രൂപമാറ്റത്തിനൊപ്പം സമയക്ളിപ്തതയും വേണം
February 9, 2018, 12:56 am
കാഴ്ചയ്ക്കു കൗതുകം പകരുന്ന രൂപമാറ്റങ്ങളോടെ ഓടിത്തുടങ്ങിയ വേണാട് എക്സ്‌പ്രസിന് വിവിധ സ്റ്റേഷനുകളിൽ യാത്രക്കാർ നൽകിയ ആവേശകരമായ സ്വീകരണം പുതിയ സൗകര്യങ്ങൾക്കായി ദീർഘകാലമായുള്ള കാത്തിരിപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ്. റെയിൽവേ ഭൂപടത്തിൽ ഏറ്റവും കുറഞ്ഞ പ്രാതിനിദ്ധ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. പുതിയ പാതകൾക്കും ട്രെയിനുകൾക്കും വേണ്ടി മാത്രമല്ല വൃത്തിയും വെടിപ്പും സുരക്ഷിതത്വവുമുള്ള കോച്ചുകൾക്കു വേണ്ടിയും ആവശ്യം ഉയരാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പ്രഥമ ഇന്റർസിറ്റി എക്സ്‌പ്രസായ വേണാടിന്റെ പുതിയ രൂപമാറ്റം ശ്രദ്ധേയമാകുന്നത്. ജനശതാബ്ദി എക്സ‌്‌പ്രസ് കഴിഞ്ഞാൽ ആധുനിക സൗകര്യങ്ങളുള്ള കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനുകൾ കേരളത്തിൽ ഓടുന്നവയിൽ അധികമൊന്നുമില്ല. അകവും പുറവും ഒരുപോലെ തിളങ്ങുന്ന വേണാടിന്റെ പുത്തൻ കോച്ചുകൾ ക്രമേണ മറ്റു ട്രെയിനുകൾക്കും പ്രതീക്ഷിക്കാമെന്നാണ് റെയിൽവേയുടെ ഉറപ്പ്. സുഖകരമായ യാത്രയ്ക്കിണങ്ങുന്ന സീറ്റ്,
ദീപ സംവിധാനം, സ്റ്റേഷൻ വിവരങ്ങൾ അറിയാനുള്ള ഡിസ്‌പ്ളേ ബോർഡുകൾ, ബയോ ടോയ്‌ലറ്റ്, മോടിയുള്ള തറ തുടങ്ങിയ സൗകര്യങ്ങൾ വേണാട് കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിരം ട്രെയിൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പുതിയ അനുഭവമാണ്. മാറ്റത്തെ രണ്ടുകൈയും നീട്ടി അവർ സ്വീകരിച്ചത് അതുകൊണ്ടാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതുതായി നിർമ്മിക്കുന്ന കോച്ചുകൾ ഇനി മുതൽ ഈ രൂപത്തിലുള്ളതാകുമെന്നാണ് പറയുന്നത്. ഘട്ടം ഘട്ടമായി അവ എത്തുന്നതോടെ പഴക്കമേറിയ കോച്ചുകൾ പൂർണമായും ഇല്ലാതാകുമെന്നാണ് വാഗ്ദാനം. അതിന് എത്രകാലം കാത്തിരിക്കണമെന്ന് നിശ്ചയമില്ല.
രണ്ടും മൂന്നും ദിവസം യാത്ര നീളുന്ന നിരവധി ട്രെയിനുകൾ ഇവിടെ ഓടുന്നുണ്ട്. അവയിൽ പലതിന്റെയും അവസ്ഥ അതീവ ശോചനീയവുമാണ്. പുതിയ കോച്ചുകളുടെ ദൗർലഭ്യം കാരണം പഴക്കമേറിയതും കണ്ടം ചെയ്യാറായതുമായ കോച്ചുകൾ കൂടി ഘടിപ്പിച്ചാണ് പലതും സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പാസഞ്ചർ വണ്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള കോച്ചുകൾ ആവശ്യമേയില്ല എന്ന മട്ടിലാണ് കാര്യങ്ങൾ. കാലപ്പഴക്കത്തിൽ തറ തന്നെ അപ്പാടെ ഇളകി റെയിൽപ്പാളത്തിലേക്കു പതിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലുമൊരു ദീർഘദൂര ട്രെയിന് പുത്തൻ കോച്ചുകൾ അനുവദിച്ചാലും ദിവസങ്ങൾക്കകം അവ മറ്റിടങ്ങളിലേക്ക് സൂത്രത്തിൽ കടത്തിക്കൊണ്ടു പോകുന്ന പതിവും ഉണ്ട്. പകരം അവിടങ്ങളിൽ ഉപയോഗിച്ചു പതം വന്നവ ഇങ്ങോട്ടയയ്ക്കും. കേരളത്തിനുവേണ്ടി വാദിക്കാനും ആവശ്യപ്പെടാനും ആളുകളില്ലാത്തതിനാൽ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള കബളിപ്പിക്കലുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ട്രെയിൻ യാത്ര സുരക്ഷിതമാകുന്നതിനൊപ്പം തന്നെ സുഖകരവുമാകണമെന്നത് യാത്രക്കാരുടെ മിനിമം ആവശ്യങ്ങളിലൊന്നാണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ട്രെയിനുകൾ കുറവും യാത്രക്കാർ വളരെയധികം കൂടുതലുമാണ്. മൂന്നു മാസം മുമ്പേ തന്നെ പ്രധാന ട്രെയിനുകളിലെല്ലാം സീറ്റ് തീരുന്നതിനാൽ അത്യാവശ്യ യാത്രയ്ക്കിറങ്ങുന്നവരുടെ സ്ഥിതി പരമ ദയനീയമാണ്. വാഗൺ ട്രാജഡിയെ ഓർമ്മിപ്പിക്കുന്നതാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പല ട്രെയിനുകളും.
ലോക നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും ട്രെയിനുകളിൽ അത്യാവശ്യം സുഖസൗകര്യത്തോടുകൂടിയ യാത്ര ആരും ആഗ്രഹിക്കുന്നതാണ്. എന്നാൽ കേരളത്തിന് അത്തരം സൗകര്യങ്ങളുള്ള ട്രെയിനുകൾ അധികമൊന്നുമില്ല. എവിടെയും പരിമിതികളാണ്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളിലും കാണാം പരിമിതികൾ. എത്രയോ കാലമായി പണി നടന്നുകൊണ്ടിരിക്കുന്ന ഇരട്ടപ്പാതകൾ പൂർത്തിയാകാതെ പുതിയ വണ്ടികൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റെയിൽവേയുടെ നിലപാട്. പാത നിർമ്മാണമാകട്ടെ രണ്ടറ്റവും കൂട്ടിമുട്ടുന്നുമില്ല. കോട്ടയത്തിനും എറണാകുളത്തിനുമിടയ്ക്കുള്ള ഇരട്ടപ്പാതയുടെ ശേഷിക്കുന്ന ഭാഗങ്ങൾ എന്നു തീരുമെന്നു പറയാൻ റെയിൽവേയ്ക്കു പോലും കഴിയുന്നില്ല. ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സംഭവിച്ച വീഴ്ച സംസ്ഥാനത്തിന്റേതാണ്. ഇതിനിടെ എറണാകുളത്തുനിന്ന് ഷൊർണ്ണൂരിലേക്ക് മൂന്നാമതൊരു പാത നിർമ്മിക്കാൻ പുതിയ റെയിൽ ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. ഇതിലും സ്ഥലമെടുപ്പാകും കീറാമുട്ടിയാകാൻ പോകുന്നത്. കൂടുതൽ ട്രെയിനുകൾക്കുള്ള ആവശ്യം നാൾക്കുനാൾ ഉയരുമ്പോഴും പാത വികസനം കൂടി നടന്നാലേ അത് എളുപ്പമാകൂ എന്ന ബോധം സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഉണ്ടാകേണ്ടതുണ്ട്.
പുതുപുത്തൻ കോച്ചുകളോടെ 'വേണാട്' ഓടാൻ തുടങ്ങിയതിനൊപ്പം സമയക്ളിപ്തത കൂടി പാലിക്കാൻ നടപടി ഉണ്ടാകണം. മുൻകാലങ്ങളിൽ കൃത്യസമയം പാലിച്ചിരുന്ന ഈ ട്രെയിൻ യാത്രക്കാരെ വല്ലാതെ പരീക്ഷിക്കും വിധമാണ് യാത്ര അവസാനിപ്പിക്കുന്നത്. പാളത്തിൽ എന്നും നടക്കുന്ന അറ്റകുറ്റപ്പണി വേണാടിനെ മാത്രമല്ല മറ്റു വണ്ടികളെയും ബാധിക്കുന്നുണ്ട്. എന്നാൽ സ്ഥിരം യാത്രക്കാരായ ഒട്ടനേകം പേരുടെ ആശ്രയമായ വേണാടിന്റെ സമയക്രമം പാടേ താളം തെറ്റുകയാണിപ്പോൾ. അതു പരിഹരിക്കാൻ നടപടി ഉണ്ടാകണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ