ബിനു വടിവാളെടുത്താൽ തലവെട്ടി കൊണ്ടുപോകും
February 12, 2018, 12:00 pm
ഫ്ളാഷ് ബ്യൂറോ
ചെന്നൈ: ചായക്കട ജോലിയായിരുന്നെങ്കിലും ബിനുവിന്റെ ചിന്ത എന്നും എപ്പോഴും കാശിനു പിന്നാലെയായിരുന്നു. സ്വയരക്ഷയ്ക്കായി പഠിച്ച ബ്ളാക് ബെൽറ്റ് പണം സമ്പാദിക്കാനുള്ള ഉപാധിയായി മനസിൽ തെളിഞ്ഞതും പൊടിമീശ മുളച്ച കാലത്തു തന്നെയാണ്. അതിനായി അധിക ദൂരമൊന്നും ബിനുവിനു പോകേണ്ടിവന്നില്ല. ചൂളൈമേട്ടിലെ പ്രാദേശിക നേതാവിന്റെ ബോഡി ഗാർഡുകളിൽ ഒരാളായി മാറി. തല്ലുകൊടുത്തും തിരിച്ചുവാങ്ങിയും വളരെപ്പെട്ടന്നു തന്നെ ഗുണ്ടാനേതാവായി മാറി. പിന്നീട് ഒരു ബിനുയുഗം തന്നെയായിരുന്നു. ഗുണ്ടകളെ വിളിച്ചുകൂട്ടി കൊടുവാളിൽ കേക്കു മുറിച്ച് പിറന്നാൾ ആഘോഷിച്ച ബിനുവിന്റെ കഥയും ജീവിതവും സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്.

തിരുവനന്തപുരമല്ല,​ തൃശൂരാണേ
നാലു കൊലപാതകങ്ങളുൾപ്പെടെ ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. തിരുവനന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞുകേട്ടെങ്കിലും വാസ്തവം അതല്ല. സ്വദേശം തൃശൂരാണ്. ജോലി തേടിയാണ് ബിനുവിന്റെ കുടുംബം 1994ൽ ചെന്നൈയിലെത്തിയത്. അവിടെ നിന്നാണ് ബിനു ചൂളൈമേട്ടിലെ ചായക്കടയിൽ സഹായിയാകുന്നത്. ഇപ്പോൾ ചെന്നൈ ചൂളൈമേട് വിനായകപുരം മൂർത്തി നഗറിലായിരുന്നു താമസം. അവിടെ നിന്നാണ് കേരളത്തിലേക്ക് മുങ്ങിയത്.

തലവെട്ടി
'തലവെട്ടി' എന്നാണ് ഗുണ്ടാ ബിനു അറിയപ്പെടുന്നത്. ക്വട്ടേഷൻ ഏറ്റെടുത്താൽ തലയുമായി മാത്രമേ ബിനു മടങ്ങൂ. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം അടക്കിവാഴുന്ന ബിനു കോടികൾ സമ്പാദിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം എന്നാണ് ചെന്നൈയിൽ ബിനു അറിയപ്പെടുന്നത്. 28 കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം.

പ്രമേഹത്തെ പേടിച്ച് ഒതുങ്ങി
ചെന്നൈക്കാരുടെ പേടിസ്വപ്നമായി മാറിയ ബിനുവിന്റെ പത്തി താഴ്ത്തിയത് പ്രമേഹം. അസുഖം കടുത്തതോടെ രണ്ടു വർഷം മുമ്പ് ബിനു ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒതുങ്ങി. പൊലീസുകാർ ബിനുവിനായി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ബിനു മലയാള മണ്ണിൽ വിലസി നടക്കുകയായിരുന്നു. ഇതിനിടെയാണ് തിരിച്ചുവരാനായി മോഹമുദിച്ചത്. തന്റെ സ്ഥാനം മറ്റു പലരും കൈയടക്കിയതറിഞ്ഞ് അവരെ ഒതുക്കാനുള്ള വിളംബരം കൂടിയായിരുന്നു പിറന്നാൾ ആഘോഷം. ബിനുവിന്റെ വലംകൈ ആയിരുന്ന രാധാകൃഷ്ണൻ എതിരാളിയായ മണിയുടെ സംഘത്തിലെത്തിയതും ഇരുവരും ചേർന്ന് റിയൽ എസ്റ്റേറ്റിലൂടെ കോടികൾ സമ്പാദിച്ചതും ബിനു അറിഞ്ഞു. ഇതോടെയാണ് തിരിച്ചുവരവ് പ്രഖ്യാപിക്കാനും ആഘോഷിക്കാനും തീരുമാനിച്ചത്.

കബാലി മോഡൽ ആഘോഷം,​ നേർച്ചക്കോഴികൾ വന്നില്ല
രജനീകാന്ത് നായകനായ കബാലി സിനിമയുടെ ചുവടുപിടിച്ചാണ് ബിനു പിറന്നാൾ പാർട്ടി ഒരുക്കിയത്. അതിലേക്ക് എതിരാളി മണിക്കും പഴയ ചങ്ങാതി രാധാകൃഷ്ണനും ക്ഷണമുണ്ടായിരുന്നു. ഇരുവരെയും പാർട്ടിക്കിടയിൽ വകവരുത്തുകയായിരുന്നു ബിനുവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇരുവരും പാർട്ടിയിൽ പങ്കെടുത്തില്ല. പങ്കെടുത്ത ഗുണ്ടകളിൽ പലർക്കും ബിനുവിനെ അറിയുകയുമില്ല. പിറന്നാൾ പാർട്ടിക്കു പണം ഒഴുക്കിയത് ഒരു പ്രാദേശിക നേതാവാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബിനുവിന് തമിഴ്നാട്ടിൽ എത്താനുള്ള വാഹനസൗകര്യം ഉൾപ്പെടെയുള്ള സൗകര്യം ഈ നേതാവ് ഒരുക്കിയതായും അറിയുന്നു.

47-ാം പിറന്നാൾ
ബിനുവിന്റെ 47-ാം പിറന്നാളാണ് ഗുണ്ടാ സംഗമ വേദിയായി മാറിയത്. ഇരുന്നൂറോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. രാത്രി ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഒരു വർക്ക്ഷോപ്പ് കൈയടക്കി അതിനുള്ളിലാണ് പാർട്ടിക്ക് സൗകര്യം ഒരുക്കിയത്. വേദി അവർ നേരത്തേ സ്വയം നിശ്ചയിച്ചിരുന്നു. ബൈക്കിലും കാറിലുമായെത്തിയ ഗുണ്ടകളെ കണ്ട് വർക്ക്ഷോപ്പ് ഉടമയും ജീവനക്കാരനും ഭയന്നു. ചോദ്യം ചെയ്യാനോ എതിർക്കാനോ കഴിയാതെ വിറച്ചു നിന്ന ഇവരെ പിന്നീട് പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. റോസാപ്പൂവിന്റെ വലിയ ഹാരമണിയിച്ചാണ് ബിനുവിനെ സ്വീകരിച്ചത്. ബിയർ കുപ്പികൾ പൊട്ടിച്ച് ഒഴിച്ച് വരവേറ്റു. കൂക്കുവിളിയും ബഹളവും കാരണം പരിസരവാസികൾ കതകടച്ച് വീട്ടിനുള്ളിലിരുപ്പായിരുന്നു. സഹായി കൈമാറിയ വടിവാളുകൊണ്ട് കേക്ക് മുറിച്ചു. ആഘോഷം മൂത്തതോടെയാണ് അപ്രതീക്ഷിതമായി പൊലീസ് രംഗത്തെത്തിയത്. വൈകിട്ട് ഏഴു മണി മുതൽ പൊലീസുകാർ ഗുണ്ടാ സംഗമത്തിനായി കാത്തിരിക്കുകയായിരുന്നു.

മദൻ ചതിച്ചു
പിറന്നാളാഘോഷത്തിന് ഒരാഴ്ച മുൻപ് പൊലീസ് പട്രോളിംഗിനിടെ പിടിയിലായ ഗുണ്ട മദനാണ് ഗുണ്ടാസംഗമത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയത്. ബിനുവിന് വേണ്ടി നഗരത്തിലെ മുഴുവൻ ഗുണ്ടകളും ഒത്തുകൂടുമെന്നായിരുന്നു ഇയാൾ നൽകിയ വിവരം. അന്നുമുതൽ വളരെ ശ്രദ്ധയോടെ പൊലീസ് നീക്കം നടത്തി. ഒടുവിൽ ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു.

200 ഗുണ്ടകൾക്ക് 50 പൊലീസ്
തൊട്ടടുത്ത സ്റ്റേഷനുകളിലേതുൾപ്പെടെ 50 പൊലീസുകാരാണ് ഓപ്പറേഷൻ ബർത്ത്ഡേയിൽ പങ്കെടുത്തത്. പൊലീസ് വളഞ്ഞതറിഞ്ഞ് ചിതറിയോടിയ ഗുണ്ടകൾക്ക് പിന്നാലെ പോകാൻ പോലും ഇവർ തികയുമായിരുന്നില്ല. കൂടുതൽ പേർ പങ്കെടുത്താൽ പദ്ധതി ചോർന്നുപോകുമെന്നതിനാൽ വിശ്വസ്തരായവരെ മാത്രമാണ് ടീമിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന പലരെയും നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അങ്ങനെയാണ് 73 പേർ പിടിയിലായത്. അവരിൽ ഭൂരിപക്ഷവും പല കേസുകളിൽ പിടികിട്ടാപ്പുള്ളികളായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്‌ഡ് ബുധനാഴ്ച രാവിലെ 9 മണി വരെ നീണ്ടു.

ബിനു മുങ്ങിയത് നേതാവിന്റെ വീട്ടിലേക്ക്
പൊലീസ് ഇത്രയും ശക്തമായ വല വിരിച്ചിട്ടും തലവെട്ടി ബിനു കടന്നു കളഞ്ഞു. അടുത്ത അനുയായികളായ വിക്കിയും കനകരാജും ബിനുവിനൊപ്പം മുങ്ങി. ഇവരെ പിടികൂടാനായി ആന്ധ്രയിലും തെരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, ബിനു ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അറിഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും വാർത്തകൾ വരുന്നുണ്ട്. ഗുണ്ടകൾ പാർട്ടി നടത്തിയ പന്തലിൽ നിന്നും പിടിച്ചെടുത്ത 60 മൊബൈൽ ഫോണുകളും പന്തലിന് അടുത്തുനിന്ന് 400 കിലോ രക്തചന്ദനവും പിടിച്ചെടുത്തിരുന്നു. എട്ടു കാറുകൾ. 45 ബൈക്കുകൾ, നിരവധി വടിവാളുകൾ, കത്തികൾ എന്നിവയെല്ലാം പൊലീസ് പിടികൂടി. വർക്ക്ഷോപ്പിനു സമീപം സിനിമാസ്റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടകളും തമ്മിലുണ്ടായത്.

ബുദ്ധികേന്ദ്രങ്ങൾ ഇവർ
ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥനും ഡെപ്യൂട്ടി എസ്. സർവേശുമായിരുന്നു ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. പൊലീസ് നേരത്തെ തന്നെ ആഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ പൊലീസ് തോക്കുമായി ചാടിവീണു. ഇതോടെയാണ് ഗുണ്ടകൾ ചിതറിയോടിയത്. സമീപമുണ്ടായിരുന്ന തടാകത്തിൽ ചാടിയാണ് പലരും രക്ഷപെട്ടതത്രേ. പിടിയിലായ 75 ഗുണ്ടകളിൽ മൂന്നു പേർക്ക് ജാമ്യം ലഭിച്ചു. 71 പേരെ പൂഴൽ ജയിലിലടച്ചു. രക്ഷപ്പെട്ട ബിനുവിനെയും കനകനെയും വിക്കിയെയും പിടിക്കാനായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ