ക്രാന്തദർശിയായ മൂലൂർ
March 11, 2018, 12:43 am
ഡോ. എം. ശാർങ്‌ഗധരൻ
ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനങ്ങൾ അവിടത്തെ സന്തത സഹചാരിയായി നിന്ന് പ്രാവർത്തികമാക്കിയ മഹാത്മാവാണ് മൂലൂർ എസ്. പത്മനാഭപണിക്കർ. കൊല്ലവർഷം 1044 കുംഭം 27ന് മധ്യതിരുവിതാംകൂറിലെ കാവിൽ എന്ന സ്ഥലത്ത് ജനിച്ച മൂലൂരിന്റെ ജന്മവാർഷിക ദിനമാണിന്ന്. സാഹിത്യം, വിദ്യാഭ്യാസം, ആയൂർവേദം, പത്രപ്രവർത്തനം, രാഷ്ട്രീയം എന്നിങ്ങനെ മൂലൂർ പയറ്റിത്തെളിഞ്ഞ രംഗങ്ങൾ നിരവധി ആണ്. അഗാധമായ സംസ്കൃത പാണ്ഡിത്യം കൈമുതലായി ഉണ്ടായിരുന്ന അദ്ദേഹം 37 സാഹിത്യ കൃതികളുടെ രചയിതാവായി. അക്കാലത്ത് സാഹിത്യ രംഗത്ത് അഭൗമമായ മേധാവിത്വം സ്ഥാപിച്ചിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് മൂലൂരിന് സരസകവി പട്ടം 1913ൽ നൽകിയത്.
അമ്മാനപ്പാട്ടുകളുമായാണ് മൂലൂർ സാഹിത്യരംഗത്തേക്ക് കടന്നത്. എങ്കിലും 1878ൽ മഹാകവി കാളിദാസന്റെ വിശ്രുതകൃതിയായ ശാകുന്തളം 'അഭിജ്ഞാന ശാകുന്തളം' എന്ന തലക്കെട്ടിൽ വിവർത്തനം ചെയ്തതോടെ കവി എന്ന നിലയിൽ മൂലൂർ പരക്കെ അംഗീകാരം നേടി. മാത്രമല്ല, സംസ്കൃത ഭാഷയിലെ നിരവധി ഉത്കൃഷ്ട രചനകൾ മലയാളഭാഷയിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാൻ അറിയപ്പെടുന്ന കവികൾക്ക് അത് ഉത്തേജനം നൽകുകയും ചെയ്തു. മൂലൂരിന്റെ ഇവ്വിധമുള്ള വിവർത്തന കൃതികളായ മയൂര സന്ദേശവും മേഘദൂതും മലയാളികളിൽ ആകമാനം സ്വീകാര്യത നേടി. നളചരിതം, കിരാതം, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ മൂലൂരിന്റെ രചനകളും പരക്കെ അംഗീകാരം നേടുക ഉണ്ടായി.
പിതാവായ മൂലൂർ ശങ്കരൻ വൈദ്യനിൽ നിന്നും കുട്ടിക്കാലത്തു തന്നെ സംസ്കൃതം, ആയുർവേദം, കളരി എന്നിവ നന്നായി അഭ്യസിക്കാനായതും അക്കാലത്തു തന്നെ പദ്യരചന തുടങ്ങിയതും മൂലൂരിന് സാഹിത്യരംഗത്ത് ചിരപ്രതിഷ്ഠ നേടുന്നതിന് ഏറെ സഹായമായി. മൂലൂർ എസ്. പത്മനാഭപണിക്കരുടെ മാസ്റ്റർപീസായി കരുതപ്പെടുന്ന കൃതി അദ്ദേഹം തന്റെ 25-ാം വയസ്സിൽ രചിച്ച 'കവിരാമായണ'മാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ 'കവിഭാരത'ത്തിൽ അവർണസമുദായങ്ങളിൽപ്പെട്ട കവികളെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കവിരാമായണം മൂലൂർ എഴുതിയത്.
അക്കാലത്തെ സവർണമേധാവിത്വത്തെ വെല്ലുവിളിച്ച് കവിരാമായണം എഴുതിയ മൂലൂർ ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള ശ്രേഷ്ഠരായ എല്ലാ കവികൾക്കും അതിൽ അർഹമായ സ്ഥാനം നൽകി. അവർണകവികൾക്ക് അനർഹമായ സ്ഥാനമാണ് കവിരാമായണത്തിൽ നൽകിയിരിക്കുന്നതെന്ന് കാണിച്ച് അന്നത്തെ പലപ്രമുഖരും വൻപ്രതിഷേധം ഉയർത്തി. ജാംബവാൻ, പ്രഹ്ളാദൻ തുടങ്ങി പല കള്ളപ്പേരിലും പ്രത്യക്ഷപ്പെട്ടു. ഇക്കൂട്ടത്തിൽ സവർണമനോഭാവം പിന്നീട് പലപ്പോഴായി പുറത്തു വന്നിരുന്നു. 'ഭൗയകൗടില്യലോഭമന്യെ' എഴുതിയിരുന്നു എന്ന് അവകാശപ്പെട്ടവർ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നത് വർണപിശാചിന്റെ രൂക്ഷത വ്യക്തമാക്കുന്നു.
അന്നത്തെ പ്രമുഖ പണ്ഡിതനായ സുബ്രഹ്മണ്യൻ പോറ്റി മൂലൂരിനെ വിമർശിച്ചതു'പണിക്കർ' എന്ന പ്രയോഗത്തെ മുൻനിറുത്തി ആയിരുന്നു. അവർണസമുദായത്തിൽ ജനിച്ച മൂലൂരിന് പണിക്കർ എന്ന് പ്രയോഗിക്കാൻ അർഹത ഇല്ലെന്നും വേണമെങ്കിൽ 'പണിക്കൻ' എന്ന് പ്രയോഗിക്കാമെന്നുമാണ് പോറ്റി നിർദ്ദേശിച്ചത്. ഇത് അംഗീകരിച്ചാൽ നായർ നാമധാരികൾ വിഷമത്തിലാകും എന്നാണ് സാക്ഷാൽ സരസകവി ആയ മൂലൂർ തിരിച്ചടിച്ചത്. ഒപ്പം, നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽ എത്തിയ പോർച്ചുഗീസ് സഞ്ചാരി സുറാറ്റേ ബാർബോസ പണിക്കർമാരെ കുറിച്ച് വാഴ്ത്തി പറഞ്ഞിട്ടുള്ളതും കളരി അഭ്യാസികളായ പണിക്കർമാരുടെ വൈഭവത്തേയും നേതൃപാടവത്തേയും പുകഴ്‌ത്തിപറഞ്ഞിട്ടുള്ളതും പോറ്റിയെ ഒാർമ്മപ്പെടുത്തി. പിന്നീട് പോറ്റിയുടെ പൊടിപോലും കാണാനായില്ല എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.
ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതും അനുഗ്രഹം തേടി അവിടത്തെ ഗൃഹസ്ഥ ശിഷ്യൻ ആയതും ആണ് മൂലൂരിന്റെ ജീവിതക്രമത്തെ ചിട്ടപ്പെടുത്തിയതും വിദ്യാഭ്യാസമേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടി എടുക്കാനും മൂലൂരിനെ പ്രാപ്തനാക്കിയത്. മെഴുവേലിയിൽ പത്മനാഭ ഹയർ സെക്കൻഡറി സ്കൂൾ, കേരളവർമ്മ വിലാസം ലോവർ പ്രൈമറി സ്കൂൾ, തലചിറ വലിയകുളം, കഞ്ഞേട്ടുക്കര, തുലിക്കുളം, കുമ്പഴ ചിറമേൽ തുടങ്ങിയ സ്ഥലങ്ങളിലായി എട്ട് ലോവർ പ്രൈമറി സ്കൂൾ എന്നിവ സ്ഥാപിക്കാൻ അന്നത്തെക്കാലത്ത് മുലൂരിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ സംഘടനാപാടവത്തിനും നേതൃവൈഭവത്തിനും ദൃഷ്ടാന്തമാണ്. അവർണർക്ക് വിദ്യാഭ്യാസം നേടുവാൻ ഏറ്റവും ഫലപ്രദമായ മാർഗം സ്വന്തം സ്കൂളുകൾ തുടങ്ങുകയാകും എന്ന ഗുരുദേവന്റെ ഉപദേശമാണ് മൂലൂരിന് പ്രചോദനം പകർന്നു നൽകിയതെന്നതിൽ സന്ദേഹം വേണ്ട.
പത്രപ്രവർത്തനരംഗത്ത് മുലൂരിന്റെ സംഭാവനഗണനീയമാണ്. 1911 ൽ സി.വി. കുഞ്ഞുരാമൻ തുടങ്ങിയ കേരളകൗമുദി പത്രത്തിന്റെ പത്രാധിപസമിതി യിൽ അംഗമായിരുന്നു. കൊല്ലത്തുനിന്നും പ്രസിദ്ധപ്പെടുത്തിയ സംഘമിത്ര എന്ന പ്രസിദ്ധീകരണം ഇൗഴവ സമുദായത്തിൽപ്പെട്ട വനിതകളുടെ സാമൂഹിക-സാഹിത്യ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമാക്കി ഉള്ളതായിരുന്നു. സി.വി. കുഞ്ഞുരാമന്റെ മകളും മുൻ മന്ത്രി സി. കേശവന്റെ സഹധർമ്മിണിയുമായ കെ. വാസന്തി, ബി. ഭഗീരഥി അമ്മ ചെമ്പകക്കുട്ടി, കയ്യാലയ്ക്കൽ ശാരദ, വി. പാറുക്കുട്ടിഅമ്മ തുടങ്ങിയ വനിതാ സാഹിത്യകാരികൾ നേതൃത്വം നൽകിയ സംഘമിത്രയിൽ അപൂർവവും പുരുഷസാഹിത്യകാരന്മാരുടെ രചനകളേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. ബുദ്ധമതപ്രചാരണത്തിൽ അഗ്രഗണ്യനായിരുന്ന അശോക ചക്രവർത്തിയുടെ മകൻ സംഘമിത്രയുടെപേരാണ് ഇൗ പ്രസിദ്ധീകരണത്തിന് നൽകിയതെന്നതും ശ്രദ്ധേയമാണ്.
1914 ൽ മൂലൂർ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പ്രജാസഭ അംഗം എന്ന നിലയിൽ മൂലൂരിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടി. വിപണനം അഥവാ മാർക്കറ്റിംഗ് എന്ന മാനേജ്മെന്റ് തന്ത്രം ലോകത്തെവിടെയും ചർച്ച ചെയ്യപ്പെടാതിരുന്ന അക്കാലത്ത് ഒരു മാർക്കറ്റ് തന്റെ വാസസ്ഥലമായ പത്തനംതിട്ടയിൽ തുടങ്ങിയത് മൂലൂരാണ്. ഇങ്ങനെ ഒരാശയം അതുവരെ ആർക്കും പരിചിതമല്ലാതിരുന്നുവെന്നത് ഇവിടെ പ്രത്യേകം ഒാർക്കേണ്ടതുണ്ട്. പിന്നീട് എത്രയോ നാൾകഴിഞ്ഞാണ് ഫിലിപ്പ് കോടലർ എന്ന അമേരിക്കക്കാരൻ മാർക്കറ്റിംഗ് എന്ന നവീനാശയം ഉരുത്തിരിച്ചതും ആധുനിക മാർക്കറ്റിംഗിന്റെ പിതാവായി അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയതെന്നതും ഇതോടൊപ്പം കൂട്ടിവായിക്കുക.
ശ്രീനാരായണഗുരുവിന്റെ അനുഗ്രഹവും ഒപ്പം ബഹുഭാഷാ പാണ്ഡിത്യവും ഭാവനയും സ്പഷ്ടമായ കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയും കഠിന പരിശ്രമശേഷിയും ഉള്ള ഒരാൾക്ക് ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് ജനഹൃദയങ്ങളിൽ ആദരവും സ്വീകാര്യതയും നേടാനാവുമെന്നതിന് ഉത്തമോദാഹരണമാണ് മൂലൂരിന്റെ ജീവിതവിജയം. 150 -ാം ജന്മവാർഷിക വേളയിൽ മൺമറഞ്ഞുപോയ മൂലൂർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ പ്രവർത്തനശൈലിയും സാമൂഹിക കാഴ്ചപ്പാടും യുവാക്കൾക്ക് ആവേശം പകർന്നുനൽകാൻ പര്യാപ്തമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ