മന്ത്രിമാർക്കുമാകാം പഞ്ചദിന വാരം
February 13, 2018, 12:50 am
മന്ത്രിമാർ ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും തലസ്ഥാനത്തുതന്നെ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകേണ്ടിവന്നത് കഴിഞ്ഞ വെള്ളിയാഴ്ച ക്വോറമില്ലാതെ മന്ത്രിസഭായോഗം ഉപേക്ഷിക്കേണ്ടിവന്നതിന്റെ പശ്ചാത്തലത്തിലാണ്. മുൻകൂർ നോട്ടീസ് നൽകിയുള്ള മന്ത്രിസഭായോഗമായിട്ടും പതിമൂന്നു മന്ത്രിമാർയോഗത്തിനെത്തിയില്ല. വിവിധ പരിപാടികളുമായി സംസ്ഥാനത്തുടനീളം കറങ്ങുകയായിരുന്നു അവർ. മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലേറിയ എൽ.ഡി.എഫ് മന്ത്രിസഭയുടെ ആദ്യദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മഹാ യോഗത്തിൽ മുഖ്യമന്ത്രി അടിവരയിട്ട് ഓർമ്മിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ അക്ഷീണം പരിശ്രമിക്കുന്ന സർക്കാരായിരിക്കും ഇതെന്നായിരുന്നു വാഗ്ദാനം. അത്തരത്തിലൊരു സർക്കാരിന് താങ്ങും തണലുമാകേണ്ട ഉദ്യോഗസ്ഥന്മാരും സന്ദർഭത്തിനൊത്ത് ഉയരണമെന്ന് മുഖ്യമന്ത്രി ഉദ്ബോധിപ്പിച്ചിരുന്നു. സർക്കാരാഫീസുകളിലെ ഓരോ ഫയലിനു പിന്നിലും വേദനിക്കുന്ന മനുഷ്യരുടെ ചരിത്രമുണ്ടാകുമെന്നും പലപ്പോഴും അത് കരുണതേടി കൊണ്ടുള്ള നിരാലംബരുടെ വിലാപമായേക്കാമെന്നും മുഖ്യമന്ത്രി ഹൃദയസ്പർശിയായ ഭാഷയിൽ അന്ന് ഓർമ്മിപ്പിച്ചിരുന്നു. മന്ത്രിസഭ സ്ഥാനമേറ്റ നാളുകളിൽ പ്രകടമായ ആവേശവും പ്രതിബദ്ധതയുമൊക്കെ സാവധാനം കുറഞ്ഞുവരുന്നുവെന്നതിന്റെ തെളിവാണ് ഭരണരംഗത്ത് നടമാടുന്ന അലസതയും പിടിപ്പുകേടുമൊക്കെ. മന്ത്രിമാർ ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്തുതന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആഴ്ചയിൽ ഒരു ദിവസമുള്ള മന്ത്രിസഭായോഗത്തിൽ സംബന്ധിക്കാൻ വേണ്ടി മാത്രമല്ല. ഭരണനിർവ്വഹണം കൂടി ഉദ്ദേശിച്ചുതന്നെയാകണം. മന്ത്രിമാരുടെ പ്രവർത്തനമികവ് വിലയിരുത്താൻ ഏർപ്പെടുത്തിയ സംവിധാനത്തെക്കുറിച്ച് ഇപ്പോൾ കേൾക്കാനില്ല. മന്ത്രിമാർ നാടാകെ കറങ്ങി നടന്നാൽ അവരുടെ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തോന്നിയമട്ടിലാകുമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. പദ്ധതി നിർവഹണത്തിലെ വീഴ്ചകൾ മാത്രം നോക്കിയാലറിയാം അലസതയുടെ ആഴം. താന്താങ്ങളുടെ വകുപ്പുകളിൽ നടക്കുന്ന വികസന പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഓരോ മന്ത്രിക്കും ഉണ്ടാകേണ്ടതാണ്. സാമ്പത്തികവർഷം അവസാനിക്കുമ്പോഴും പത്തും ഇരുപതും ശതമാനം മാത്രം ഫണ്ട് വിനിയോഗം നടന്നതിന്റെ പഴി വകുപ്പുമന്ത്രിമാരും ഏറ്റെടുക്കേണ്ടതാണ്. അടിയന്തരമായി തീരുമാനമെടുക്കേണ്ട പല പ്രശ്നങ്ങളും നീണ്ടുപോകാൻ കാരണം വകുപ്പുമന്ത്രിമാരിൽ നിന്ന് തക്കസമയത്തുള്ള ഇടപെടൽ വൈകുന്നതാണ്.
മന്ത്രിമാരെന്ന നിലയിൽ പലരും തുടക്കക്കാരായിരുന്നതിനാൽ കാര്യങ്ങൾ പഠിക്കാനും ഭരണനിർവ്വഹണശൈലി സ്വായത്തമാക്കാനും സമയമെടുത്തത് മനസിലാക്കാവുന്നതേയുള്ളൂ. ആദ്യനാളുകളിലെ സ്വീകരണകമ്പവും പൊതുചടങ്ങുകളിലെ നിറസാന്നിദ്ധ്യം പകരുന്ന ആവേശവുമൊക്കെ സാധാരണവുമാണ്. എന്നാൽ രണ്ടാം വാർഷികത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴും സെക്രട്ടേറിയറ്റിലേ കസേരയിലിരിക്കുന്നതിനേക്കാൾ താല്പര്യവും സുഖവും നാടുചുറ്റലാണെന്ന് വന്നാൽ മന്ത്രിയുടെ ഇടപെടൽ ആവശ്യമായ പലകാര്യങ്ങളിലും തീർപ്പ് നീണ്ടുനീണ്ടു പോകും. ഫയലുകൾ കൂമ്പാരമാകും. അതിൽ കുരുങ്ങിപ്പോകുന്ന സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങൾക്ക് പലപ്പോഴും പരിഗണനയും ലഭിക്കില്ല. മന്ത്രിമാരുടെ ആഫീസുകൾക്കും ഔദ്യോഗികവസതികൾക്കും മുൻപിൽ ആവലാതികളുമായി എത്തുന്നവരുടെ വലിയകൂട്ടം ഇവർ ശ്രദ്ധിക്കാറുണ്ടോ എന്നറിയില്ല. മന്ത്രിയുമായുള്ള ഒന്നോ രണ്ടോ മിനിട്ടുനേരത്തെ കൂടിക്കാഴ്ചക്കായി നീണ്ട മണിക്കൂറുകൾ ക്ഷമയോടെ കാത്തിരിക്കുന്നവരാകും പലരും. പലവട്ടം ശ്രമിച്ച് പരാജയപ്പെടുന്നവരുടെ സംഖ്യയും കുറവല്ല. നിയമസഭ സമ്മേളിക്കുമ്പോഴും മന്ത്രിസഭായോഗദിവസവും മാത്രം തലസ്ഥാനത്തുണ്ടാകുന്ന മന്ത്രിമാർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഇടതുമുന്നണി മന്ത്രിമാർ ആ ഗണത്തിൽപെടരുതെന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി എൽ.ഡി.എഫിനെ അധികാരമേല്പിച്ചത്. ക്വോറം തികയാതെ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ഉപേക്ഷിക്കേണ്ടിവന്നതിനെ കണക്കറ്റു പരിഹസിക്കുന്ന യു.ഡി.എഫ് നേതാക്കളുടെ കാലത്തും ഇമ്മാതിരി അനുഭവങ്ങളുണ്ടായിട്ടുണ്ട്. നാടുചുറ്റി പ്രസംഗം നടത്തുന്നതാണ് ഭരണമെന്ന സ്ഥിതി നിർഭാഗ്യവശാൽ ഇവിടെ വേരുപിടിച്ചുപോയതാണ്. തലസ്ഥാനത്ത് മന്ത്രിമാരുടെ അഭാവം പരോക്ഷമായി അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥന്മാരെയും അലസരാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഉദ്യോഗസ്ഥന്മാരിലെന്നപോലെ മന്ത്രിമാരിലും കാണും അലസന്മാർ. അത്തരക്കാരെ ചെല്ലും ചെലവുംകൊടുത്ത് ഊട്ടി ഉറക്കേണ്ട ബാദ്ധ്യത ജനങ്ങൾക്ക് എന്തായാലും ഇല്ല. സ്വയം തിരിച്ചറിവുണ്ടാവുക എന്നതാണ് അഭികാമ്യം. അതുണ്ടാവുന്നില്ലെങ്കിൽ അറ്റകൈ പ്രയോഗിക്കാൻ പാർട്ടിനേതൃത്വങ്ങൾ മടിക്കരുത്. മുന്നണി സംവിധാനമായതിനാൽ ആരെയും പിണക്കാനോ കണ്ണുരുട്ടാനോ പാടില്ലെന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഇതിലൂടെ മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയാകും തകരുന്നത്. അലസന്മാരും കർത്തവ്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ലാത്തവരുമായ മന്ത്രിമാർ നാടിനും ജനങ്ങൾക്കും ഭാരവും ശാപവുമാണ്. മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടൽ ആശിച്ച ഫലമുണ്ടാക്കുമെന്നു പ്രതീക്ഷിക്കാം.      
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ