കര ഭൂമി രേഖകളിൽ നിലമായി:കണ്ണീ‌‌ർക്കയത്തിൽ കർഷകർ
February 14, 2018, 12:02 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ കൈപ്പിഴ മൂലം രേഖകളിൽ നിലമാക്കി മാറ്റിയ സ്വന്തം ഭൂമി തിരിച്ചു കിട്ടാൻ ലക്ഷക്കണക്കിന് കർഷകർ സർക്കാരിന്റെ കനിവ് തേടുന്നു. 2008 ലെ തണ്ണീ‌ർത്തട -നെൽവയൽ സംരക്ഷണ നിയമത്തെ തുടർന്നാണ് നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും നിലനിറുത്താൻ സർക്കാർ കൃഷി ഒാഫീസർമാരെയും വില്ലേജ് ഓഫീസർമാരെയും ഉപയോഗിച്ച് ഡാറ്രാ ബാങ്ക് തയ്യാറാക്കിയത്. പലയിടത്തും സ്ഥലത്ത് പോയി പരിശോധന നടത്താതെയാണ് ഇത് ചെയ്തത്. 50 ഉം 60ഉം വർഷം മുമ്പ് വയൽ നികത്തിയ ഭൂമിയും കരഭൂമിയുമൊക്കെ വീണ്ടും നിലമായി.
 2008ന് മുമ്പ് പാടം നികത്തിയ ഭൂമി ഡാറ്രാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ , റവന്യൂ രേഖകളിൽ നിലമാണെങ്കിലും ന്യായവിലയുടെ 50 ശതമാനം അടച്ച് ക്രമവത്കരിക്കാം.
 ഡാറ്രാ ബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ 100 രൂപ കോർട്ട് ഫീസ് സ്റ്രാമ്പ് പതിച്ച് കർഷക പ്രതിനിധികൾ അടങ്ങിയ പ്രാദേശിക നിരീക്ഷണ സമിതിയുടെ കൺവീനറായ കൃഷി ഓഫീസർക്ക് നൽകണം.
 കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ചേർന്ന് സ്ഥല പരിശോധന നടത്തണം. സ്ഥലം തണ്ണീർത്തടമാണോ എന്ന് നിർണ്ണയിക്കേണ്ടത് കൃഷി ഓഫീസറാണ്. തുടർന്ന് ഇത് സംബന്ധിച്ച വിജ്‌‌‌ഞാപനം പുറപ്പെടുവിക്കണം.
 2008ലെ ഭൂമിയുടെ അവസ്ഥ ഇപ്പോഴത്തെ സ്ഥിതി വ ച്ച് നിർണയിക്കാൻ സാദ്ധ്യമാകാതിരുന്നാലേ റിമോട്ട് സെൻസിംഗ് സെന്ററിന്റെ പരിഗണനയ്ക്ക് അയക്കേണ്ടതുള്ളൂ. ഇതിന് പണമടച്ച് എഫ്.എം.ബി സ്കെച്ച് സംഘടിപ്പിക്കണം. സാറ്രലൈറ്ര് പരിശോധനയ്ക്ക് 1500 രൂപ അടയ്ക്കണം.

കെട്ടിക്കിടക്കുന്നത് 4 ലക്ഷം അപേക്ഷകൾ

നവംബർ അവസാനം വരെ ലഭിച്ച 300 മുതൽ 1500 വരെ അപേക്ഷകളാണ് ഓരോ കൃഷി ഭവനിലും കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്താകെ നാല് ലക്ഷത്തോളം അപേക്ഷകൾ. പ്രാഥമിക പരിശോധനയിൽ നിലമല്ലെന്ന് ബോദ്ധ്യപ്പെടുന്നിടത്തും സാറ്രലൈറ്ര് പരിശോധന വേണമെന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്. 50 വർഷം വരെ പഴക്കമുള്ള മരങ്ങളുണ്ടായിട്ടും രക്ഷയില്ലെന്നാണ് കർഷകരുടെ പരാതി.

ജോലിഭാരമെന്ന് കൃഷി ഓഫീസർമാർ
സാമ്പത്തിക വർഷാവസാനത്തിൽ ൽ പദ്ധതി നടത്തിപ്പിന്റെ ഭാരമുള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് കൃഷി ഓഫീസർമാരുടെ വിശദീകരണം.നിയമ പ്രകാരം സാറ്രലൈറ്ര് പരിശോധന നടത്തിയാലേ 2008ന് മുമ്പ് വയലായിരുന്നോയെന്ന് തീരുമാനിക്കാനാവൂ എന്നും അവർ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ