സാറിന്റെ അമ്മാവൻ മരിച്ച കാരണം അറിയാമോ? ജ്യോത്സ്യൻ പറഞ്ഞതുകേട്ട് പൊലീസുകാർ ഞെട്ടി
February 13, 2018, 12:03 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: 'സാറിന്റെ ഭാര്യയുടെ അച്ഛൻ രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ടുവല്ലേ? അതിന്റെ കാരണം ഇതാണ്...' പൊലീസ് സ്റ്റേഷനിലെത്തിയ ജ്യോത്സ്യൻ ആനന്ദൻ കാര്യ കാരണ സഹിതം പൊലീസുകാരന്റെ ഭൂതകാലം പറ‌ഞ്ഞപ്പോൾ ‌മ്യൂസിയം സ്‌റ്റേഷനിലെ പൊലീസുകാർ ഞെട്ടി. ഒരാളിൽ ഒതുക്കിയില്ല. സന്ദേഹം പ്രകടിപ്പിച്ചവരുടെ ഭൂതവും വർത്തമാനവും ഭാവിയും ചികഞ്ഞെടുത്തപ്പോൾ പൊലീസുകാർക്ക് ഒരു കാര്യം ബോദ്ധ്യമായി ആള് ചില്ലറക്കാരനല്ല!

ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരുടെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് തിരുനൽവേലിയിൽ താമസിക്കുന്ന ജ്യോത്സ്യൻ ആനന്ദിനെ വിളിച്ചു വരുത്തി മൊഴി എടുത്തത്. അതിനു കാരണങ്ങൾ രണ്ടായിരുന്നു.

ഒന്ന്- ജ്യോത്സ്യന് തങ്ങളുടെ പേരിലുള്ള വസ്തുവകകൾ നൽകണമെന്ന് ആനന്ദവല്ലി സമ്മതപത്രം എഴുതി വച്ചിരുന്നു.
രണ്ട്- ഈ കുടുംബം ഇടയ്ക്കിടയ്ക്ക് തിരുനൽവേലിയിൽ പോയി ജ്യോത്സ്യനെ കാണുമായിരുന്നു.

മരണത്തിൽ ദുരൂഹത കടന്നുവന്നതോടെ ജ്യോത്സ്യനെ ചിലരെങ്കിലും വില്ലനായി കണ്ടു. പക്ഷെ, മ്യൂസിയം പൊലീസ് വിളിച്ചപ്പോൾ ജ്യോത്സ്യൻ വണ്ടിയും പിടിച്ചിങ്ങ് പോന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി രണ്ട് ദിവസം ഇവിടെ കഴിഞ്ഞു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനിടയിൽ ജ്യോത്സ്യന്റെ പ്രവചന, ഗണന കഴിവിനെ പരിശോധിച്ചവർക്കാണ് ആള് കിടിലനാണെന്ന് ബോദ്ധ്യമായത്.

മ്യൂസിയം ക്രൈം എസ്.ഐ സീതാറാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുനൽവേലിയിലെത്തി ജ്യോത്സ്യനെ പറ്റി അന്വേഷിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തന്റെ പേർക്ക് സ്വത്ത് എഴുതി വച്ചിരിക്കുന്നതായും ജ്യോത്സ്യന് അറിയില്ലായിരുന്നു. തമിഴ്നാട്ടിലെ പല പ്രമുഖരും ആശ്രയിക്കുന്ന ജ്യോത്സ്യനാണ് ആനന്ദ്. നല്ല ആസ്തി അദ്ദേഹത്തിനുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സുകുമാരൻനായർക്കും കുടുംബത്തിനും ഇത്തരത്തിലൊരു അവസാനമുണ്ടാകുമെന്ന് ഗണിക്കാൻ ജ്യോത്സ്യന് കഴിഞ്ഞില്ലെന്നാണ് തമാശയായി പൊലീസുകാർ തന്നെ പറയുന്നത്. തനിക്ക് പൊലീസ് സ്റ്റേഷൻ കയറേണ്ടി വരുമെന്ന് മുൻകൂട്ടി കാണാനും ജ്യോത്സ്യന് കഴിയാതെ പോയി.

# ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്
കൂട്ടമരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. സനാതനൻ കടുത്ത മാനസിക പിരിമുറുക്കത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശാസ്തമംഗലത്തെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നു പേരേയും തൂങ്ങിമരിച്ച നിലയിൽ ഫെബ്രുവരി മൂന്നിന് രാത്രിയാണ് പൊലീസ് കണ്ടെത്തിയത്. തങ്ങൾ മരിക്കുകയാണെന്ന് കാണിച്ച് സുകുമാരൻ നായർ പൊലീസിന് കത്ത് അയച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ