പെട്രോൾ പമ്പിലെ തട്ടിപ്പിന് താഴിടും
February 11, 2018, 9:53 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ വ്യാപകമായി നടക്കുന്ന ഇന്ധന വെട്ടിപ്പ് തടയാൻ പുതിയ മാർഗം വരുന്നു. ഇലക്ട്രോണിക് ഫ്‌ളോ മീറ്റർ, ടാംപർ പ്രൂഫ് ഇലക്ട്രോണിക് സീൽ എന്നിവ എല്ലാ പമ്പുകളിലും നിർബന്ധമാക്കാൻ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ മുതൽ അതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. എണ്ണക്കമ്പനികൾ നേരത്തേ സമ്മതം അറിയിച്ചിരുന്നു.

ഇന്ധനം കമ്പനികളിൽ നിന്നു പമ്പുകളിലെത്തിക്കുന്നതിനിടെ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഫ്‌ളോ മീറ്റർ. ടാങ്കറുകളിൽ നിന്നു പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ ഇന്ധനം നിറയ്ക്കുന്നതിനൊപ്പമായിരിക്കും ഫ്‌ളോ മീറ്റർ പരിശോധന.

കൃത്യ അളവിൽ ഇന്ധനം വാഹനങ്ങളിൽ നിറയ്ക്കാൻ സഹായിക്കുന്ന സംവിധാനമായ പൾസർ കാർഡാണ് ഇപ്പോൾ പമ്പുകളിലുള്ളത്. ഈ കാർഡുകളിൽ ചിപ്പുകൾ ഉപയോഗിച്ച് വ്യാപകമായി കൃത്രിമം നടത്തുന്നതായി പരിശോധനകളിൽ തെളിഞ്ഞു. ചിപ്പ് വയ്ക്കാൻ കഴിയാത്തവിധം പൾസർ കാർഡുകൾ മുദ്രവയ്ക്കുന്നതിനാണ് ഇലക്ട്രോണിക് സീൽ ഉപയോഗിക്കുന്നത്.

പെട്രോൾ പമ്പിൽ ചെന്ന് 'നൂറ് രൂപയ്ക്ക് ' എന്നു പറഞ്ഞ് ഡിസ്‌പ്ളേയിൽ നോക്കി നിൽക്കുന്നവരാണ് നമ്മളിലേറെ പേരും. നൂറു രൂപയ്ക്കുള്ള ഇന്ധനം ടാങ്കിൽ എത്തി എന്നതിന് ഒരുറപ്പുമില്ല. ഒരു ലിറ്ററിൽ 50 മുതൽ 70 മില്ലി ലിറ്റർ വരെ കുറവു വരുത്തുന്ന രീതിയിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ലീഗൽ മെട്രോളജി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചിപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചിപ്പ് തട്ടിപ്പ് കൈയോടെ പിടികൂടിയത്. സംസ്ഥാനത്ത് ഈ രീതിയിൽ തട്ടിപ്പ് കണ്ടെത്തിയില്ലെങ്കിലും അളവിനെക്കുറിച്ച് വ്യാപക പരാതിയുണ്ട്.

മാസം 15 ലക്ഷം വരെ
തിരക്കുള്ള ചില പമ്പുകളിൽ പൾസർ കാർഡുകളിൽ ചിപ്പ് ഘടിപ്പിച്ചുള്ള തട്ടിപ്പിലൂടെ പ്രതിമാസം 12-15 ലക്ഷം രൂപയുടെ ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ നിഗമനം.


രാജ്യത്തെ പെട്രോൾ പമ്പുകൾ
(2017 ഒക്ടോബറിൽ)
26,489: ഐ.ഒ.സി പമ്പുകൾ
14,675: എച്ച്.പി.സി.എൽ
14,161: ബി.പി.സി.എൽ
1400: റിലയൻസ്
95: ഷെൽ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ