ജലസംരക്ഷണം ഇപ്പോഴേ തുടങ്ങാം
February 10, 2018, 12:52 am

കഠിന വേനലിന്റെ രൂക്ഷത ഒാർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ വേനലിലെ തിക്താനുഭവങ്ങൾ ആരും മറന്നിട്ടില്ല. തുലാവർഷം കാര്യമായി അനുഗ്രഹിച്ചതിനാൽ ഇൗ വർഷം കുടിനീർ ക്ഷാമമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജനുവരി കഴിഞ്ഞപ്പോൾത്തന്നെ നദികൾ വല്ലാതെ വരളാൻ തുടങ്ങുകയും ജലനിരപ്പ് ഭീതിദമാംവണ്ണം കുറയാൻ തുടങ്ങുകയും ചെയ്തു. നദികളെ ആശ്രയിച്ച് നടക്കുന്ന ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവർത്തനത്തിൽ ഇപ്പോഴേ നിയന്ത്രണമേർപ്പെടുത്തേണ്ട സ്ഥിതി പലേടത്തും ഉണ്ടായിട്ടുണ്ട്. ഇക്കണക്കിന് പോയാൽ കാലവർഷത്തിനുമുമ്പുള്ള നാലഞ്ചുമാസങ്ങൾ മുൻവർഷത്തെപ്പോലെ കഠിനമായിത്തീരാനാണ് സാദ്ധ്യത.
അനുഭവങ്ങളിൽനിന്ന് യാതൊന്നുംതന്നെ ആരും പഠിക്കുന്നില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജലസംരക്ഷണത്തെക്കുറിച്ചും ജലസ്രോതസുകളുടെ ദുരുപയോഗം തടയുന്നതിനെക്കുറിച്ചും ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ നിറുത്തില്ലാതെ നടന്നുപോരുന്ന ദുശ്‌ചെയ്തികളാണിതൊക്കെ. മണൽവാരിയും കരകളിടിച്ചും കൈയേറിയും നദികളെ മരണ വക്‌ത്രത്തിലേക്ക് നയിക്കാൻ എല്ലാ നാട്ടിലും മത്സരമാണ് നടക്കുന്നത്. ഇതിന് പുറമേയാണ് വൻതോതിലുള്ള മലിനപ്പെടുത്തൽ. ആവശ്യത്തിലേറെ മഴ ലഭിച്ചാലും സംരക്ഷണ നടപടികളുടെ അഭാവത്താൽ ഏറിയ പങ്കുവെള്ളവും കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ജലവിതരണ പദ്ധതികളുള്ള നദികളിലെങ്കിലും തടയണ നിർമ്മിച്ച് ജലലഭ്യത വർഷംമുഴുവൻ നിലനിറുത്താവുന്നതാണ്. വേനൽക്കാലത്ത് മാത്രം ഇതേപ്പറ്റി ചിന്തിക്കുകയും മഴ പെയ്യുന്നതോടെ ആലോചന മതിയാക്കുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്. കുറെ വർഷങ്ങളായി ജലക്ഷാമം നേരിടാത്ത ഒരു പ്രദേശവും സംസ്ഥാനത്തില്ല. എന്നിട്ടും ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നന്നേ കുറവാണ്. ഇരുകരകളും കവിഞ്ഞൊഴുകുന്ന വലിയ നദികൾപോലും തുലാവർഷം പിൻവാങ്ങുന്നതോടെ മെലിഞ്ഞ് ചെറിയ അരുവിയായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. ജലസേചന പദ്ധതികളുടെ സംഭരണികൾ മണ്ണും എക്കലുമെല്ലാം അടിഞ്ഞുകൂടി സംഭരണശേഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അവയുടെ വൃഷ്ടിപ്രദേശങ്ങളിൽ വൻതോതിൽ നശീകരണം നടക്കുന്നതിനാൽ ആവശ്യത്തിന് മഴയും ലഭിക്കാറില്ല. ഇതൊക്കെ തടയേണ്ട സർക്കാർ വകുപ്പുകളാകട്ടെ പ്രായേണ നിദ്രാവസ്ഥയിലാണ്. അണക്കെട്ടുകളുടെയും നദികളുടെയും രക്ഷയ്ക്ക് എത്തേണ്ടവർ ചുമതല മറന്നാൽ വറുതിയുടെ തിക്തഫലങ്ങൾ ജനങ്ങൾ അനുഭവിച്ചേ മതിയാകൂ.
ജലവിതരണത്തിന് ഇപ്പോൾത്തന്നെ പല സ്ഥലത്തും നിയന്ത്രണം വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയെ ആശ്രയിച്ച് പന്ത്രണ്ടോളം ജലവിതരണ പദ്ധതികളുണ്ട്. നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. നാട്ടിലെ കിണറുകളുടെ സ്ഥിതിയും ഭിന്നമല്ല. അതിവേഗമാണ് ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഭൂഗർഭ ജലവിതാനം അപകടകരമാംവിധം താഴ്ന്ന നിലയിലാണെന്ന് നേരത്തെതന്നെ മുന്നറിയിപ്പുള്ളതാണ്. അനിയന്ത്രിതമായ ജല ചൂഷണവും നദികളിലെ മണൽവാരലുമാണ് ഇൗ അവസ്ഥയ്ക്ക് കാരണം. ദീർഘകാലാടിസ്ഥാനത്തിലുള്ള സംരക്ഷണ നടപടികളെടുക്കുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ഇൗ രംഗത്തെ വിദഗ്ദ്ധന്മാർ മുന്നറിയിപ്പ് നൽകാറുണ്ട്. പുതിയ കിണർ കുഴിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണമല്ലാതെ ജലസംരക്ഷണ നിയമങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിക്കാണുന്നില്ല.
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായി കിടന്ന ആയിരക്കണക്കിന് പൊതുകുളങ്ങൾ ശുദ്ധീകരിച്ച് വീണ്ടെടുത്തതായി വാർത്ത ഉണ്ടായിരുന്നു. ഇത്തരത്തിൽ വീണ്ടെടുത്ത കുളങ്ങൾ വീണ്ടും മലിനമാകാതെ സൂക്ഷിക്കുക എന്നത് ഏറ്റവുംവലിയ വെല്ലുവിളിയാണ്. സാമൂഹ്യബോധം തൊട്ടുതെറിച്ചിട്ടില്ലാത്തവർ മാലിന്യനിക്ഷേപത്തിനായി കണ്ടെത്തുന്നത് എപ്പോഴും ഇത്തരം ജലസ്രോതസുകളാണ്. സംസ്ഥാനത്തെ നീർച്ചാലുകളും അരുവികളും നദികളും മാത്രമല്ല വിശാലമായ വേമ്പനാട്ടുകായൽപോലും രൂക്ഷമായ മലിനീകരണ ഭീഷണി നേരിടുകയാണ്. നദികളെയും ജലസ്രോതസുകളെയും രക്ഷിക്കാൻ ജനസഹകരണമാണ് അവശ്യം വേണ്ടത്. ദാഹജലം കിട്ടാത്ത അവസ്ഥ എത്തുമ്പോഴെങ്കിലും ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുന്നില്ലെന്നത് വിധി വൈപരീത്യം തന്നെയാണ്. ജലോപയോഗത്തിൽ പരമാവധി കരുതലും ശ്രദ്ധയും പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വേനൽ സംസ്ഥാനത്തിന് കൂടുതൽ പരീക്ഷണത്തിന്റെ നാളുകളായിരിക്കും സമ്മാനിക്കുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ