കരണവും ഉറപ്പാക്കുകയേ വഴിയുള്ളൂ. തെരുവുകളിലും മറ്റിടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന പ്ളാസ്റ്റിക് ശേഖരിക്കാനും സംസ്കരിക്കാനും തദ്ദേശ സ്ഥാപനങ്ങൾ മാർഗം കണ്ടെത്തണം. ഈ വിഷയത്തിൽ ജനങ്ങൾ ഇന്ന് ഏറെ ബോധവാന്മാരാണ്. ജനത്തെ ബോധവത്‌കരിക്കുന്ന ഭരണസംവിധാനങ്ങളുടെ ഭാഗത്താണ് വീഴ്ചകളും ചുമതലാരാഹിത്യവും കാണാറുള്ളത്. പ്ളാസ്റ്റിക് കാരിബാഗ് പ്രശ്നത്തിൽ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയ നിലപാടും നഗരസഭകളുടെ നിലപാടും വ്യത്യസ്തമാണന്നു കാണാം. സമ്പൂർണ നിരോധനത്തിനായി നഗരസഭ നിലകൊള്ളുമ്പോൾ അതിന് നിയമമില്ലെന്നാണ് സർക്കാർ നിലപാട്. ഇത് വലിയൊരു പൊരുത്തക്കേടാണ്. പ്ളാസ്റ്റിക് കാരിബാഗുകൾ കൊണ്ടുനടക്കുന്നതുപോലും ശിക്ഷാർഹമാണെന്ന നഗരസഭയുടെ ഉത്തരവിന് അപ്പോൾ എന്താണ് പ്രസക്തി? വർദ്ധിച്ചുവരുന്ന പ്ളാസ്റ്റിക് വിപത്ത് ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ മനുഷ്യനും പ്രകൃതിയും ഒരുപോലെ ആപത്തിലാകുമെന്ന് തീർച്ചയാണ്. നിയമമില്ലെങ്കിൽ പുതിയ നിയമം നിർമ്മിച്ചും ഈ വിപത്തിൽ നിന്ന് ഭൂമിയെയും മനുഷ്യരെയും രക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.

                   
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ