അതുവഴി രക്ഷപ്പെടുമെങ്കിൽ എന്തിനു മടിക്കണം
March 11, 2018, 12:45 am
ശമ്പളവും പെൻഷനും മാത്രമല്ല ഡീസൽ നൽകിയ വകയിൽ എണ്ണക്കമ്പനിക്കു നൽകാൻ പോലും ദമ്പിടിയില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സിയെ അടുത്ത നാലു വർഷത്തേക്കെങ്കിലും അധിക പെൻഷൻ ഭാരത്തിൽ നിന്നു രക്ഷിക്കാനുള്ള വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തേടുന്നത്. ട്രാൻസ്പോർട്ട് ജീവനക്കാരുടെ പെൻഷൻ പ്രായം ഇപ്പോഴത്തെ 56-ൽ നിന്ന് അറുപതായി ഉയർത്താനുള്ള നിർദ്ദേശം അദ്ദേഹം ഇടതു മുന്നണി യോഗത്തിൽ മുന്നോട്ടുവച്ചിരുന്നു. നിർദ്ദേശം പാർട്ടിയിൽ ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് ഘടകകക്ഷി നേതാക്കൾ അറിയിച്ചത്. തീരുമാനം നീണ്ടുപോകരുതെന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ടിലെന്നല്ല സംസ്ഥാനത്ത് ഒരിടത്തും പെൻഷൻ പ്രായം കൂട്ടരുതെന്ന അഭിപ്രായക്കാരാണ് ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളിലുമുള്ളത്. യുവജന സംഘടനകളുടെ കഠിനമായ എതിർപ്പു നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഇതിനു പ്രധാന കാരണം. സംസ്ഥാനത്ത് പെൻഷൻ പ്രായം അൻപത്താറായി നിലനിറുത്തിയാൽ അതുവഴി കണക്കില്ലാതെ തൊഴിലവസരങ്ങൾ വന്നുചേരുമെന്ന മിഥ്യാധാരണയിൽ കഴിയുന്നവരാണ് ഇവിടത്തെ യുവജന സംഘടനകൾ. ഇതിൽ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. എല്ലാ പാർട്ടിയുടെയും യുവ സംഘടനകൾ പെൻഷൻ പ്രായ വർദ്ധനയ്ക്കെതിരെ പോരിനിറങ്ങി മരിക്കാൻ പോലും തയ്യാറെടുത്തു നിൽക്കുന്നവരാണ്. യാഥാർത്ഥ്യങ്ങൾ കാണാനോ കണ്ടാൽത്തന്നെ തിരിച്ചറിയാനോ ശേഷിയില്ലാത്തതു കൊണ്ടാണിത്.
സർക്കാരിന്റെ ദയാവായ്പുകൊണ്ടു മാത്രമാണ് വൈകിയാണെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ ശമ്പളവും പെൻഷനും നൽകുന്നതെന്ന വസ്തുത അറിയാത്തവരായി ആരുമുണ്ടാകില്ല. ഈ രൂപത്തിൽ എത്രനാൾ സ്ഥാപനത്തിനു മുന്നോട്ടുപോകാനാവുമെന്ന് ആർക്കും പറയാനാവില്ല. കോർപറേഷനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഒട്ടേറെ പാക്കേജുകൾക്ക് ഇതിനകം രൂപം നൽകിയിരുന്നു. ഒന്നു പോലും പ്രയോഗത്തിൽ വന്നില്ലെന്നു മാത്രം. ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 3200 കോടി രൂപ കടമെടുത്ത് ഇപ്പോഴത്തെ ബാദ്ധ്യതകൾ ഒറ്റയടിക്കു തീർത്ത് കാര്യങ്ങൾ പുതിയ സ്ളേറ്റിൽ തുടങ്ങാനുള്ള അവസാനത്തെ നിർദ്ദേശവും വെള്ളത്തിലായെന്നാണ് ഇപ്പോൾ കേൾക്കുന്നത്. വായ്പ നൽകാമെന്നേറ്റ ബാങ്കുകളിൽ പ്രധാനിയായ പഞ്ചാബ് നാഷണൽ ബാങ്ക് വജ്രവ്യാപാരിയായ നീരവ് മോദിയുടെ വമ്പൻ വായ്പാ തട്ടിപ്പിൽ പെട്ട് സംശയ നിഴലിലായതാണ് കെ.എസ്.ആർ.ടി.സിക്കു വിനയായതെന്നാണു കേൾക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് കെ.എസ്.ആർ.ടി.സിക്ക് 750 കോടി രൂപ നൽകാമെന്നാണ് ഏറ്റിരുന്നത്.
അറുപതു കോടി രൂപയാണ് ഒരുമാസം പെൻഷൻ നൽകാനായി കോർപറേഷന് വേണ്ടത്. ഓരോ വർഷവും കൂടുതൽ ജീവനക്കാർ വിരമിക്കുന്നതോടെ ഈ സംഖ്യ ഇനിയും ഉയരും. കോർപറേഷന്റെ വരുമാനം വച്ചു മാത്രം പെൻഷൻ ബാദ്ധ്യത നേരിടാനാവില്ലെന്നാണു സ്ഥാപനത്തിന്റെ വരവു ചെലവു കണക്കുകൾ കാണിക്കുന്നത്. അധിക പെൻഷൻ ബാദ്ധ്യത താത്‌കാലികമായെങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിരമിക്കൽ പ്രായം അറുപതായി ഉയർത്താനുള്ള നിർദ്ദേശം. വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടിവരുന്ന വലിയ തുകയും തത്‌കാലം ഇങ്ങനെ ലാഭിക്കാനാകും. അതുപോലെ പെൻഷന് പരിധി നിർണയിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഇതുൾപ്പെടെ കടുത്ത ചില തീരുമാനങ്ങൾ കൂടാതെ കോർപറേഷനെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനാവില്ലെന്നാണ് വിദഗ്ദ്ധ മതം. കെ.എസ്.ആർ.ടി.സിയുടെ പുനഃസംഘടനയെക്കുറിച്ച് പഠിച്ച സുശീൽ ഖന്ന കമ്മിഷനും പെൻഷൻ പ്രായം അറുപതാക്കണമെന്നു ശുപാർശ ചെയ്തിരുന്നു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ പെൻഷൻ പ്രായ വർദ്ധന പോലുള്ള നിർണായക പ്രശ്നത്തിൽ കരുതലോടെ മാത്രമേ സർക്കാരിനു മുന്നോട്ടു പോകാനാവൂ എന്നത് ശരിയാണ്. അതേസമയം തന്നെ ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്
കെ.എസ്.ആർ.ടി.സിയുടെ നിലനില്പിന് അനുപേക്ഷണീയവുമാണ്. ട്രാൻസ്പോർട്ടിൽ പെൻഷൻ പ്രായം കൂട്ടിയാൽ കെ.എസ്.ഇ.ബി പോലുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും അതിന്റെ അനുരണനങ്ങൾ ഉണ്ടാവാതെ തരമില്ല.
പെൻഷൻ പ്രായ വർദ്ധനവിന് ഇടതു മുന്നണി ഇതുവരെ പാടേ എതിരായ നിലപാടാണ് സ്വീകരിച്ചുപോന്നത്. അടുത്ത കാലത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന ആലോചന അനൗദ്യോഗിക തലത്തിൽ ഉയർന്നപ്പോൾ നഖശിഖാന്തം ഘടകകക്ഷികൾ അതിനെ എതിർക്കുകയായിരുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ ക്ഷാമം നേരിടാൻ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവന കാലാവധി ദീർഘിപ്പിച്ചതിനെതിരെ ഉയർന്ന പ്രതിഷേധം ഇനിയും ശമിച്ചിട്ടില്ലെന്നതും സ്മരണീയമാണ്.
പെൻഷൻ പ്രായ പ്രശ്നത്തിൽ യാഥാർത്ഥ്യ ബോധമുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. എതിർപ്പു ഭയന്ന് ഉചിത തീരുമാനമെടുക്കാതെ സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നതിലൂടെ ട്രാൻസ്പോർട്ട് കോർപറേഷൻ കരകയറുമെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ സർക്കാർ നിശ്ചയമായും ആ മാർഗം സ്വീകരിക്കുക തന്നെ വേണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ