കുറ്റ്യാട്ടൂർ മാങ്ങയും പൊട്ടുവെള്ളരിയും ലോക വിപണിയിലേക്ക്
March 13, 2018, 9:27 am
മഞ്ജു എം. ജോയ്
തിരുവനന്തപുരം: നാവിൽ മധുരം വിതറുന്ന കുറ്റ്യാട്ടൂർ മാങ്ങ, വേനലിൽ ഉ്ള്ള് തണുപ്പിക്കുന്ന കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി തുടങ്ങി കേരളത്തിന്റെ തനത് കാർഷികോത്പന്നങ്ങൾ ലോക കാർഷിക ഭൂപടത്തിൽ ഇടം നേടും. നമ്മുടെ പ്രാദേശിക വിളകളെ ജി.ഐ (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ അഥവാ ഭൗമസൂചിക) പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ കൃഷിവകുപ്പ് തുടങ്ങി.
കേരളത്തിലെ വിളകൾക്ക് ഇതുവരെ ജി.ഐ രജിസ്ട്രേഷൻ നേടിയെടുത്തത് പ്രാദേശിക കൂട്ടായ്മകളാണ്. ഇനിമുതൽ കൃഷിവകുപ്പ് നേരിട്ട് രജിസ്ട്രേഷൻ നേടിയെടുക്കും. ഇത് ഉത്പന്നങ്ങളുടെ വിപണിസാദ്ധ്യത വർദ്ധിപ്പിക്കും. കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാം. ഇതിനായി കാർഷിക സർവകലാശാലയിൽ ബൗദ്ധിക സ്വത്തവകാശ സെൽ പ്രവർത്തനം ആരംഭിച്ചു.

ജി.ഐ രജിസ്ട്രേഷൻ?
ഉത്പന്നത്തെ കൃഷിചെയ്യുന്ന ഭൂ പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ അഥവാ ഭൗമസൂചിക പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നത്. ബൗദ്ധിക സ്വത്തവകാശ നിയമം അനുസരിച്ചാണിത്.

ജി.ഐ പട്ടികയിലുൾപ്പെട്ടാലുള്ള നേട്ടം

പ്രാദേശിക വിളകളെ ജി.ഐ പട്ടികയിൽപ്പെടുത്തി പ്രത്യേക ബ്രാൻഡുകളായി വിപണിയിലെത്തിക്കുക വഴി കർഷകർക്ക് കൂടുതൽ വരുമാനവും ഉത്പന്നങ്ങൾക്ക് ആഭ്യന്തര - വിദേശ വിപണിയും ഉറപ്പാക്കാം.
ഇതിൽ ഇടം നേടുന്നതോടെ പ്രാ​ദേ​ശി​ക ഉ​ത്​പ​ന്ന സം​ര​ക്ഷ​ണ​നിയമം ബാധകമാകും. അവയുടെ പേര് മറ്റുള്ളവർക്ക് ഉപയോഗിക്കാനാവില്ല.

കേരളത്തിൽ നിന്ന് ജി.ഐ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളവ
പാലക്കാടൻ മട്ട, പൊക്കാളി അരി, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, ആലപ്പി ഗ്രീൻ ഏലയ്ക്ക, മലബാർ കുരുമുളക്, നവര അരി, വാഴക്കുളം കൈതച്ചക്ക, വയനാടൻ ഗന്ധകശാല അരി തുടങ്ങിയവയാണ് ജി.ഐ പട്ടികയിൽ ഇടം നേടിയ കാർഷിക ഉത്പന്നങ്ങൾ. ആറന്മുള കണ്ണാടി, ആലപ്പുഴ കയർ, ചിരട്ടകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ, കൂത്താമ്പുള്ളി കൈത്തറി, പയ്യന്നൂർ പവിത്രമോതിരം, കൈതോല കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ എന്നിവയ്ക്കും ലഭിച്ചിട്ടുണ്ട്.

നിലവിൽ രജിസ്ട്രേഷൻ നടപടികളാരംഭിച്ചത്
തിരൂർ വെറ്റില, മറയൂർ ശർക്കര, കുറ്റ്യാട്ടൂർ മാങ്ങ, കാന്തല്ലൂർ വെളുത്തുള്ളി, ഓണാട്ടുകര എള്ള്, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, നിലമ്പൂർ തേക്ക് എന്നിവ. മറയൂർ ശർക്കരയുടെ ജി.ഐ രജിസ്ട്രേഷൻ നടപടി അവസാനഘട്ടത്തിലാണ്. പന്തളം, തിരുവല്ല ശർക്കരകൾക്ക് സെൻട്രൽ ട്രാവൻകൂർ ശർക്കര എന്നപേരിൽ രജിസ്ട്രഷൻ നേടാനും ശ്രമിക്കുന്നുണ്ട്.

''കേരളത്തിന്റെ തനത് കാർഷിക ഉത്പന്നങ്ങളെ ഭൗമ സൂചിക പട്ടികയിൽ പെടുത്തി അന്താരാഷ്ട്ര മാർക്കറ്റിലെത്തിക്കാനും അതുവഴി പുത്തൻ വിപണി സാദ്ധ്യകൾ കണ്ടെത്താനുമാണ് കൃഷിവകുപ്പിന്റെ ശ്രമം. ''
-കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ