കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കാൻ നടപടി തുടങ്ങി
February 12, 2018, 12:10 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം:കെ. എസ്. ആർ. ടി. സിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കോർപ്പറേഷൻ സി. എം. ഡിയും ധനകാര്യ, ഗതാഗത സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി എല്ലാമാസവും കെ.എസ്.ആർ.ടി.സിയുടെ മികവുകൾ ചർച്ച ചെയ്‌ത് പിഴവുകൾ തിരുത്തും. കിഫ്ബി അനുവദിച്ച പണം കൊണ്ട് 900 ബസുകൾ വാങ്ങുന്നതോടെ ബസുകളുടെ കുറവ് പരിഹരിക്കും.

കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കാനുള്ള നടപടികളും ആരംഭിച്ചു. കൊച്ചിയിലും കോഴിക്കോടും മേഖലാ ഓഫീസുകൾ തുറക്കും. ഹെഡ് ഓഫീസായ തിരുവനന്തപുരം മേഖലയിൽ ട്രാൻസ്പോർട്ട് ഭവനിലെ കുറച്ചു ജീവനക്കാരെ ഈ മേഖലാ ഓഫീസുകളിൽ നിയോഗിക്കും. മേഖലാ ഓഫീസർമാരേയും നിയമിക്കും. ഓരോ മേഖലയേയും സ്വയംപര്യാപ്തമാക്കുന്ന പദ്ധതികളും നടപ്പാക്കും.

കമ്മിറ്റിയുടെ ചുമതലകൾ
ഒരു മാസത്തിനുള്ളിൽ പ്രതിദിന വരുമാനം എട്ടു കോടിയാക്കുക
സ്വന്തമായി ശമ്പളം നൽകാൻ കോർപ്പറേഷനെ പ്രാപ്തമാക്കുക
പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുക
ഒരു ബസിന് 5.5 എന്ന അനുപാതത്തിൽ ജീവനക്കാരെ വിന്യസിക്കുക
കണ്ടക്ടർ, ഡ്രൈവർ തസ്തികളിൽ ഒഴികെ പുതിയ നിയമനം നടത്താതിരിക്കുക
എം - പാനൽ, താത്കാലിക ജീവനക്കാരെ നിയമിക്കാൻ പുതിയ മാനദണ്ഡം കൊണ്ടുവരിക
അലസന്മാരായ ജീവനക്കാരെ പിരിച്ചുവിടുക. സർവീസുകൾ വർദ്ധിപ്പിച്ച് വരുമാനം കൂട്ടുക
കട്ടപ്പുറത്തിരിക്കുന്ന ബസുകൾ പണി ചെയ്‌ത് നിരത്തിലിറക്കുക
തുടർച്ചയായി ഹാജരാകാതെ മറ്റ് ജോലികൾ ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1200 ജീവനക്കാരെ പരിച്ചുവിടുക
ചീഫ് ഓഫീസിലെ നിഷ്‌ക്രിയ തസ്തികൾ ഇല്ലാതാക്കുക. സംഘടനാ നേതാക്കളോ മാനേജ്മെന്റിന് വേണ്ടപ്പെട്ടവരോ ആണ് ഈ തസ്തികളിൽ ജോലി ചെയ്യുന്നത്.

നടക്കട്ടെ, ഈ സുന്ദര സ്വപ്നം
വരുമാനം കൂട്ടാൻ മാനേജ്മെന്റ് വഴി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വായ്പകളുടെ പ്രതിദിന തിരിച്ചടവ് 2.90 കോടി രൂപയാണ്. ബാങ്ക് കൺസോർഷ്യം വഴി 3,500 കോടി ദീർഘകാല വായ്പ ലഭിക്കുന്നതോടെ തിരിച്ചടവ് 90 ലക്ഷമായി കുറയും. രണ്ട് കോടി രൂപ ലാഭം. ബസ് ചാർജ് വർദ്ധിപ്പിക്കുകയും സർവീസ് കാര്യക്ഷമമാക്കുകയും ചെയ്‌യുമ്പോൾ പ്രതിദിനം ഒരു കോടിയുടെ വരുമാന വർദ്ധനയുണ്ടാകും. അപ്പോൾ ദിവസം മൂന്ന് കോടിയുടെ നേട്ടം. ഒരു മാസം 90 കോടി രൂപ. ശമ്പളത്തിന് 80 കോടിയും മറ്റ് ആനുകൂല്യങ്ങൾക്ക് ആറ് കോടിയും വേണം. അത് കഴിഞ്ഞാലും നാല് കോടി മിച്ചമുണ്ടാകും!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ