വലി ഒരു വീക്ക്നസായി പോയി
March 10, 2018, 11:19 am
പുകയില ഉത്പന്നങ്ങൾ മനുഷ്യരെ രോഗിയാക്കുമെന്ന് സർക്കാരും വൈദ്യശാസ്ത്രവും പുറകേ നടന്ന് പറയുന്നതിനിടെ, ഇതാ വലി വീക്ക്നസ് ആക്കിയ ആട്.
കർണ്ണാടകയിലെ മാണ്ഡ്യയിലുള്ള ഈ ചെമ്മരിയാടിന് ദിവസേന ഒരു പാക്കറ്റ് സിഗരറ്റെങ്കിലും തിന്നുകയോ വലിക്കുകയോ വേണം. പുകവലി ശീലമുള്ള ഉടമ യശ്വന്ത് തന്നെയാണ് ആടിനെയും പുക വലിക്കാൻ ശീലിപ്പിച്ചത്. പുകയില വിൽപ്പനക്കാരനായ ഉടമ വൃത്തിയാക്കിയ ശേഷം കളയുന്ന പുകയിലയുടെ അവശിഷ്ടങ്ങൾ തിന്നാണ് ലഹരിയുടെ ലോകത്തേക്കുള്ള ആടിന്റെ പ്രവേശനം. മൂന്നര വയസുകാരനായ ആട് പുകവലിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി.

പച്ചിലകൾ പോലെയാണ് പുകയില മുട്ടനാട് കഴിക്കുന്നത്. സിഗരറ്റ് മാത്രമല്ല പുകയില വെറുതെ ചവച്ചു തിന്നാനും ആടിന് ഏറെയിഷ്ടമാണ്. മാണ്ഡ്യയിലെ ആടുകൾക്കും പശുക്കൾക്കുമെല്ലാം മരുന്നായി പുകയില നൽകാറുണ്ടെന്നാണ് യശ്വന്ത് പറയുന്നത്. ഇത് ചെള്ളുകളെയും മറ്റു കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് വാദം. ചിലപ്പോഴെല്ലാം മാരക അസുഖങ്ങൾ പിടിപെടുന്ന വളർത്തുമൃഗങ്ങൾക്ക് വലിയ അളവിൽ പുകയില നൽകാറുണ്ടെന്നും ഇത് വഴി ഇവയുടെ അസുഖങ്ങൾ ഭേദമാകാറുണ്ടെന്നും ഇവിടുത്തെ കർഷകരും പറയുന്നു. ഏതായാലും ഈ വാദങ്ങൾക്ക് ശാസ്ത്രീയമായി തെളിവില്ല. മാത്രമല്ല പുകവലിക്കുന്നതും പുകയില തിന്നുന്നതും മൃഗങ്ങളിൽ ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മൃഗഡോക്ടർമാരുടെ അഭിപ്രായം . മൃഗസ്നേഹികളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും ആട് ഈ വാർത്തയൊന്നും വായിക്കാത്തത് കൊണ്ടായിരിക്കാം സിഗററ്റ് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയതെന്നാണ് ഉടമ തന്നെ പറയുന്ന ഫലിതം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ