ഒരു സങ്കീർത്തനംപോലെ പെരുമ്പടവം
February 12, 2018, 1:18 am
സജീവ് കൃഷ്ണൻ
ആശാന്റെ ജീവിതം നോവലാക്കി എൺപതിന്റെ നിറവിൽ തിരുവനന്തപുരം: 'പ്രത്യേകിച്ചൊന്നുമില്ല. അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഒരു ജീവിതമാണ് എന്റേത്. അപ്പോൾ പിന്നെ വന്നുകയറുന്ന പിറന്നാളും കടന്നുപോയവയേക്കാൾ ഭിന്നമല്ല'.
തമലത്തെ വീട്ടിൽ എൺപതിന്റെ ഉടവുതട്ടാത്ത ചിരിയോടെ പെരുമ്പടവം ഇതു പറയുമ്പോൾ കൈയിൽ 102-ാം പതിപ്പിലെത്തിയ മാസ്റ്റർ പീസ് 'ഒരു സങ്കീർത്തനംപോലെ' തിളങ്ങുന്നു.
യൗവനത്തിന്റെ പച്ചപ്പിൽ എഴുതി ജീവിക്കാൻ എടുത്ത തീരുമാനത്തിന്റെ കരുത്ത് എൺപതിന്റെ നിറവിലും പെരുമ്പടവത്തിന്റെ ഉള്ളിലുണ്ട്. ഈ വേളയിൽ വായനക്കാർക്കുള്ള സമ്മാനമായി മഹാകവി കുമാരൻ ആശാന്റെ ജീവിതം 'അവനിവാഴ്‌വ് കിനാവ് ' എന്ന പുതിയ നോവൽ ഒരുങ്ങുകയാണ്. ഏതാനും മിനുക്കലുകൾ മാത്രം ബാക്കി.
'ദസ്തേവ്സ്കിയും ആശാനും എന്നും മനസിന്റെ ഇടവും വലവുമുണ്ട്. സ്നേഹത്തിനായി കൊതിച്ചവരാണ് രണ്ടാളും. കിട്ടിയ സ്നേഹത്തെ ആവോളം നുകരുമ്പോഴും കിട്ടാത്ത സ്നേഹത്തെയോർത്ത് വിലപിച്ചവർ. ഞാനും സ്നേഹത്തിന്റെ കാര്യത്തിൽ ഒരു പരാതിക്കാരനാണ്. സൗഹൃദങ്ങളിൽനിന്നും വായനാസമൂഹത്തിൽനിന്നും സ്നേഹം വാരിക്കോരി ലഭിച്ചിട്ടും ആത്മാവിനുള്ളിൽ ഏകാകിയാകുന്നു. അതാണ് ദസ്തേവിസ്കിയോടു കുമാരനാശാനോടും ഓരംചേർന്ന് നടക്കുന്നത്.'- പെരുമ്പടവും പറയുന്നു.
പ്രസംഗത്തിൽ വാക്കുകൾക്ക് പിശുക്കേർപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. എന്നാൽ അദ്ദേഹം പിശുക്കില്ലാതെ പറഞ്ഞ ഒരു സത്യമുണ്ട്: 'എഴുതിജീവിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത ഭാഷയാണ് മലയാളം. പക്ഷേ, അതിൽ എഴുതിജീവിച്ച മൂന്നുപേരെയാണ് ഞാൻ കണ്ടിട്ടുള്ളത്. ഒന്നാമൻ ബഷീറാണ്. രണ്ടാമൻ എസ്.കെ. പൊറ്റക്കാട്. ആ വരിയിൽ മൂന്നാമൻ പെരുമ്പടവമാണ്.'
ചിന്താസ്വാതന്ത്ര്യം നിലനിറുത്താൻ 14 ജോലികളാണ് പെരുമ്പടവം ഉപേക്ഷിച്ചത്. അക്കാലത്തെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണത്തിലെ അവസാനജോലിയും വിട്ടിറങ്ങുമ്പോൾ വീട്ടിൽ എത്താനുള്ള വണ്ടിക്കൂലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഞാനിന്നും ഒരു രാജകുമാരൻ:
പെരുമ്പടവത്തെ കാവുകളിലെ ഉത്സവത്തിന് ചെണ്ടയിൽ മഴപെയ്യുംപോലെ തിമർത്ത കലാകാരന്മാരെ കണ്ടിട്ട് എല്ലാവരെയും ത്രസിപ്പിക്കുന്ന ചെണ്ടക്കാരനാകണം എന്നായിരുന്നു ആദ്യത്തെ ആഗ്രഹം. പിന്നെ കവിയാകണമെന്നാഗ്രഹിച്ചു. എഴുത്തുകാരൻ എന്ന പേര് എന്നെ എന്നും കൊതിപ്പിക്കുന്നതാണ്. അതായിത്തീർന്നു എന്നതാണ് തിരിഞ്ഞുനോക്കുമ്പോൾ ലഭിക്കുന്ന ചാരിതാർത്ഥ്യം.
വായനക്കാരുടെ സ്നേഹവാത്സല്യങ്ങളിൽ ഞാനിന്നും ഒരു രാജകുമാരനാണ്. എഴുത്ത് എവിടെയും വഴിമുട്ടിയിട്ടില്ല. കഴിഞ്ഞ 12 വർഷം സ്നേഹഭാജനമായ ലൈലയെ ശുശ്രൂഷിക്കാൻ മാറ്റിവച്ചു. പുതുതായി ഒന്നുംതന്നെ എഴുതാത്ത ഒരു വ്യാഴവട്ടം. ആ സമയത്തും അതുവരെ എഴുതിയ അക്ഷരങ്ങൾ എനിക്ക് ചെലവിനുതന്നു.

പരിഭവമില്ല
സൗഹൃദം മറന്നുപോലും വിമർശിച്ച ഒരു നിരൂപകനുണ്ട്. ഞാനൊരിക്കലും അദ്ദേഹത്തോട് പരിഭവിച്ചിട്ടില്ല. പിന്നീട് അക്കാഡമി പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ നീട്ടിയ സൗഹൃദഹസ്തം അദ്ദേഹം നിറഞ്ഞ മനസോടെ ചേർത്തുപിടിച്ചപ്പോൾ ഞാൻ കണ്ടത് ആ നല്ല മനസിന്റെ വലിപ്പമായിരുന്നു.
crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ