കല്യാണം നടത്തി തളർന്ന പൊലീസ് സ്റ്റേഷൻ
February 12, 2018, 12:02 am
ഗിരി അരവിന്ദ്
കല്ലമ്പലം : ദേശീയപാതയിൽ ആഴാം കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കല്ലമ്പലം പൊലീസ് സ്റ്റേഷന് ക്രമസമാധാന പരിപാലനത്തോടൊപ്പം കമിതാക്കളുടെ കല്യാണം നടത്തിപ്പിന്റെകാർമ്മികത്വം വഹിക്കേണ്ട അവസ്ഥയാണ് .കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇരുപത്തഞ്ചോളം ഒളിച്ചോട്ടക്കാരാണ് സ്റ്റേഷനിൽ അഭയം തേടി കല്യാണം കഴിച്ചു പോയത്.
മാൻ മിസിംഗിനു ലഭിക്കുന്ന പരാതിയിൽ അന്വേഷണം നടത്തുന്ന പൊലീസിന്റെ മുന്നിലേയ്ക്ക് പെൺകുട്ടിയുടെ കൈയും പിടിച്ചു യുവാവ് കയറി വരുന്നതോടെ പൊലീസും ധർമ്മ സങ്കടത്തിലാകുന്നു.നിയമ പ്രകാരം കോടതിയിൽ ഹാജരാക്കൽ മാത്രമാണ് ഏക പോംവഴിയെന്നിരിക്കെ സമൂഹത്തിന്റെ മുന്നിലുളള അപമാനങ്ങൾ പലപ്പോഴും പെൺകുട്ടിയുടെ വീട്ടുകാരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു .തുടർന്ന് പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഉടമ്പടി പ്രകാരം പൊലീസ് സ്റ്റേഷൻ തന്നെ കല്യാണമണ്ഡപമാക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കാരണം പിന്നീടുണ്ടായേക്കാവുന്ന നാണക്കേടുകളോർത്ത് വീട്ടുകാർ ബന്ധത്തിന് നിർബന്ധിതരാവുകയാണ് പതിവ്. എന്നാൽ മൂന്നു മാസത്തെ മധുവിധുകഴിഞ്ഞ പല ബന്ധങ്ങളും വേർപെട്ടു പോയതിന്റെ വിഷമത്തിലാണ് വീട്ടുകാരും നടത്തിക്കൊടുത്ത പൊലീസുകാരും.ചേന്നൻകോഡ്,മുള്ളറംകോട്,നെല്ലിക്കോട്,തുടങ്ങിയ സ്ഥലങ്ങളാണ് ബന്ധങ്ങളറ്റ ഒളിച്ചോട്ടക്കാരെ കൊണ്ട് വീർപ്പു മുട്ടുന്നത്.ഡിഗ്രി മുതൽ എം.ബി.എ, എം.ബി.ബി.എസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസം നേടുന്നവരും പരിശീലനം നടത്തുന്നവരുമായ പെൺകുട്ടികളാണ് പളപളപ്പൻ ബൈക്കുകളിൽ ചെത്തുന്ന ഫ്രീക്കൻമാരുടെ കെണിയിൽ വീണു ജീവിതം ഹോമിക്കുന്നത്.പെൺകുട്ടി അൽപം ബോൾഡാണെങ്കിൽ വളയ്ക്കാൻ ഒരു ത്രില്ലാണെന്നാണ് ഫ്രീക്കർമാരുടെ ഇടയിലെ പൊതു സംസാരം .വലയിൽ വീഴുന്ന പെൺകുട്ടികൾക്ക് മുന്തിയ ഇനം മൊബൈലുകൾ സമ്മാനിക്കുകയാണ് ആദ്യപടി. ഇത്തരക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെടുത്താൻ രക്ഷാകർത്താക്കളോ നിയമപാലകരോ ശ്രമിച്ചാൽ പെൺകുട്ടിയെക്കുറിച്ച് അപഖ്യാതികൾ പറഞ്ഞു പരത്താൻ തുടങ്ങും.അതോടെ ആ ശ്രമവും ഫലം കാണുന്നില്ല.കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ നടന്ന വിവാഹങ്ങൾ 24 .പ്രായപൂർത്തി നിയമത്തിനു മുന്നിൽ രക്ഷിതാക്കൾക്കും പൊലീസിനും നിസഹായരാവാനേ കഴിയുന്നുളളൂ എന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു.പോരാത്തതിന് ഒളിച്ചോട്ടക്കാരുടെ സംരക്ഷണത്തിനായി ഉന്നതരും സ്റ്റേഷനിൽ എത്തുന്നതോടെ നിയമങ്ങൾക്കു മുന്നിൽ പൊലീസിനും ഒന്നും ചെയ്യാനാകില്ല. ഇതിനിടയിൽ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അടങ്ങിയ സംഘത്തെ കൊണ്ട് ബോധവത്ക്കരണ ക്ളാസുകൾ നടത്തുന്നതിനുളള തയാറെടുപ്പിലാണ്.

ഒരു ഫ്രീക്കൻ ഐഡിയ
പെൺകുട്ടികളെ പാട്ടിലാക്കാൻ ഇക്കൂട്ടർ ഒരു വാട്സ് ആപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ടത്രേ.നോട്ടമിട്ട പെൺകുട്ടിയുടെ സഞ്ചാരപാതകളും അഭിരുചികളും മനസിലാക്കി അവയെല്ലാം ഗ്രൂപ്പിലെ മറ്റുളളവർക്കു പകർന്നു നൽകുകയും അത് വഴി വശീകരിക്കുന്നതിനുളള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് പുതിയ രീതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ