പ്രതിഭകളെ അംഗീകരിച്ച അവാർഡ് നിർണയം
March 10, 2018, 12:05 am
സംസ്ഥാന ചലച്ചിത്ര അവാർഡ് ഇക്കുറി ഏറെ ശ്രദ്ധേയമാകുന്നത് സമാന്തര സിനിമയ്ക്കും കലാകാരന്മാർക്കും ലഭിച്ച അംഗീകാരത്തിന്റെ പേരിലാകും. പരമ്പരാഗത അവാർഡ് സങ്കല്പങ്ങൾ പലതും പൊളിച്ചെഴുതിയതായി കാണാം. അഭിനയ മികവിന് ഇന്ദ്രൻസും അരനൂറ്റാണ്ടായി മലയാള സിനിമയെ സ്വരമാധുരികൊണ്ട് പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള വന്ദ്യവയോധികനായ അർജ്ജുനൻ മാഷും അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് മലയാളി ചലച്ചിത്രാസ്വാദകരെ ഒട്ടൊന്നുമല്ല ആഹ്‌ളാദിപ്പിക്കുന്നത്. ഒന്നാംനിര സംഗീത സംവിധായകനായിട്ടും അർജ്ജുനൻ മാഷിനെ ഇത്രകാലവും മാറിമാറിവന്ന അവാർഡ് കമ്മിറ്റിക്കാർ പുറത്തുതന്നെ നിറുത്തിയിരിക്കുകയായിരുന്നു. ആരോടും ദേഷ്യമോ ശത്രുതയോ ഇല്ലാത്ത ഋഷിസമാന മനസ്‌കനായ അദ്ദേഹത്തെ ഏറെ വൈകിയാണെങ്കിലും ആദരിക്കാൻ തുനിഞ്ഞ ഇപ്പോഴത്തെ അവാർഡ് ജൂറി അഭിനന്ദനാർഹരാണ്.
സിനിമയിലെ നായക സങ്കല്പത്തിന് ഒട്ടും ഇണങ്ങാത്ത മുഖവും രൂപവുമായിട്ടും അഭിനയ ചാതുരിയാണ് മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രൻസിനെ മികച്ച അഭിനേതാവിനുള്ള കിരീടത്തിന് അർഹനാക്കിയത്. പ്രഥമ സ്ഥാനത്തിനുവേണ്ടിയുള്ള അവസാനവട്ട മത്സരത്തിലും ഒപ്പമുണ്ടായിരുന്ന പ്രഗൽഭനടന്മാരെ പിന്നിലാക്കിയാണ് 'ആളാെരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് മുന്നിലെത്തിയത്. നാലുപതിറ്റാണ്ടോളമായി പ്രേക്ഷകർക്കെല്ലാം കോമാളിവേഷത്തിൽ സുപരിചിതനായ ഇന്ദ്രൻസിന് വേറിട്ടൊരു അഭിനയമുഖവുമുണ്ടെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്. അവാർഡ് നിർണയവേളകളിൽ ഒന്നിലേറെ തവണ പ്രഥമ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുമുണ്ട്. അപ്പോഴൊക്കെ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടുപോയ അവാർഡാണ് ഇത്തവണ കരഗതമായത്. സാധാരണക്കാരിൽ സാധാരണക്കാരനായി തലസ്ഥാനനഗരിയിൽ നടന്റെ ജാടയോ തലപ്പൊക്കമോ ഒന്നുമില്ലാതെ കഴിയുന്ന ഇന്ദ്രൻസ് മലയാള ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. പരമ്പരാഗത നായകസങ്കല്പത്തെ പൊളിച്ചെഴുതി കഴിഞ്ഞവർഷം വിനായകനെ മികച്ച നടനുള്ള അവാർഡിനായി തിരഞ്ഞെടുത്ത വേളയിലും ഇന്ദ്രൻസ് തൊട്ടുപിന്നിൽത്തന്നെ ഉണ്ടായിരുന്നു. പ്രഗൽഭ സംവിധായകരുടെ അരഡസനോളം ചിത്രങ്ങളിൽ ജീവനുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇന്ദ്രൻസിന് അവസരം ലഭിച്ചിട്ടുണ്ട്. രൂപപരിമിതിക്കപ്പുറം മികച്ച ഒരു നടൻ തന്നിലുണ്ടെന്ന് വിളിച്ചറിയിക്കുന്നവയായിരുന്നു പ്രസ്തുത കഥാപാത്രങ്ങൾ.
നവാഗത പ്രതിഭകൾക്ക് അർഹമായ അംഗീകാരം ലഭിച്ചതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'ഒറ്റമുറിവെളിച്ചം' ഒരു സംഘം യുവാക്കളുടെ ആദ്യ സംരംഭമാണ്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാൻ പോലും അവസരം ലഭിക്കാത്ത ചിത്രത്തിന് ഇപ്പോൾ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ സംവിധായകനായ രാഹുൽ റിജിനായർക്കും സഹപ്രവർത്തകർക്കും ഏറെ ആഹ്‌‌ളാദിക്കാം. പ്രമേയത്തിന്റെ നൂതനത്വം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും ശ്രദ്ധേയമായ ചിത്രമാണിത്.
ടേക്കോഫിലെ അഭിനയത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പുരസ്കാരം നേടിയ പാർവതിയെ തേടി സംസ്ഥാന പുരസ്കാരവും എത്തിയത് സ്വാഭാവികമാണ്.
ടി.വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ജൂറിയെ സംബന്ധിച്ചിടത്തോളം മുമ്പിലെത്തിയ 110 ചിത്രങ്ങൾ കണ്ട് അവാർഡ് നിർണയം നടത്തുകയെന്നത് കഠിന പരീക്ഷണം തന്നെയെന്ന് സമ്മതിക്കണം. ഇത്രയേറെ ചിത്രങ്ങളിൽ നിന്ന് അവാർഡിന് പരിഗണിക്കാനായി 23 ചിത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തത്. പൊതുവേയുള്ള നിലവാരത്തകർച്ചയുടെ ആഴം ഇതിൽ നിന്ന് വ്യക്തമാണ്. തിയേറ്ററുകളിൽ പ്രദർശനത്തിനുവന്ന് മിന്നിമറയുന്നു എന്നതിനപ്പുറം ചലച്ചിത്രമേഖലയ്ക്ക് ഒരുവിധ സംഭാവനകളും അവ നൽകുന്നില്ല.
'ഇൗ . മ. യൗ' എന്ന പേരിൽ പുതിയൊരു പ്രമേയവുമായി എത്തിയ ലിജോ ജോസ് പെല്ലിശേരിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള ബഹുമതി രക്ഷാധികാരി ബൈജു നേടിയപ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം അലൻസിയറിന് സഹനടനുള്ള അവാർഡ് നേടിക്കൊടുത്തു. എന്നും ഒാർമ്മയിൽ നിറഞ്ഞുനിൽക്കുന്നതാണ് പൊലീസുകാരന്റെ ആ വേഷം.
ഏറ്റവുമധികം പേർ ഇഷ്ടപ്പെടുന്ന വിനോദ ഉപാധിയെന്ന നിലയിലും പതിനായിരക്കണക്കിനാളുകളുടെ ഉപജീവന മാർഗമെന്ന നിലയിലും സിനിമ ജനങ്ങളുടെ നിത്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. എന്നാൽ ചലച്ചിത്രമേഖലയോടുള്ള സർക്കാരിന്റെ സമീപനം അത്രയൊന്നും ആശാസ്യമാണെന്ന് പറയാനാവില്ല. അവാർഡായി നൽകുന്ന തുക നോക്കിയാലറിയാം അത്. മികച്ച ചിത്രത്തിനും സംവിധായകനും രണ്ടുലക്ഷം രൂപ നൽകുന്നതൊഴികെ മറ്റു വിഭാഗങ്ങൾക്ക് ഇപ്പോഴും പുറത്തുപറയാൻ നാണിക്കേണ്ട സംഖ്യയാണ് സമ്മാനമായി നൽകിവരുന്നത്.ശില്പത്തിലും പ്രശംസാപത്രത്തിലും മാത്രംപോര പ്രൗഢി. പുരസ്കാരമായി നൽകുന്ന സംഖ്യയും മാന്യമായ നിലയിലാകണം. ഒരുലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്‌ജറ്റുള്ള സംസ്ഥാന സർക്കാരിന് ചലച്ചിത്ര അവാർഡിനായി ഏതാനും ലക്ഷങ്ങൾ മാറ്റിവയ്ക്കാൻ മടിയെന്തിന്?
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ