സമരചരിത്ര വഴികളിൽ അഭിമാനപൂർവം
March 10, 2018, 12:07 am
ഡോ. ജോർജ് ഓണക്കൂർ
കേരളത്തിലെ സ്വകാര്യകോളേജ് അദ്ധ്യാപകരുടെ സമര സംഘടന രൂപമെടുത്തിട്ട് ആറു പതിറ്റാണ്ട്. വജ്രജൂബിലിത്തിളക്കത്തിൽ ശ്രദ്ധേയമായിത്തീർന്ന എ.കെ.പി.സി.ടി.എ എന്ന ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. ഇന്ന് സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി ശമ്പള സ്കെയിലുണ്ട്, സേവന സ്ഥിരതയുണ്ട്. മാന്യമായ ജീവിതാവസ്ഥ. സർവീസിൽ നിന്നു പിരിഞ്ഞാലും പരാശ്രയമില്ലാതെ കഴിയാനുതകുംവിധം പെൻഷൻ ആനുകൂല്യങ്ങൾ. ഇതത്രയും പീഡനങ്ങൾ ഏറ്റിട്ടും പിൻവാങ്ങാതെ നടത്തിയ ത്യാഗനിർഭരമായ സമരങ്ങളുടെ സദ് ഫലങ്ങൾ.
1948 ജോസഫ് മുണ്ടശേരിയുടെ പ്രൊഫസർ എന്ന നോവലിന്റെ തുടക്കത്തിൽ ഇങ്ങനെ വായിക്കാം:
''ഈ ഇൻസ്റ്റിറ്റ്യൂഷനിൽ രാവും പകലുമില്ലാതെ പണിയെടുത്തിട്ട് എന്നെ പോലെ ചിലർക്ക് കുടുംബം പുലർത്താനൊക്കില്ലെന്നുള്ളത് ഒരു പരമാർത്ഥമാണ്. എനിക്കൊരാദായവുമില്ല വേറെ. ആറേഴുകുട്ടികളുണ്ടെനിക്കെന്ന് ഇവിടേക്കറിയാം. അവരെ സമാധാനിപ്പിച്ചു ജോലി ചെയ്യാൻ എനിക്ക് വയ്യാതായിരിക്കുന്നു. വല്ലതും കൂട്ടിത്തന്നില്ലെങ്കിൽ ഞാൻ വീഴ്ചയിലാവും.''
ഇത് കൂലിക്കൂടുതലിനുവേണ്ടിയുള്ള തൊഴിലാളിയുടെ യാചനയല്ല, സ്വകാര്യ കോളേജ് അദ്ധ്യാപകന്റെ അപേക്ഷയാണ്. മാനേജരുടെ യുക്തം പോലെ ശമ്പളം നിശ്ചയിക്കുക, തോന്നിയ കാരണങ്ങൾ പറഞ്ഞ് വകതിരിവില്ലാതെ വെട്ടിക്കുറവുകൾ വരുത്തുക, ചോദ്യം ചെയ്താൽ പടിക്കുപുറത്താക്കി മിടുക്കു കാട്ടുക. ഈ ക്രൂര വിനോദം കലാശാലാ മുതലാളി ആദ്യം പ്രയോഗിച്ചത് പ്രൊഫസർ എം.പി. പോളിനു നേർക്കാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വദേശി പ്രസ്ഥാനത്തിന്റെ കൊടുങ്കാറ്റ് ശക്തിപ്പെട്ട കാലത്താണ് പോൾ തൃശൂർ സെയ്ന്റ് തോമസ് കോളേജിൽ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ ആദർശ ശാലികളായ യുവാക്കളുടെ ആദര പാത്രങ്ങൾ. വള്ളത്തോളിന്റെ പോരാ പോരാ നാളിൽ നാളിൽ...തുടങ്ങിയ കവിതകൾ ചൊല്ലി ആവേശഭരിതരായ വിദ്യാർത്ഥികൾ പട്ടണത്തിൽ ഘോഷയാത്രകൾ നടത്തി. അവർക്ക് പ്രിയംകരനായ പ്രൊഫസർ പോൾ ഖദർധാരിയായി കോളേജിൽ എത്തിയത് നല്ല പ്രചോദനമായി. ബ്രിട്ടീഷുകാർക്ക് 'ഹാ ലേലുയ്യാ' പാടി തൊണ്ടവീർത്ത പുരോഹിതവർഗത്തിന് അത് അപ്രിയമായി. പോളിനെ കോളേജിൽ നിന്ന് പുകച്ചു പുറത്തു ചാടിക്കാൻ അവർ ഒരു മാർഗം കണ്ടെത്തി. 1932 മാർച്ച് നാലിന് സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി അദ്ധ്യാപകരുടെ ശമ്പളത്തിൽ പത്തുശതമാനം വെട്ടിക്കുറച്ചു. ഉഭയസമ്മതപ്രകാരം നിശ്ചയിച്ച ശമ്പളത്തിൽ ഏകപക്ഷീയമായി കുറവു വരുത്തിയതിൽ സ്വാഭാവികമായും പോൾ പ്രതിഷേധിച്ചു. നിവേദനം തളളിക്കളഞ്ഞപ്പോൾ നീതിന്യായകോടതിയുടെ സഹായം തേടി.
എഴുത്തുകാരനായ പുത്തേഴത്തു രാമമേനോനായിരുന്നു പോളിന്റെ വക്കീൽ. ഒടുവിൽ അദ്ദേഹം നിർദ്ദേശിച്ച വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് മാനേജ്മെന്റ് മുട്ടുകുത്തി, 'ഞാൻ പിഴയാളി' ചൊല്ലി. സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് സംഘടനയില്ലാതിരുന്ന കാലം. ഒറ്റയ്ക്ക് സമരം ചെയ്ത് കലാശാലാ ദുഷ്പ്രഭുത്വത്തെ പരാജയപ്പെടുത്തിയ പ്രഥമ പോരാളിയാണ് പ്രൊഫസർ എം.പി പോൾ. ആ പോരാട്ടത്തിന്റെ നിയമചരിത്രം History of a cut എന്ന അദ്ദേഹമെഴുതിയ ലഘു ലേഖയിൽ ഉണ്ട് (അത് പൂർണമായി എം.പി പോൾ. കലാപത്തിന്റെ തിരുശേഷിപ്പുകൾ എന്ന പേരിൽ ഞാനെഴുതിയ ജീവചരിത്ര ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു.)
പിന്നെയും പതിനാറുവർഷം കഴിഞ്ഞാണ് പ്രൊഫസർ എന്ന നോവൽ മുണ്ടശേരി രചിക്കുന്നത്. അതിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസർ ലോപ്പസ്, എം.പി. പോൾ തന്നെയാണ്. അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കോളേജ് വിദ്യാഭ്യാസരംഗത്തെ ദുഃസ്ഥിതിയുടെ ആഖ്യാനമെന്ന നിലയിൽ പ്രൊഫസർ ശ്രദ്ധ നേടി. ദരിദ്രമായ ചുറ്റുപാടുകളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ലോപ്പസ് രക്തസാക്ഷിയായി. എന്നോടു ചെയ്യപ്പെടാത്ത നീതി എന്റെ സന്താനങ്ങൾക്കെങ്കിലും ചെയ്യപ്പെട്ടെങ്കിൽ എന്ന് മനുഷ്യ വഞ്ചനയുടെ നേരെ മുഖം കറുപ്പിച്ച ആകാശത്തോട് മരവിച്ച ചുണ്ടുകളിലൂടെ നിശബ്ദം അറിയിച്ചുകൊണ്ട് ഈ ലാേകത്തുനിന്ന് നിശബ്ദം യാത്രയായി പ്രൊഫസർ ലോപ്പസ്. അന്ന് പള്ളിമണി ലോകത്തോട് വിളിച്ചു ചോദിച്ചു: നിങ്ങൾ നിങ്ങളുടെ അയൽക്കാരനാേട് ഇനിയെങ്കിലും നീതി ചെയ്യുമോ? (നോവലിന്റെ നക്ഷത്ര ലോകങ്ങൾ - പഠനം: ഡോ. സി. ഭാമിനി).
എം.പി. പോളിനെ സംസ്കരിച്ച തെമ്മാടിക്കുഴിയിൽ നിന്നാണ് സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സമരസ്മരണയുടെ ആദ്യ ഉയിർത്തെഴുന്നേല്പ്. പിൽക്കാലത്ത് പിരിച്ചുവിടൽ, സ്ഥലംമാറ്റം, വേതനാനുകൂല്യങ്ങളുടെ നിഷേധം തുടങ്ങിയ മാനേജ്മെന്റ് ഭീകരതയ്ക്കും ഭരണകൂട ഉദാസീനതയ്ക്കും എതിരെ പ്രത്യക്ഷസമരപരിപാടികൾ എ.കെ.പി.സി.ടി.എ ഏറ്റെടുത്തത് ചരിത്രം. അതിൽ അതിപ്രധാനമായത് 1971 സെപ്തംബറിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ഡയറക്ട് പേയ്മെന്റ് സമരമാണ്.
ഇവിടെ ചരിത്രവഴിയിൽ അല്പം പിന്തിരിഞ്ഞു നടക്കണം. അകാരണമായ പിരിച്ചുവിടൽ അവസാനിപ്പിക്കുക, സേവന സ്ഥിരത ഉറപ്പക്കുക, നിശ്ചിത ശമ്പള സ്കെയിലും കൃത്യമായ ശമ്പള വിതരണവും നടപ്പിൽ വരുത്തുക, സർക്കാർ കോളേജ് അദ്ധ്യാപകരുമായി വേതനവിഷയത്തിൽ തുല്യത (പാരിറ്റി) - ഇങ്ങനെ അവശതാ പരിഹരണം ലക്ഷ്യം വച്ചു നടന്ന അദ്ധ്യാപക സമരങ്ങൾ പലത്. എല്ലാറ്റിനോടും മാനേജ്മെന്റ് പ്രതികൂല മനോഭാവം പുലർത്തി. തങ്ങളെ തെല്ലും ദോഷകരമായി ബാധിക്കാത്ത പ്രശ്നങ്ങളുടെ പേരിൽ പോലും അദ്ധ്യാപക ദ്രോഹ നടപടികൾ സ്വീകരിച്ചു. തുടർച്ചയായ സ്ഥലം മാറ്റങ്ങൾ വഴി അദ്ധ്യാപകരുടെ ആത്മവീര്യം കെടുത്താൻ ശ്രമിച്ചു.
നഷ്ടപ്പെടാൻ തയ്യാറായി സമരവേദിയിൽ അണിനിരന്നവരെ പിൻതിരിപ്പിക്കാൻ പ്രതിലോമ ശക്തികൾക്ക് സാദ്ധ്യമായില്ല. അവകാശസമരങ്ങൾ ഒന്നിനൊന്നു വിജയം കണ്ടു. 1970 ഏപ്രിൽ ഒന്നിന് പാരിറ്റി അനുവദിച്ച് സർക്കാർ ഉത്തരവായി. അതിൽ നിന്ന് ആവേശമാർജ്ജിച്ചാണ് വിഖ്യാതമായ ഡയറക്ട് പേയ്മെന്റ് സമരത്തിനു തുടക്കമായത്. മാനേജ്മെന്റ് തങ്ങൾക്ക് തോന്നും പടി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് പിരിക്കുക, അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും നിശ്ചിത സ്കെയിൽ അനുസരിച്ച് ശമ്പളം നൽകുക, അതിലെ സാമ്പത്തിക വിടവ് പരിഹരിക്കുന്നതിനും കോളേജ് മെയിന്റനൻസിനുമായി സർക്കാർ ഗ്രാന്റുനൽകുക, ഇതായിരുന്നു തുടർന്നു പോന്ന രീതി. ശമ്പള വിതരണത്തിൽ പല മാനേജ്മെന്റുകളും നീതിബോധം പുലർത്തിയിരുന്നില്ല. സർക്കാർ ഗ്രാന്റ് വൈകുന്നുവെന്ന കാരണം പറഞ്ഞ് മനഃപൂർവം ശമ്പളം വൈകിക്കുന്നതും പതിവായിരുന്നു.
ഈ ദുഃസ്ഥിതിക്കു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് സർക്കാർ നേരിട്ട് ശമ്പളം നൽകണമെന്ന നിവേദനവുമായി മുന്നിട്ടിറങ്ങിയത്. സാമാന്യഗതിയിൽ മാനേജ്മെന്റുകൾ ഈ അവകാശ സമരത്തോടു നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഈ രീതി പിൻതുടർന്നു പോരുന്നതുമാണ്. സർവകലാശാലാവിദ്യാർത്ഥികളുടെ ഫീസ് ഏകീകരണത്തിന് അവരുടെ സമര ഫലമായി സർക്കാർ നിർബനധിതമാവുക കൂടി ചെയ്തപ്പോൾ തങ്ങൾക്ക് സഹായകമായിഭവിക്കാവുന്ന ഒരു നിർദ്ദേശമായിട്ടാണ് മാനേജ്മെന്റ് അദ്ധ്യാപകരുടെ നിവേദനത്തോട് പ്രതികരിക്കേണ്ടിയിരുന്നത്.
പക്ഷേ അധികാര ദുര മുഴുത്ത കലാശാലാ മുതലാളിത്തം വിചിത്രമായ വാദഗതിയാണ് അവലംബിച്ചത്. സർക്കാർ നേരിട്ട് ശമ്പളം നൽകുമ്പോൾ അദ്ധ്യാപകർ മാനേജ്മെന്റിന്റെ ചൊല്പടിക്കു നിൽക്കാൻ വിസമ്മതിക്കുമെന്ന് അവർ കണ്ടുപിടിച്ചു. ഏതൊക്കെ വിധത്തിൽ അദ്ധ്യാപക ദ്രോഹ നടപടികൾ സ്വീകരിക്കാമെന്ന് ഗൗരവപൂർവം ഗവേഷണം നടത്തി. അദ്ധ്യാപകരെ കായികമായി നേരിടാൻ ഗുണ്ടാസേനകൾക്ക് രൂപം നൽകി. സ്കൂളുകളിൽ അദ്ധ്യാപനം നടത്തിയിരുന്ന കുടുംബിനിമാരെ അന്യായമായി സ്ഥലം മാറ്റി. ജൂനിയർ തസ്തികയിലുണ്ടായിരുന്നവരെ നിർദ്ദയം പിരിച്ചുവിട്ടു. അങ്ങനെ ക്രൂരതയേൽക്കേണ്ടി വന്നവരിൽ ഒരാൾ എന്റെ പാവം സഹധർമ്മിണി. നീ അല്ലെങ്കിൽ നിന്റെ കുടുംബം എന്ന് യഹൂദ മഹാപുരോഹിതന്മാരുടെ അനന്തര തലമുറയുടെ ആക്രോശം.
നാല്പത്തിരണ്ടു ദിവസത്തോളം നീണ്ടുനിന്ന ഡയറക്ട് പേയ്മെന്റ് സമരം. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച് ഞങ്ങളെ ഉത്തേജിതരാക്കി. ശമ്പളമില്ലാതെ വിഷമിച്ച് അന്നത്തിനു വഴികാണാൻ കെട്ടുതാലി പോലും പണയം വയ്ക്കാൻ നിർബന്ധിതരായവരുണ്ട്. സ്റ്റാച്യുവിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ മകളുടെ പൊന്നരഞ്ഞാണവുമായി ഞാൻ ക്യൂ നിന്നത് ഓർക്കുന്നു. എന്നെ പിന്നിൽ നിന്ന് ഒരാൾ തോണ്ടി വിളിച്ചു, എ.കെ.പി.സി.ടി.എയുടെ ജനറൽ സെക്രട്ടറി, ആർ. രാമചന്ദ്രൻ നായർ (ആർ.ആർ.സി) അദ്ദേഹം രണ്ടു വളകളുമായി നിന്നു ചിരിക്കുന്നു.
ഒടുവിൽ ഞങ്ങളുടെ സഹനസമരം ഉജ്ജ്വല വിജയം കണ്ടു. അച്ചുതമേനോൻ നയിച്ച കേരളത്തിലെ നാലാം മന്ത്രിസഭ 1971 നവംബർ ഏഴിന് അദ്ധ്യാപക പാക്കേജ് പ്രഖ്യാപിച്ചു. സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾക്ക് പുതിയ മാനം നൽകി. പിന്നെയും വേണ്ടിവന്നു. സമരങ്ങൾ, നോൺ കേഡർ, കേഡർ പ്രൊഫസർ തസ്തികകൾക്ക് വേണ്ടി, ഏറ്റവും ഒടുവിൽ സർവാഹ്ളാദവും അഭിമാനവും നിറച്ച യു.ജി.സി സ്കെയിലിനും മറ്റാനുകൂല്യങ്ങൾക്കും വേണ്ടി.
1948ൽ മുണ്ടശേരിയുടെ പ്രൊഫസർ ലോപ്പസ് ഗതികിട്ടാതെ ജീവിതം നഷ്ടപ്പെടുത്തി. കേരളത്തിലെ പ്രൈവറ്റ് കോളേജ് അദ്ധ്യാപകരുടെ സമര വിജയ കഥ എഴുതി ലോപ്പസിന് പുനർജ്ജനി നൽകാൻ കഴിഞ്ഞത് 1996ൽ സമതലങ്ങൾക്കപ്പുറം പ്രകാശനം ചെയ്തപ്പോഴാണ്. എ.കെ.പി.സി.ടി.എയുടെ സമരഗാഥയാണ് എന്റെ നോവലിന്റെ അന്തർധാര. നോവലിലെ നായക കഥാപാത്രം, രാജീവൻ സമരവിജയം വരിച്ച സ്വകാര്യ കോളേജദ്ധ്യാപകരുടെ പ്രതിനിധിയാണ്. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെ അതിന്റെ കർമ്മ വേദിയിൽ ഇടറാതെ നിൽക്കാൻ കഴിഞ്ഞതിൽ മഹാന്മാരായ നേതാക്കളെ, ഊർജ്ജസ്വലരായ സഹപ്രവർത്തകരെ ഹൃദയപൂർവം ഓർമ്മിക്കുന്നു. സമതലങ്ങൾക്കപ്പുറം എഴുതി നമ്മുടെ ചരിത്രഗതിയെ അടിയാളപ്പെടുത്താൻ സാധിച്ചതിലും അഭിമാനം. 1948ൽ പ്രൊഫസർ ലോപ്പസിനെ സൃഷ്ടിച്ച മുണ്ടശേരി മാസ്റ്ററെയും അതിനു പ്രചോദനമായി ഭവിച്ച പ്രൊഫസർ എം.പി. പോളിനെയും പ്രണമിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ