സൗജന്യ ഇൻഷ്വറൻസ്: അന്യദേശ തൊഴിലാളികൾ മുങ്ങുന്നു, പരിരക്ഷ അവർക്ക്‌ വേണ്ടപോലും
February 9, 2018, 12:02 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: ഒരു പൈസ പോലും ഈടാക്കാതെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ കൈവെള്ളയിൽ വച്ചുനീട്ടിയിട്ടും നല്ലൊരു പങ്ക് തൊഴിലാളികളും പദ്ധതിയോട് മുഖം തിരിക്കുന്നു. തൊഴിൽ വകുപ്പ് ആവിഷ്കരിച്ച 'ആവാസ് 'പദ്ധതിയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങളിലാണ് ഈ വിമുഖത വ്യക്തമാവുന്നത്.

നവംബറിൽ ഉദ്ഘാടനം ചെയ്ത് ഡിസംബറിൽ തുടങ്ങിയ പദ്ധതിയിൽ ഫെബ്രുവരി ഏഴ് വരെ രജിസ്റ്റർ ചെയ്തത് 1,25,000 തൊഴിലാളികൾ മാത്രം. 25 ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നതായാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് 2013 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. കൂട്ടത്തോടെ അന്യസംസ്ഥാന തൊഴിലാളികൾ പണി ചെയ്യുന്ന എറണാകുളത്ത് 20,000 പേരും തിരുവനന്തപുരത്ത് 18,000 പേരും മാത്രമാണ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. പല സ്ഥലത്തും രജിസ്ട്രേഷന് ഉദ്യോഗസ്ഥരെത്തുന്നതറിഞ്ഞ് തൊഴിലാളികൾ മുങ്ങുന്നു. ഇവർക്കെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിയുന്നുമില്ല. ഇങ്ങനെ ഒരു ഇൻഷ്വറൻസ് പരിരക്ഷ രാജ്യത്ത് ആദ്യമാണ്.

ഇൻഷ്വറൻസ് രജിസ്ട്രേഷൻ?​

ഇൻഷ്വറൻസ്‌ ഐ.ഡി കാർ‌‌ഡ് പ്രിന്റു ചെയ്യുന്ന ഉപകരണം അടക്കം എല്ലാവിധ സന്നാഹങ്ങളുമായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും എത്തുന്നു. ആധാർ,​ വോട്ടർ ഐ.ഡി,​ അതത് സംസ്ഥാനങ്ങൾ നൽകുന്ന ആധികാരിക രേഖ എന്നിവയിലേതെങ്കിലും ഒന്ന് കൈവശമുണ്ടെങ്കിൽ അപ്പോൾത്തന്നെ രജിസ്റ്റർ ചെയ്ത് ‌കാർഡ് നൽകുന്നു. ഇത്തരം രേഖകളില്ലാത്തവരുടെ രജിസ്ട്രേഷന് എന്തു മാനദണ്ഡം സ്വീകരിക്കണമെന്ന് ആദ്യഘട്ടത്തിനു ശേഷം തീരുമാനിക്കും. മുൻകൂട്ടി നിശ്ചയിക്കുന്ന തീയതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിലാളികളെ എത്തിച്ചും രജിസ്ട്രേഷൻ നടത്തുന്നുണ്ട്. മാർച്ച് 31ന് പൂർത്തിയാവുന്ന ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം പേരെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

#ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ
*15,000 രൂപയുടെ സൗജന്യ ചികിത്സ (സർക്കാർ ആശുപത്രികളിലും നിശ്ചിത സ്വകാര്യ ആശുപത്രികളിലും)
*രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്

#ചെലവ്: സോഫ്റ്റ്‌വെയർ- 75 ലക്ഷം. കാർഡ് ഒന്നിന് 65 രൂപ
കൊൽക്കത്ത ആസ്ഥാനമായുള്ള സ്മാർട്ട് ഐ.ടി കമ്പനിയാണ് രജിസ്ട്രേഷൻ കാർഡ് നൽകാനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്. തൊഴിലാളിയുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തുന്ന കാർഡിൽ ക്യൂ.ആർ കോഡും(ക്വിക്ക് റെസ്പോൺസ് കോഡ്) കമ്പ്യൂട്ടർ ചിപ്പും ഉണ്ടാവും. ഈ കാർഡ് ആധുനിക സംവിധാനങ്ങളുള്ള ഒരു മൊബൈൽ ഫോണുമായി കണക്ട് ചെയ്താൽ കാർഡുടമയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ലഭിക്കും. ഇതിനുള്ള സോഫ്റ്റ്‌വെയറിന് 75 ലക്ഷവും കാർഡ് ഒന്നിന് 65 രൂപ ക്രമത്തിലുമാണ് സർക്കാർ ചെലവഴിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ