മന്ത്രിമാർ ഹാജരുണ്ടോ!
February 11, 2018, 12:54 am
ഒാർഡിനൻസുകൾ വീണ്ടും ഇറക്കാൻ വിളിച്ച പ്രത്യേക മന്ത്രിസഭാ യോഗം ക്വോറമില്ലാതെ ഉപേക്ഷിക്കേണ്ടിവന്നതിൽ മന്ത്രിമാർക്ക് ജാള്യതയൊന്നും തോന്നണമെന്നില്ല. കാരണം അടങ്ങിയിരുന്നുള്ള ഭരണത്തിന് സമയം തീരെ കുറവും ഉൗരുചുറ്റലിന് ഏറെ സമയവുമെന്ന ശൈലി രൂപപ്പെട്ടത് ഇന്നോ ഇന്നലെയോ അല്ല. മുന്നണി ഭരണം ആരംഭിച്ച നാൾതൊട്ടേ ഇതാണ് രീതി. മന്ത്രിസഭാ യോഗം കൂടാൻ ഇപ്പോൾ നിശ്ചിതദിവസമുണ്ട്. ബുധനാഴ്ചയാണ് അതിനുള്ള മുഹൂർത്തം. ഏതെങ്കിലും കാരണവശാൽ ദിവസം മാറിപ്പോകുന്ന അവസരവുമുണ്ട്. മന്ത്രിസഭായോഗം നടക്കുന്നദിവസം ഒാടിക്കിതച്ചെങ്കിലും എത്തി മന്ത്രിമാർ പങ്കെടുക്കാറുമുണ്ട്. വെള്ളിയാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ വിവരം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽത്തന്നെ തീരുമാനിക്കപ്പെട്ടതാണ്. തലകുലുക്കി പിരിഞ്ഞ മന്ത്രിമാരിൽ പതിമൂന്നുപേരാണ് വെള്ളിയാഴ്ച വിട്ടുനിന്നത്. മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിൽനിന്ന് അഞ്ച് മന്ത്രിമാരും ഘടകകക്ഷിയിൽനിന്ന് ഒരാളും മാത്രം ഹാജരായപ്പോൾ ക്വോറ പ്രശ്നത്തിൽ യോഗം തന്നെ ഉപേക്ഷിക്കേണ്ടിവന്നു. നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം ഇടയ്ക്ക് പിരിഞ്ഞതോടെ ത്രിശങ്കുവിലായ പത്തൊൻപത് ഒാർഡിനൻസുകൾ വിധി കാത്തുകിടക്കുകയാണ്. അവയിൽ പതിനേഴെണ്ണത്തിന് വീണ്ടും ജീവൻ നൽകാൻ വേണ്ടിയാണ് മന്ത്രിസഭായോഗം വിളിച്ചത്. ഒാർഡിനൻസ് പുതുക്കുന്നതിനുപുറമേ ദീർഘനാളായി പ്രത്യേക ചുമതലക്കാരനില്ലാതെ കിടക്കുന്ന വിജിലൻസ് ഡയറക്ടർ തസ്തികയിൽ നിയമനം നടത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു പ്രത്യേക മന്ത്രിസഭായോഗം. ഇനി തിങ്കളാഴ്ച യോഗം ചേർന്ന് തീരുമാനമെടുക്കും.
ബുധനാഴ്ച നിയമസഭാ സമ്മേളനം പിരിഞ്ഞതോടെ മന്ത്രിമാർ കൂട്ടത്തോടെ വിവിധ പരിപാടികളുമായി തലസ്ഥാനം വിട്ടതാണ് മന്ത്രിസഭായോഗത്തിന് ആളെ കിട്ടാതാക്കിയത് .ഏത് ചെറിയ ചടങ്ങിനും ഉദ്ഘാടകനായി മന്ത്രിമാർ തന്നെ വേണമെന്നു സംഘാടകരുടെ നിർബന്ധബുദ്ധി കാരണം മന്ത്രിമാരുടെ വിലപ്പെട്ട സമയവും ഉൗർജ്ജവും ഇത്തരം കാര്യങ്ങൾക്കായി വെറുതേ പാഴാവുകയാണ്. ബഹുജന സമ്പർക്കത്തിന്റെ ഭാഗമെന്ന നിലയിൽ മന്ത്രിമാർക്ക് ഇത്തരം ചടങ്ങുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുമാകില്ല. എന്നാൽ മന്ത്രിമാരെന്ന നിലയിലുള്ള ഒൗദ്യോഗിക ചുമതലകൾപോലും ഉപേക്ഷിച്ച് പൊതു ചടങ്ങുകൾക്കായി പാഞ്ഞുനടക്കുന്നതിലെ അനൗചിത്യം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു പ്രത്യേകാവശ്യത്തിനുവേണ്ടിയുള്ള മന്ത്രിസഭായോഗത്തെക്കാൾ പ്രധാനം മണ്ഡലത്തിലെ കല്ലിടലിനും നാട മുറിക്കലിനുമാണെന്നുവരുമ്പോൾ അത് ജനങ്ങൾക്ക് നൽകുന്ന സന്ദേശം തീർച്ചയായും ഭരണമികവിന്റേതായിരിക്കില്ല. ഭരണത്തിന്റെ ആദ്യനാളുകളിൽ സംഘാടകരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ മന്ത്രിമാർ നിർബന്ധിതരായേക്കും. എന്നാൽ രണ്ടാംവാർഷികമെത്തുമ്പോഴും ഉൗരുചുറ്റലാണ് ഭരണമെന്ന് വരുന്നത് ലക്ഷ്യമില്ലായ്മയുടെ ലക്ഷണമാണ്.
നിയമസഭാ സമ്മേളനത്തിൽ ഒാർഡിനൻസിന് പകരമുള്ള ബില്ലുകൾ പാസാക്കാൻ സമയമോ സാവകാശമോ ലഭിക്കാത്തതുകൊണ്ടാണ് അവയിൽ പലതും വീണ്ടും പുറപ്പെടുവിക്കേണ്ടിവരുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ തട്ടി സഭാസമ്മേളനത്തിന്റെ ഏറിയ പങ്കും വ്യർത്ഥമായിപ്പോകുന്നതാണ് കണ്ടുവരുന്നത്. ബിൽ അവതരിപ്പിക്കപ്പെട്ടാൽത്തന്നെ ബഹളത്തിനിടെ ചർച്ചപോലും കൂടാതെ പാസാക്കിയെടുക്കേണ്ട ഗതികേടിലാവും സർക്കാർ. ഏത് മുന്നണി അധികാരത്തിലിരുന്നാലും സ്ഥിതി ഒന്നുതന്നെ. ഗൗരവപൂർവം നിയമനിർമ്മാണത്തെ സമീപിക്കുന്ന ശീലം ഉപേക്ഷിച്ച മട്ടാണ് പലപ്പോഴും.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്മാരിൽ കൂടുതൽ അച്ചടക്കവും കൃത്യനിഷ്ഠയും കൊണ്ടുവരാനുദ്ദേശിച്ച് ആഘോഷപൂർവം നടപ്പാക്കിയ പഞ്ചിംഗ് സംവിധാനം ഒരുമാസം കൊണ്ടുതന്നെ പഞ്ചറായതിന്റെ ദുരന്തകഥ മുന്നിലുണ്ട്. ആദ്യമാസാന്ത്യ കണക്കെടുത്തപ്പോൾ മൊത്തം ജീവനക്കാരിൽ പകുതിപേരും സമയനിഷ്ഠ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു കണ്ടെത്തൽ. സെക്രട്ടേറിയറ്റിന്റെ നാഥനായ ചീഫ് സെക്രട്ടറിയും പഞ്ചിംഗ് സംവിധാനത്തിന്റെ സൂത്രധാരനുമൊക്കെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. മാതൃകയാകേണ്ടവർതന്നെ പിഴവുവരുത്തുമ്പോൾ താഴെയുള്ളവർക്ക് ലഭിക്കുന്ന സന്ദേശം തിളക്കമാർന്നതാകില്ല. അതുപോലെയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ പൊതുപരിപാടികൾക്കും പാർട്ടി പരിപാടികൾക്കുമായി സ്ഥലംവിട്ട മന്ത്രിമാരുടെ മാതൃകയും. നല്ല ശീലങ്ങളും കീഴ്‌വഴക്കങ്ങളും മുകളിൽ നിന്നുതന്നെ ഉണ്ടാകണം. പൊതുജനങ്ങളിൽ ആദരവും ഭരണത്തിൽകൂടുതൽ വിശ്വാസവും ഉണ്ടാകാൻ ഇതൊക്കെ ആവശ്യമാണ്. മന്ത്രിമാരുടേത് ഒറ്റപ്പെട്ട സംഭവമൊന്നുമില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എം.പിമാരുടെ യോഗം വിളിച്ചാലും ഇതുതന്നെയാണ് അനുഭവം. ഒട്ടുമിക്കപേരും യോഗത്തിനെത്താറില്ല. മുൻകൂർ നിശ്ചയിക്കപ്പെട്ട പരിപാടികളിൽ കുടുങ്ങിപ്പോയെന്നാവും ഒഴികഴിവ്. ഉത്തരവാദിത്വവും സമയനിഷ്ഠയുമൊക്കെ ഉന്നതങ്ങളിലിരിക്കുന്നവർക്കും ബാധകമാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ