ബി.ജെ.പിയെ തോല്പിക്കാൻ പോലും കോൺഗ്രസുമായി ധാരണ വേണ്ട: സി.പി.എം കരട് രേഖ
February 14, 2018, 12:02 am
സി.പി. ശ്രീഹർഷൻ
തിരുവനന്തപുരം: മതേതര, ജനാധിപത്യ കക്ഷികളെ അണിനിരത്തി ബി.ജെ.പിയെയും സഖ്യശക്തികളെയും തോല്പിക്കുകയാണ് മുഖ്യദൗത്യമെങ്കിലും അതിന് കോൺഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ പാടില്ലെന്ന് സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ രേഖ. ദേശീയതലത്തിൽ ഇടതുപാർട്ടികളിൽ ചിലത് വ്യത്യസ്ത നിലപാടുകളെടുത്ത് നിൽക്കുന്നത് ഐക്യത്തിന്റെ ശക്തിക്ക് തടസമാകുന്നുവെന്നും രേഖ പറയുന്നു. കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി യോജിക്കണമെന്ന രാഷ്ട്രീയലൈൻ ആണ് സി.പി.ഐ എടുത്തിരിക്കുന്നതെന്ന് ഈ ഭാഗത്ത് ഓർമ്മിപ്പിക്കുന്നത് ശ്രദ്ധേയം. ആർ.എസ്.പിയുടെയും ഫോർവേഡ് ബ്ലോക്കിന്റെയും കേരള ഘടകങ്ങൾ യു.ഡി.എഫിലാണെന്നും ചൂണ്ടിക്കാട്ടുന്നു.

ദേശീയതലത്തിൽ ഇടത് മതേതര ബദൽ ആകണം രാഷ്ട്രീയപ്രചാരണവേദികളിൽ ഉയർത്തിക്കാട്ടേണ്ടത്. അതിന് സാദ്ധ്യമാകുന്ന കക്ഷികളെയെല്ലാം അണിനിരത്താനാകണം. പാർട്ടിയുടെ ഈ രാഷ്ട്രീയനയത്തിനനുസരിച്ച് പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ സ്വരൂപിക്കാനാവുന്നതാകണം അടവുനയം. ജനങ്ങളുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തുകയും വർഗ, ബഹുജന പോരാട്ടങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സ്വാധീനമില്ലാത്ത മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്താനാകൂ എന്ന് രേഖ ഓർമ്മിപ്പിക്കുന്നു.

കേന്ദ്രത്തിലേത് വർഗീയ ഭരണകൂടം
കേന്ദ്രത്തിലേത് ഏകാധിപത്യ-വർഗീയ ഭരണകൂടമെന്നാണ് രേഖ പറയുന്നത്. ഫാസിസ്റ്റ് ഭരണകൂടമെന്ന സി.പി.ഐയുടെയും ജനറൽ സെക്രട്ടറി യെച്ചൂരിയുടേതുമടക്കമുള്ള വാദഗതികളെ തള്ളുകയാണ് ഇതുവഴി. സങ്കുചിത ദേശീയവാദവും അസഹിഷ്ണുതയും കൈമുതലായുള്ള പ്രതിലോമശക്തിയാണ് ബി.ജെ.പി. ഫാസിസ്റ്റ് ശക്തിയായ ആർ.എസ്.എസിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സാധാരണ ബൂർഷ്വാപാർട്ടി.

കോൺഗ്രസ്
വൻകിട ബൂർഷ്വാ- ഭൂപ്രഭുവർഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന കോൺഗ്രസിന് ബി.ജെ.പിയുടെ അതേ വർഗസ്വഭാവം. ഇതിന്റെ സ്വാധീനവും സംഘടനാശേഷിയും ഇടിഞ്ഞു. വർഗീയശക്തികൾക്കെതിരെ സ്ഥിരതയുള്ള പോരാട്ടത്തിന് കെല്പില്ല. നവ ഉദാരവത്കരണ അജൻഡയുടെ പ്രയോക്താക്കളാണ്.

പ്രാദേശികപാർട്ടികളുടേത് അവസരവാദം
പ്രാദേശിക പാർട്ടികളിൽ പലതും നവ ഉദാരവത്കരണനയത്തിന്റെ വക്താക്കൾ. കേന്ദ്രത്തിൽ മാറിമാറി വരുന്ന കോൺഗ്രസ്, ബി.ജെ.പി കക്ഷികളുമായി തരാതരം പോലെ നേട്ടത്തിനായി സഖ്യമുണ്ടാക്കുന്നു. 2014ൽ അകാലിദളും ടി.ഡി.പിയും എ.ജി.പിയും മാത്രമായിരുന്നു ബി.ജെ.പി സഖ്യകക്ഷികൾ. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യു ബി.ജെ.പി വിരുദ്ധ നിലപാട് മാറ്റി മതേതരസഖ്യത്തെ വഞ്ചിച്ചു. ജയലളിതയുടെ മരണശേഷം രണ്ടായ എ.ഐ.എ.ഡി.എം.കെ ഗ്രൂപ്പുകൾ ബി.ജെ.പിയുമായി അടുക്കുന്നു. ഒഡിഷയിലെ ബി.ജെ.ഡിയും തെലങ്കാനയിലെ ടി.ആർ.എസും ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും ബി.ജെ.പിയുമായി ഒത്തുതീർപ്പുണ്ടാക്കുന്നു. ബി.ജെ.പിയുമായി കൈകോർക്കാത്ത കക്ഷികളുമായി സാദ്ധ്യമാകുന്നിടത്തോളം സഖ്യമുണ്ടാക്കി ഏകാധിപത്യ-വർഗീയ ആക്രമണങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ