ശ്രീധരനെ തുരത്തിയവർ നടപ്പാക്കുമോ മെട്രോ?
March 7, 2018, 12:24 am
അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി. തിരുവനന്തപുരം , കോഴിക്കോട് നഗരങ്ങളിലെ നിത്യയാത്രക്കാർ വർഷങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന മെട്രോ മോഹം ഉടനൊന്നും നടക്കാൻ പോകുന്നില്ലെന്ന് ബോദ്ധ്യമായിരിക്കുകയാണ്. ആരാണ് ഇൗ മോഹം കരുണയില്ലാതെ തല്ലിക്കെടുത്തിയതെന്ന് അന്വേഷിച്ചിട്ടുകാര്യമില്ല. ഇരുനഗരങ്ങളിലും വരാനിരുന്ന ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) ഒാഫീസർ പ്രവർത്തനം അവസാനിപ്പിച്ചുകഴിഞ്ഞു. ഇൗവരുന്ന 15ന് ഒാഫീസുകൾക്ക് അവസാനമായി പൂട്ടുവീഴും. വിവരം രേഖാമൂലം തന്നെ സർക്കാരിനെ ഡി.എം.ആർ.സി അറിയിച്ചുകഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത് അത്‌ഭുതങ്ങൾ കാട്ടാനൊരുങ്ങിനിന്ന 'മെട്രോമാൻ' ഇ. ശ്രീധരൻ ജീവിതത്തിലാദ്യമായി തോറ്റുപിൻവാങ്ങുകയാണ്. അതും പിറന്നുവീണ മണ്ണിൽ. ഒാഫീസും തുറന്നുവച്ച് വെറുതേ കളയാൻ സമയമില്ലാത്തതുകൊണ്ടാണ് താൻ തോറ്റുമടങ്ങുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ നിഷ്‌ക്രിയത്വം കൈമുതലാക്കിയ സർക്കാരിന്റെ കപട മുഖത്തേറ്റ വലിയ അടിതന്നെയാണ്.
സർക്കാരും നിക്ഷിപ്ത താത്പര്യങ്ങൾ മാത്രം വച്ചുപുലർത്തുന്ന ഉദ്യോഗസ്ഥന്മാരും പിന്തുടരുന്ന നിഷേധാത്മക നിലപാടാണ് ലൈറ്റ് മെട്രോ പദ്ധതി സമൂലം അട്ടിമറിച്ചത്. പദ്ധതി വൈകുന്ന ഒാരോ ദിവസവും 18 ലക്ഷം രൂപയുടെ നഷ്ടമാണ് ഡി.എം.ആർ.സി വഹിക്കേണ്ടിവരുന്നത്. ഇക്കാര്യം പലവട്ടം സർക്കാരിനെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇൗ നിലപാട് തുടർന്നാൽ ഒാഫീസുകൾ അടച്ചുപൂട്ടി സ്ഥലംവിടുമെന്ന് കാണിച്ച് നൽകിയ അവസാന കത്തിന് പോലും സർക്കാർ മറുപടി നൽകിയില്ലെന്നാണ് ആക്ഷേപം. കേരളത്തിലെ പദ്ധതിയിൽനിന്ന് പിൻവാങ്ങാനുള്ള അന്തിമ തീരുമാനത്തിൽ ഡി.എം.ആർ.സി എത്തിയതിന്റെ പശ്ചാത്തലമിതാണ്.
പണി തുടങ്ങിയാൽ മുപ്പത്താറുമാസത്തിനുള്ളിൽ ഇരുനഗരങ്ങളിലും മെട്രോ ഒാടിത്തുടങ്ങുമെന്ന വാഗ്‌‌ദാനവുമായാണ് ഇ. ശ്രീധരൻ സർക്കാരിനെ സമീപിച്ചത്. എന്നാൽ മൂന്നുവർഷമായി ആലോചന നടക്കുന്നതല്ലാതെ പദ്ധതി പ്രാവർത്തികമാക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം പദ്ധതി നടത്തിപ്പിൽനിന്ന് ഡി.എം.ആർ.സിയെയും ശ്രീധരനെയും ഒാടിക്കാനുള്ള കരുനീക്കങ്ങളാണ് ഇത്രകാലവും നടന്നത്. സ്വകാര്യ പങ്കാളിത്തത്തിന് വേണ്ടി ആദ്യം മുതലേ ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥ ലോബി ആഗ്രഹിച്ചതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഡി.എം.ആർ.സിയും ശ്രീധരനും പിന്മാറുന്നതോടെ സ്വകാര്യ പങ്കാളികൾ എത്തുമെന്നും അതുവഴി തങ്ങളുടെ കീശയും ഭാവിയും പൂത്തുലയുമെന്നും സ്വപ്നം കണ്ടുകഴിയുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ ചിറകരിയാൻ ആർജ്ജവമുള്ള ഭരണാധികാരികൾ ഇല്ലാതെപോയി എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ലൈറ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിർമ്മിക്കേണ്ട നാലുമേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല ഡി.എം.ആർ.സിയെ ഏല്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഒന്നരവർഷമായിട്ടും ഇതിനാവശ്യമായ കരാർ ഒപ്പുവയ്ക്കാത്തതിനാൽ പണി തുടങ്ങാനുമായില്ല. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതി രേഖ 2014 ഒക്ടോബർ എട്ടിന് സമർപ്പിച്ചതാണ്. അതിന് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം ലഭിക്കാൻതന്നെ 13 മാസം വേണ്ടിവന്നു. ഭരണാനുമതി ലഭിക്കാൻ പിന്നെയുമെടുത്ത് ഒരുവർഷംകൂടി. നടപ്പാക്കാൻ വൈകുന്ന ഒാരോദിവസവും പദ്ധതിച്ചെലവ് അധികരിച്ചുകൊണ്ടിരിക്കുകയാണ്. 6728 കോടി രൂപയാണ് ആദ്യം കണക്കാക്കിയതെങ്കിൽ ഒടുവിൽ അത് 7746 കോടി രൂപയിലെത്തിനിൽക്കുകയാണ്. നിഷ്‌ക്രിയത്വത്തിന് നൽകേണ്ടിവരുന്നത് 700 കോടിരൂപയുടെ അധികച്ചെലവ്. ഡി.എം.ആർ.സി പിന്മാറുന്നതോടെ ഇനി എല്ലാം വീണ്ടും മാറ്റിക്കുറിക്കുമ്പോൾ തുക എത്രയാകുമെന്ന് ഇപ്പോൾ പറയാനാകില്ല.‌
നഗര വികസനത്തിൽ യഥാർത്ഥ താത്പര്യവും പ്രതിബദ്ധതയുമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിലേ ലൈറ്റ് മെട്രോ പോലുള്ള സ്വപ്നപദ്ധതികൾ ഉദ്ദേശിച്ച വേഗത്തിലും രൂപത്തിലും നടപ്പിലാവുകയുള്ളൂ. ഉദ്യോഗസ്ഥർ മേശപ്പുറത്തുനീട്ടിവയ്ക്കുന്ന കടലാസുകളിൽ ഒപ്പിടുന്നതിനപ്പുറം കാര്യങ്ങൾ സ്വയം മനസിലാക്കാനും ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതാത്പര്യങ്ങൾ കണ്ടെത്തി ചെറുക്കാനുമുള്ള പാടവം മന്ത്രിമാർ സ്വായത്തമാക്കേണ്ടതുണ്ട്. തലസ്ഥാന നഗരവികസനത്തിൽ താത്പര്യമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നുവെങ്കിൽ ലൈറ്റ് മെട്രോ പോലുള്ള അത്യാധുനിക യാത്രാമാർഗങ്ങൾ എന്നേ ഇവിടെ എത്തുമായിരുന്നു. ഉണ്ടുറങ്ങാനും വിശ്രമിക്കാനുമുള്ള ഒരിടം മാത്രമായി തലസ്ഥാന നഗരിയെ കാണുന്നതുകൊണ്ടാണ് തുടർച്ചയായ ഇത്തരത്തിലുള്ള അവഗണന. ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും കെട്ടുകെട്ടിക്കുന്നതിൽ കാണിച്ച കൗശലവും സാമർത്ഥ്യവും പദ്ധതി നടത്തിപ്പിൽ കാണിച്ചിരുന്നുവെങ്കിൽ എന്നേ മെട്രോവണ്ടികൾ ഒാടിത്തുടങ്ങുമായിരുന്നു. രണ്ടുവർഷത്തോളം മുമ്പ് മന്ത്രിസഭ അനുമതി നൽകിയ ലൈറ്റ് മെട്രോ പദ്ധതി ഇതുവരെ കടലാസ് വിട്ടിറങ്ങാത്തതെന്താണെന്ന് ജനങ്ങളോട് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നുവെറുതെ പറഞ്ഞതുകൊണ്ടായില്ല. പദ്ധതി നടപ്പാക്കാൻ കഴിവും സാമർത്ഥ്യവുമുള്ളവർ ഏറെ നാളായി കാത്തുനിന്നിട്ടും കൗശല പൂർവം അവരെ മടക്കി അയച്ചതിന്റെ കാരണമറിയാൻകൂടി ജനങ്ങൾക്ക് അവകാശമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ