പണം ചെലവിടാൻ എന്താണിത്ര മടി
March 8, 2018, 12:59 am
സർക്കാരിൽ കൃത്യമായും മുടങ്ങാതെയും നടക്കുന്ന ഏകകാര്യം ശമ്പള വിതരണമാണ്. ബാക്കിയെല്ലാം നടന്നാൽ നടന്നു എന്നമട്ടിലാണ്. ശമ്പളവും പെൻഷനും നൽകിക്കഴിഞ്ഞാൽ വികസന കാര്യങ്ങൾക്ക് അധികമൊന്നും മിച്ചം കാണുകയില്ലെന്നാണ് എപ്പോഴും കേൾക്കാറുള്ളത്. എന്നാൽ പദ്ധതികൾക്കായി അരിഷ്ടിച്ചു നീക്കിവയ്ക്കുന്ന തുകപോലും പൂർണമായി ചെലവഴിക്കുന്നതിൽ കാണാറുള്ള ഉദാസീനത മാപ്പർഹിക്കാത്തതാണ്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഇതേച്ചൊല്ലി ചൂടേറിയ സംവാദങ്ങളും പതിവാണ്. വിവിധ വകുപ്പുകൾക്ക് വകയിരുത്തുന്ന പണം കൃത്യമായും പൂർണമായും ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഒരിക്കലും പാലിക്കാറില്ലെന്ന് മാത്രം. ഫണ്ട് വിനിയോഗം കാര്യക്ഷമമാകാതെ പോകുന്നതിന് കാരണങ്ങൾ പലതാണ്. ബഡ്‌ജറ്റ് വിഹിതം വകുപ്പുകളിലെത്താനുള്ള കാലതാമസം മുതൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ട്രഷറി നിയന്ത്രണങ്ങൾവരെ അതിലുൾപ്പെടുന്നു. ജനുവരി മുതലുള്ള മൂന്നുമാസങ്ങളിലാണ് തിരുതകൃതിയായ ഫണ്ട് വിനിയോഗം. മിച്ചം പണം ഏതുവിധേനയും ചെലവഴിക്കാനുള്ള നെട്ടോട്ടമാണ് ഇൗ കാലയളവിൽ എങ്ങുംകാണുന്നത്. ലക്ഷ്യപ്രാപ്തിക്കായുള്ള ഇൗ ഒാട്ടപ്പാച്ചിലിൽ പൂർത്തിയാക്കിയ പണികളുടെ ഗുണനിലവാരം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് പതിവ്. ഇതുവഴിയുണ്ടാകുന്ന പൊതുമുതൽ നഷ്ടത്തിന് ആരും ആരോടും ഉത്തരം പറയാറുമില്ല.
ഒരുലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്ജറ്റിൽ വിവിധ വകുപ്പുകൾക്കായി പദ്ധതി വിഹിതമായി നീക്കിവച്ചത് 34538 കോടി രൂപയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നാഴ്ചമാത്രം ശേഷിക്കെ ചുരുക്കം ചില വകുപ്പുകളൊഴികെയുള്ളവയുടെ ഫണ്ട് വിനിയോഗം അൻപത് ശതമാനം പോലുമില്ലെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. അനുവദിച്ച ബഡ്ജറ്റ് വിഹിതം പ്രയോജനപ്പെടുത്താത്ത വകുപ്പുകളിൽ പലതും ജനകീയാവശ്യങ്ങൾക്കായി എത്ര പണം കിട്ടിയാലും മതിയാകാത്തതുമാണ്. ഉദാഹരണത്തിന് ആരോഗ്യവകുപ്പിന്റെ കാര്യമെടുക്കാം. ഇല്ലായ്മകളാൽ വീർപ്പുമുട്ടുകയാണ് പൊതുജനാരോഗ്യമേഖല. പണമില്ലെന്ന് പറഞ്ഞ് അടിയന്തര അറ്റകുറ്റപ്പണികൾപോലും നടക്കാത്ത അനേകം സർക്കാർ ആശുപത്രികൾ ഇവിടെയുണ്ട്. അവശ്യം വേണ്ട ഉപകരണങ്ങൾപോലുമില്ലാതെയാണ് അവയിൽ പലതും പ്രവർത്തിക്കുന്നത്. മരുന്നുകളുടെ ദൗർലഭ്യം സ്ഥിരം പരാതിയാണ്. ഡയാലിസിസ് യൂണിറ്റുകൾ, സ്കാനിംഗ്, എക്‌സ്റേ യൂണിറ്റുകൾ തുടങ്ങിയവയ്ക്കായി കാത്തിരിക്കുന്ന നിരവധി ആശുപത്രികളുണ്ട്. ഫണ്ട് ഉപയോഗപ്പെടുത്താവുന്ന മേഖലകൾ ഇങ്ങനെ പലതാണ്. 1256 കോടി രൂപ നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ആരോഗ്യവകുപ്പിനായി നീക്കിവച്ചിരുന്നു. ഇൗ മാർച്ച് അഞ്ചുവരെയുള്ള കണക്കനുസരിച്ച് അതിൽ 582 കോടി രൂപ നീക്കിയിരിപ്പാണ്. ആവശ്യങ്ങൾ കണ്ടറിഞ്ഞ് പണം ചെലവഴിക്കാൻ കഴിയാത്തതാണ് പല വകുപ്പുകളും നേരിടുന്ന പ്രതിസന്ധി. ആദിവാസികൾക്കിടയിൽ പോഷകാഹാരക്കുറവും പട്ടിണിയും മൂലം കുഞ്ഞുങ്ങളും പ്രായമായവരും അകാലമൃത്യു പ്രാപിക്കുമ്പോഴും അനുവദിച്ച ബഡ്‌ജറ്റ് വിഹിതത്തിൽ 249 കോടിരൂപ മിച്ചം കിടക്കുകയാണ്. ചെലവഴിക്കപ്പെട്ടു എന്നുപറയുന്ന 293 കോടിരൂപ ആർക്കെല്ലാം പ്രയോജനപ്പെട്ടെന്ന് അന്വേഷിച്ചാൽ ചിത്രം വ്യക്തമാകും. മൂത്രപ്പുരകൾപോലുമില്ലാതെ കോലംകെട്ടുനിൽക്കുന്നവയാണ് പൊതുവിദ്യാലയങ്ങളിലേറെയും. പറഞ്ഞിട്ടെന്തുകാര്യം. വിദ്യാഭ്യാസ വകുപ്പിന്റെ ബഡ്‌ജറ്റ് വിഹിതമായ 864 കോടി രൂപയിൽ 501 കോടിരൂപയും ചെലവഴിക്കപ്പെടാതെ ശേഷിക്കുകയാണ്. സംഭരിച്ച നെല്ലിനും നാളികേരത്തിനും റബറിനുമൊക്കെ വിലയും ആനുകൂല്യവുമൊക്കെ കിട്ടാൻ കർഷകർ കാത്തിരിക്കുമ്പോഴാണ് കൃഷിവകുപ്പിൽ നാനൂറുകോടിയിലധികം രൂപ ശേഷിക്കുന്നത്. തുറമുഖം, ആയുഷ്, സഹകരണ വകുപ്പുകളുടെ ഫണ്ട് വിനിയോഗം നാല്പതുശതമാനത്തിനപ്പുറം കടന്നിട്ടില്ല. അനുവദിച്ചതിലധികം തുക ചെലവഴിച്ചത് മരാമത്തുവകുപ്പു മാത്രമാണ്. എത്ര കിട്ടിയാലും ചെലവഴിക്കാനുള്ള വഴി തുറന്നുകിടക്കുന്നതിനാൽ മരാമത്തുവകുപ്പ് എക്കാലത്തും ഇക്കാര്യത്തിൽ ഏറെ മുന്നിൽത്തന്നെയാണ്.
ഭൂരിഭാഗം വകുപ്പുകളും തങ്ങൾക്ക് അനുവദിച്ച വിഹിതത്തിൽ പകുതിപോലും ചെലവഴിച്ചിട്ടില്ലെങ്കിലും സർക്കാരിന്റെ സാമ്പത്തിക നില പലപ്പോഴും പ്രതിസന്ധിയിലാകുന്നതാണ് മനസിലാകാത്ത കാര്യം. ശമ്പളവും പെൻഷനും നൽകാനായി ഇതിനകം എത്രയോ തവണ പൊതുകടം എടുക്കേണ്ടിവന്നു. ആണ്ടറുതിക്കുമുമ്പ് ഇനിയും അത് വേണ്ടിവരുമത്രെ. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിനായി ലഭിച്ച 8083 കോടി രൂപയിൽ നേർപകുതി ചെലവഴിക്കാതെ കിടക്കുകയാണ്. സാധാരണക്കാർക്ക് ഗ്രഹിക്കാത്ത കാര്യങ്ങളാണിതൊക്കെ. ഫണ്ട് വിനിയോഗം കാര്യക്ഷമമാകാത്തതിന്റെ പേരിൽ ചുമതലപ്പെട്ട ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ നടപടിക്ക് വിധേയനായതായി ഇതുവരെ കേട്ടിട്ടില്ല. സർക്കാർ കാര്യമല്ലേ ഇതെല്ലാം ഇങ്ങനെയേ നടക്കൂ എന്ന മനോഭാവം വെടിയാത്ത കാലംവരെ കാര്യങ്ങൾ നേരെയാകുമെന്നു തോന്നുന്നില്ല. കാര്യക്ഷമതാരാഹിത്യത്തിന് വകുപ്പുമേധാവികൾ ഉത്തരം പറയേണ്ടിവരുന്ന സ്ഥിതിവരണം. എങ്കിൽ ഒരുപക്ഷേ, സ്ഥിതി മാറുമായിരിക്കും. ചെലവഴിക്കപ്പെടാത്ത ഇൗ പണമെല്ലാം എവിടെ പോകുന്നു എന്നാണ് അറിയേണ്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ