രണ്ടു വർഷം കൂടി കാത്തിരിക്കാം
February 14, 2018, 12:40 am
കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അറുനൂറു കിലോമീറ്ററിലധികം ദൈർഘ്യം വരുന്ന ജലപാത; ഏതൊരു രാജ്യത്തെയും മോഹിപ്പിക്കുന്ന വരദാനമാണത്. സംസ്ഥാനത്തിന്റെ പല സ്വപ്ന പദ്ധതികളുടെയും കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടും മുഴുമിപ്പിക്കാനാവാതെ വർഷങ്ങളായി അതങ്ങനെ കിടക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലും ഈ ദേശീയ ജലപാത പൂർത്തീകരണത്തിന് പുതിയൊരു കുറി കൂടി കുറിച്ചിട്ടുണ്ട്. കോവളം മുതൽ കാസർകോട് ബേക്കൽ വരെ നീളുന്ന ജലപാതയുടെ ഒന്നാം ഘട്ടം 2020 മാർച്ചിൽ പൂർത്തിയാക്കണമെന്നാണ് യോഗ തീരുമാനം. 2022 ആകുമ്പോൾ രണ്ടാം ഘട്ടവും. ഓരോ ഘട്ടത്തിലെയും പ്രവൃത്തികൾ സമയബന്ധിതമായി തീർക്കണമെന്നാണ് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകിയ നിർദ്ദേശം. ഈ മന്ത്രിസഭയുടെ കാലാവധി കഴിയുന്നതിനു മുൻപു തന്നെ ജലപാത യാഥാർത്ഥ്യമായിക്കാണാൻ ജനങ്ങൾക്ക് ഭാഗ്യം കൈവരട്ടെ എന്നാണ് പ്രാർത്ഥന. കാരണം പതിറ്റാണ്ടുകളായി ജനങ്ങൾ അത്തരമൊരു അസുലഭ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ്.
ജലപാതയുമായി ബന്ധപ്പെട്ട് ഏറെ പണികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
പലേടത്തും വീതി കൂട്ടാനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണു തടസങ്ങളുള്ളത്. സംസ്ഥാന സർക്കാരിന്റെ ചുമതലയിൽപ്പെട്ട കാര്യമാണത്. വിവിധ വകുപ്പുകളുടെ ഏകോപനം പരമാവധി ആവശ്യമായ മേഖലയാണിത്. ഏകോപനം വേണ്ടത്ര ഇല്ലാത്തതാണ് കാര്യങ്ങൾ എങ്ങുമെത്താതെ നീണ്ടുപോകാൻ കാരണം. ജലപാത നിർമ്മാണത്തിനാവശ്യമായ പണത്തിന്റെ നല്ലൊരു ഭാഗം കേന്ദ്രമാണ് വഹിക്കുന്നത്. മുൻകാലങ്ങളിൽ അനുവദിച്ച ഫണ്ടിൽ അധിക പങ്കും ചെലവഴിക്കപ്പെടാതെ പോവുകയായിരുന്നു. 'ഗെയിൽ' പൈപ്പ് ലൈൻ പദ്ധതിയെന്ന പോലെ ജലപാതയുടെ പൂർത്തീകരണവും സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞ സ്ഥിതിക്ക് തടസങ്ങളെല്ലാം ഒഴിവാക്കി പദ്ധതി രണ്ടുവർഷം കൊണ്ട് കമ്മിഷൻ ചെയ്യാനാവശ്യമായ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വടക്ക് മാഹി മുതൽ വളപട്ടണം വരെ പുതുതായി സ്ഥലമെടുത്ത് കനാൽ കുഴിച്ചാലേ ജലപാത ബേക്കലിൽ എത്തുകയുള്ളൂ. സ്ഥലമെടുപ്പ് മേയ് മാസത്തിൽ പൂർത്തിയാക്കണമെന്നാണ് അവലോകന യോഗത്തിലെ തീരുമാനം. ജലപാതയ്ക്ക് വിഘാതമായി ഒട്ടേറെ സ്ഥലങ്ങളിൽ കുരുക്കുകളുണ്ട്. തിരുവനന്തപുരത്ത് പാർവതി പുത്തനാർ പുനരുദ്ധരിക്കേണ്ടതുണ്ട്. മാലിന്യവും ചെളിയും അടിഞ്ഞും കരകൾ നികന്നും കിടക്കുന്ന പുത്തനാർ നവീകരണ പ്രവൃത്തികൾ ഏപ്രിലിൽ തുടങ്ങാനാണ് തീരുമാനം. ഇരു കരകളിലുമുള്ള കൈയേറ്റം വലിയ തോതിലുള്ളതാണ്. വീതി കൂട്ടലിന്റെ ഭാഗമായി പല കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടിവരും. അടുത്തകാലത്ത് റവന്യൂ വകുപ്പ് നടത്തിയ സർവേ പ്രകാരം പുത്തനാറിന്റെ ഇരു കരകളിലുമായി രണ്ടായിരത്തിലേറെ കൈയേറ്റങ്ങളാണു കണ്ടെത്തിയത്. ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ട്. ഉപയോഗശൂന്യമായ നിലയിലെത്തിയ വർക്കല തുരപ്പിന്റെ നവീകരണവും പ്രധാനപ്പെട്ടതാണ്. സാങ്കേതിക വിദ്യകൾ ഏറെ പുരോഗതി പ്രാപിച്ച നിലയിലായതിനാൽ ഇതൊന്നും ഇന്ന് വലിയ വെല്ലുവിളിയൊന്നുമല്ല. ഉൾനാടൻ ജലപാതകൾ കൊണ്ട് സംസ്ഥാനം അനുഗൃഹീതമാകയാൽ പുതിയ ദേശീയ ജലപാതയുമായി അവയെ ബന്ധിപ്പിക്കാനും എളുപ്പമാണ്.
കോവളം മുതൽ കാസർകോട് വരെ നീളുന്ന ജലപാത സാദ്ധ്യമായാൽ വിനോദ സഞ്ചാര മേഖലയ്ക്കും ചരക്കു നീക്കത്തിനും അനന്ത സാദ്ധ്യതകളാണ് അതു തുറന്നിടുന്നത്. ഇപ്പോൾത്തന്നെ സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന് ബോട്ടിംഗ് ഉൾപ്പെടെയുള്ള ജലവിനോദങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവായിട്ടും ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ധാരാളം സഞ്ചാരികൾ എത്തുന്നത് ഇത്തരം സൗകര്യങ്ങൾ ഉള്ളതിനാലാണ്. ദേശീയ ജലപാത പൂർത്തിയാകുന്നതിനൊപ്പം വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിനോദയാത്രക്കാർക്കായി ഉല്ലാസ നൗകകൾ ഏർപ്പെടുത്താവുന്നതാണ്. യാത്രാബോട്ടുകളും സർവീസിനിറക്കിയാൽ റോഡിലെ തിരക്കും കുറയ്ക്കാനാകും. മറ്റൊരു പ്രധാന നേട്ടം ചരക്കു നീക്കത്തിന് ഏറ്റവും ചെലവു കുറഞ്ഞ വഴി തുറന്നുകിട്ടുമെന്നതാണ്. പാചകവാതകം ഉൾപ്പെടെ അപകട സ്വഭാവമുള്ള ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമാണ് ജലപാതകൾ. വിനോദ സഞ്ചാര മേഖല പതിന്മടങ്ങ് അഭിവൃദ്ധിപ്പെടാനും അത് വഴിയൊരുക്കും.
മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ എന്നേ പൂർണ വികാസം സാദ്ധ്യമാകുമായിരുന്ന ജലപാതയാണിത്. ഭാവനയോ ദീർഘവീക്ഷണമോ ഇല്ലാത്തതുകൊണ്ടു മാത്രമാണ് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ ദേശീയ ജലപാത യാഥാർത്ഥ്യമാകാതെ കിടക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ഉണർവ് ഏതായാലും വലിയ നേട്ടത്തിൽത്തന്നെ കലാശിക്കുമെന്ന് ആശിക്കാം. 2020 മാർച്ചിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ