മാലി : ഇനി എന്ത് ?
February 14, 2018, 12:39 am
പി.എസ്. ശ്രീകുമാർ
ഫെബ്രുവരി ഒന്നാം തീയതിയിലെ സുപ്രീംകോടതി വിധി, മാലി പ്രസിഡന്റ് അബ്ദുള്ള യമീനെ സംബന്ധിച്ചിടത്തോളം ഒരു അശനിപാതമായിരുന്നു. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ സാദ്ധ്യതയുള്ളവരെന്നു കരുതിയ പ്രതിപക്ഷത്തെ പ്രമുഖരെയെല്ലാം, ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയശേഷം, തികച്ചും ആത്മവിശ്വാസത്തോടെ ഇരിക്കുന്ന അവസരത്തിലാണ്, യമീനെ നടുക്കിയ സുപ്രീംകോടതിയുടെ വിധി വന്നത്. മുൻ പ്രസിഡന്റും മാലി ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി) നേതാവുമായ മുഹമ്മദ് നഷീദ് ഉൾപ്പെടെ ഒമ്പത് പേരെ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇവർക്കെതിരെ ചുമത്തിയ ഭീകരപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങൾ കോടതി റദ്ദാക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവു വന്ന ദിവസം തന്നെ മറ്റ് രണ്ട് എം.പിമാരെ കൂടി അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ഈ സംഭവപരമ്പരകളുടെയെല്ലാം തുടക്കം 2015 മാർച്ച് മാസത്തിലായിരുന്നു. മുഹമ്മദ് നഷീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഭരണം നയിച്ച 2008 - 2012 കാലഘട്ടത്തിൽ, ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസായിരുന്ന അബ്ദുള്ള മുഹമ്മദിനെ 2012ൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. നഷീദിനു മുമ്പ്, മൂന്ന് പതിറ്റാണ്ട് പ്രസിഡന്റെന്ന നിലയിൽ ഏകാധിപത്യ ഭരണം നടത്തിയ അബ്ദുൽ ഗയൂമിന്റെ സഹപ്രവർത്തകർക്കെതിരെ എടുത്ത അഴിമതി കേസുകളിൽ, അവരെ പ്രോസിക്യൂട്ടു ചെയ്യാൻ വിസമ്മതിച്ചതിനാണ് ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ബലം പ്രയോഗിച്ച് അമർച്ച ചെയ്യാൻ നഷീദ് നിർദ്ദേശിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉത്തരവുകൾ അനുസരിക്കാൻ പൊലീസ് സേന തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിൽ 2012 ഫെബ്രുവരിയിൽ നഷീദിന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 2013ൽ അബ്ദുൾ ഗയൂമിന്റെ അർദ്ധ സഹോദരനായ അബ്ദുൾ യമീൻ, ഗയൂമിന്റെ കൂടി പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി നഷീദിനെ അറസ്റ്റു ചെയ്യുകയും 13 വർഷത്തേക്കു ശിക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, നഷീദിനു മത്സരിക്കാനും സാധിച്ചില്ല. പ്രതിപക്ഷത്തിന്റെ സ്വതന്ത്രമായ പ്രവർത്തനം തടസപ്പെടുത്തിയും ജനാധിപത്യവിരുദ്ധമായ രീതിയിലുമാണ് അന്ന് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭയ്ക്കു തന്നെ അപലപിക്കേണ്ടിവന്നു.

പ്രതിപക്ഷം പ്രക്ഷോഭം ആരംഭിക്കുന്നു

പ്രസിഡന്റായ ശേഷം, യമീൻ ആളുമാറി. അദ്ദേഹവും മറ്റൊരു ഏകാധിപതിയുടെ രൂപം കൈക്കൊണ്ടു. ഘടകകക്ഷി നേതാക്കളെയും തന്റെ പാർട്ടിയായ പ്രോഗ്രസീവ് പാർട്ടിയിലെ നേതാക്കളെയും അദ്ദേഹം അവഗണിച്ചു. അഴിമതിയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും യമീൻ നടത്തുന്നുവെന്നാരോപിച്ച് എം.ഡി.പി പ്രക്ഷോഭം ആരംഭിച്ചു. യമീനു പിന്തുണ
നൽകിയ ജംഹുറി പാർട്ടി നേതാവും ധനികനുമായ ഗാസിം ഇബ്രാഹിം, പിന്തുണ പിൻവലിച്ച് നഷീദ് നേതൃത്വം നൽകുന്ന പ്രതിപക്ഷ ചേരിയിലേക്ക് മാറി. ഇതിനിടെ അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ആംനസ്റ്റി ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ചികിത്സയ്ക്കായി ബ്രിട്ടനിൽ പോകാൻ നഷീദിന് മാലി സർക്കാർ പരോൾ നൽകാൻ നിർബന്ധിതരായി. ബ്രിട്ടനിൽ എത്തിയശേഷം നഷീദ് അവിടെ രാഷ്ട്രീയാഭയം തേടി. മാലിയിൽ എത്തിയാൽ വീണ്ടും ജയിലിലാകുമെന്നറിയാവുന്നതിനാൽ അദ്ദേഹം ശ്രീലങ്ക കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. അർദ്ധ സഹോദരനായ ഗയൂമിന്റെ മകൾ, യമീൻ മന്ത്രിസഭയിൽ അംഗമായിരുന്നെങ്കിലും ഗയൂമുമായുള്ള അഭിപ്രായവ്യത്യാസത്തെതുടർന്ന് അവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും ഗയൂമിന്റെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഗയൂമും നഷീദിനൊപ്പം ചേർന്ന് യമീനെ പുറത്താക്കാനുള്ള യജ്ഞത്തിലാണ്.

ചൈനയോട് അടുപ്പം പുലർത്തി യമീൻ
അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും നിലപാട് തനിക്കെതിരാണെന്ന് മനസിലാക്കിയ യമീൻ, ചൈനയോടും പാകിസ്ഥാനോടും കൂടുതൽ സൗഹൃദം കാണിക്കാൻ തുടങ്ങി. ചൈനയുമായുള്ള വാണിജ്യം വർദ്ധിപ്പിക്കുകയും ചൈനയുടെ Belt and Road Initiative ൽ പങ്കാളിയാകുയും ചെയ്തു. 2014 ൽ ചൈനയുടെ പ്രസിഡന്റ് ഷിജിങ് പിംഗിനെ മാലിയിൽ ക്ഷണിച്ചുവരുത്തിയാണ് യമീൻ പിന്തുണ അറിയിച്ചത്.

ഇനിയെന്ത്?
സുപ്രീംകോടതി വിധി മാനിക്കണമെന്നും എത്രയുംവേഗം അത് നടപ്പിലാക്കണമെന്നും ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും യമീനോട് ആവശ്യപ്പെട്ടെങ്കിലും ഇൗ ആവശ്യത്തോട് നിഷേധാത്മക നിലപാട് പുലർത്തുന്ന യമീൻ വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജിമാരെയും അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെയും അറസ്റ്റ് ഉൾപ്പെടെയുള്ള ജനാധിപത്യവിരുദ്ധ നടപടികളെയും ലോകരാജ്യങ്ങളെല്ലാം അപലപിച്ചെങ്കിലും അത് മാലിദ്വീപിന്റെ ആഭ്യന്തര കാര്യമാണെന്നും മറ്റാരും ഇടപെടേണ്ടെന്നും മാലി സർക്കാരും ജനങ്ങളും തന്നെ പരിഹാരം കണ്ടത്തെട്ടെയെന്നുമാണ് ചൈനയുടെ നിലപാട്. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തെയും പ്രതിപക്ഷ പ്രവർത്തനങ്ങളെയും അടിച്ചമർത്തുന്ന യമീന്റെ ഏകാധിപത്യ നടപടികൾക്ക് തടയിടാൻ ഇന്ത്യ ഇടപെടണമെന്നാണ് മുൻ പ്രസിഡന്റ് നഷീദ് ആവശ്യപ്പെടുന്നത്.
മാലിദ്വീപിലെ സംഭവവികാസങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാൻ ഇന്ത്യയ്ക്കാവില്ല. അതുകൊണ്ടാണ് 1988 ൽ അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുൾ ഗയൂമിനെ അട്ടിമറിക്കാൻ പ്രതിപക്ഷ പിന്തുണയോടെ ചില പ്രതിലോമ ശക്തികൾ ശ്രമിച്ചപ്പോൾ ഇന്ത്യൻ സൈന്യത്തെ മണിക്കൂറുകൾക്കുള്ളിൽ മാലിയിലെത്തിച്ച് അട്ടിമറിശ്രമം പരാജയപ്പെടുത്താൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നിർദ്ദേശം നൽകിയത്. മാലിയിലെ ഇന്നത്തെ സംഭവവികാസങ്ങളിൽ കൈയുംകെട്ടി നോക്കിനിൽക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? അവസരത്തിനൊത്ത് നാം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ചൈനയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തിലുള്ള ശക്തികളുടെ കളിപ്പാവയായി യമീൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംവിധാനങ്ങളെയും ലോകരാഷ്ട്രങ്ങളെയും കോർത്തിണക്കി യമീനെ ജനാധിപത്യത്തിന്റെ വഴിയിലൂടെ നടത്താൻ മുൻകൈ എടുക്കേണ്ടത് ഇൗ മേഖലയിലെ വലിയ രാജ്യമെന്ന നിലയിൽ ഇന്ത്യയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ നയതന്ത്ര സമ്മർദ്ദങ്ങൾക്ക് മുമ്പിൽ വഴങ്ങാതിരിക്കാൻ യമീന് സാധിക്കുകയില്ല. യമീൻ വഴങ്ങുന്നില്ലെങ്കിൽ നമ്മുടെ ദേശീയസുരക്ഷയും ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷിതത്വവും മുൻനിറുത്തിയുള്ള എന്തുനടപടിയും സ്വീകരിക്കാൻ നാം തയ്യാറാവണം.

(ലേഖകന്റെ ഫോൺ:9847173177)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ