പറക്കാനാവാത്ത അമ്മയുടെ തണലിൽ പേടിയോടെ രണ്ട് പെൺകുഞ്ഞുങ്ങൾ
March 8, 2018, 8:54 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: തീരെ അവശയായ റീനയുടെ ദേഹത്തോട്‌ ചേർന്ന് പേടിയോടെ നോക്കിയിരിക്കുകയാണ് മൂന്നു വയസുകാരി മിഥുലയും രണ്ടു വയസുകാരി ശരണ്യയും. വെട്ടുകാട് പള്ളി മുറ്റത്തെ മരത്തണലിലാണ് ഈ അമ്മക്കിളിയുടെയും കുഞ്ഞുങ്ങളുടെയും പകൽജീവിതം. രാത്രിയായാൽ കടപ്പുറത്തെ തകർന്നുവീഴാറായ കൂരയ്ക്കു കീഴിലും. വെയിൽകൊണ്ട് വാടിത്തളരുന്ന മക്കളുടെ തൊണ്ട നനയ്ക്കാൻ വെള്ളം വാങ്ങണമെങ്കിൽ ആരെങ്കിലും കനിയണം.

വിജയം വെട്ടിപ്പിടിച്ചവരുടെ പേരിലും പുതിയ ഇടങ്ങൾ പെണ്ണുങ്ങൾ കണ്ടെത്തണമെന്ന ആഹ്വാനത്തിന്റെ മുഴക്കത്തിലും ഇന്ന് വനിതാദിനം കൊണ്ടാടുന്നവർ ഇവിടേക്കും ഒന്നു നോക്കണം. റീനയെ ഒന്ന് ആശ്വസിപ്പിക്കണം. അവളുടെ കുഞ്ഞു പെൺമക്കളെ പറ്റുമെങ്കിൽ ഒന്നു താലോലിക്കണം.

കയറിക്കിടക്കാൻ സുരക്ഷിതമായൊരു ഇടമില്ലാത്തതുകൊണ്ടുമാത്രമല്ല ഉപജീവനത്തിന് മറ്റ് മാർഗമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവർ പള്ളിനടയെ അഭയം പ്രാപിക്കുന്നത്. രാത്രിയിൽ കുഞ്ഞുങ്ങളുമായി വൈദ്യുതിയില്ലാത്ത വീട്ടിൽ ചിമ്മിനി തെളിച്ചിരിക്കുമ്പോൾ റീനയുടെ മനസ് പിടയ്ക്കും. അപകടം ഏതു വഴിക്കും വരാം. വല്ലാതെ പേടിക്കുമ്പോൾ മക്കളെയുമെടുത്ത് അടുത്തുള്ള മറ്റൊരു വീട്ടിൽ പോകും. സൂര്യനുദിക്കുമ്പോൾ വീണ്ടും മരത്തണലിലേക്ക്.

അമ്മക്കിളിയുടെ ദയനീയമായ ചോദ്യം:
ദാരിദ്ര്യം, അരക്ഷിതാവസ്ഥ, രോഗം ഇതൊക്കെ റീനയ്ക്ക് ശീലമായി. വെട്ടുകാട് ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനനം. അഞ്ച് വർഷം മുമ്പ് അച്ഛൻ സ്റ്റാൻസിലാസ് മരിച്ചതോടെ അമ്മയുടെ മാനസികനില തെറ്റി. ഭർത്താവ് ബിജുവിന് ക്ഷയരോഗം. പേരിനുപോലും അയാൾ കൂടെയില്ല. ഊരുചുറ്റലിനിടയിൽ വല്ലപ്പോഴും വന്നുപോകും. രണ്ടു വയസുകാരി ശരണ്യ ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. എസ്.എ.ടി ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു- ''കുഞ്ഞിന് പോഷകാഹാരക്കുറവാണ്. ചികിത്സ വേണം''. മക്കളുടെ കാര്യം നോക്കുന്നതിനിടയിൽ സ്വന്തം അനാരോഗ്യം റീന മറക്കും. ''ഇവളോട്‌ ആശുപത്രിയിൽ പോയി മരുന്നു കഴിക്കാൻ പറഞ്ഞതാണ് കേൾക്കണ്ടെ?'' പള്ളിമുറ്റത്തിരുന്ന ഒരു വൃദ്ധ ശാസിക്കുന്നു. '' എനിക്കും കൂടി മരുന്നു വാങ്ങാൻ എവിടുന്നാ സാറേ പണം?'' റീനയുടെ ദയനീയമായ ഈ മറുചോദ്യത്തിന് ഉത്തരം കിട്ടുമോ?
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ