നാസിക്കിലെ കർഷകർ ഒാർമ്മിപ്പിക്കുന്നത്
March 13, 2018, 12:03 am
  രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബയ് നഗരം കർഷകർ ഒരുക്കിയ ഉപരോധത്തിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയായിരുന്നു. നഗരത്തിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള നാസിക്കിൽ നിന്ന് കാൽനടയായെത്തിയ മുപ്പത്തയ്യായിരത്തോളം വരുന്ന കർഷകർ കുറെ ആവശ്യങ്ങളുമായാണ് നഗരത്തിലെത്തിയിട്ടുള്ളത്. ഏത് സംസ്ഥാനത്തും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് സമാനതകൾ കാണാം. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, അന്യാധീനപ്പെട്ട കൃഷിഭൂമി വീണ്ടെടുത്ത് നൽകുക തുടങ്ങിയവയാണ് നാസിക് കർഷകരുടെയും പ്രധാന ആവശ്യങ്ങൾ.
കടക്കെണിയിൽപ്പെട്ട് ഏറ്റവുമധികം കർഷകർ ജീവനൊടുക്കുന്ന സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര മുൻപന്തിയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒാരോവർഷവും കാർഷിക കടങ്ങൾ എഴുതിത്തള്ളാനായി ലക്ഷക്കണക്കിന് കോടി രൂപ നീക്കിവയ്ക്കാറുണ്ടെങ്കിലും അതിൽ ചെറിയൊരു ഭാഗമേ കർഷകരിൽ എത്താറുള്ളൂ. പാട്ടകൃഷിക്കാർക്കൊന്നും ഒരിക്കലും ആനുകൂല്യം ലഭിക്കാറുമില്ല. അവർക്ക് ബാങ്കുകൾ വായ്പ നൽകാറില്ലാത്തതിനാൽ ഋണാശ്വാസ നടപടികളിൽ ഉൾപ്പെടാറുമില്ല. കൃഷിഭൂമിയുടെ ആധാരമുണ്ടെങ്കിലേ ബാങ്കുകൾ കാർഷിക വായ്പ നൽകൂ എന്നതിനാൽ കൊള്ളപ്പലിശക്കാരാണ് പലർക്കും ആശ്രയം. അവരിൽ നിന്നെടുക്കുന്ന വായ്പ ഒരുകാലത്തും പൂർണമായും തിരിച്ചടയ്ക്കാൻ സാധിക്കുകയുമില്ല. കൊള്ളപ്പലിശ കൊടുക്കാൻ തന്നെ കാർഷികാദായം മതിയാകില്ല. ഇത്തരത്തിൽ തലയ്ക്കുമീതെ കടം കയറിയാണ് കർഷകരിൽ പലരും നിവൃത്തികെട്ട് സ്വയം ജീവനൊടുക്കാറുള്ളത്. മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കാൻ നാസിക്കിൽ നിന്ന് കാൽനടയായെത്തിയ കർഷകർ രണ്ടിലൊന്ന് അറിഞ്ഞശേഷമേ മടങ്ങിപ്പോവുകയുള്ളൂ എന്ന് ശപഥം ചെയ്തിട്ടാണ് ബലപരീക്ഷയ്ക്ക് എത്തിയിരിക്കുന്നത്. കർഷക നേതാക്കളുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായത് ഉചിതമായി. ന്യായമായ ആവശ്യങ്ങളിൽ നല്ലൊരു പങ്കും അംഗീകരിക്കാൻ തയ്യാറായതിനാൽ കർഷകർ സമരം പിൻവലിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഉറപ്പ് ലഭിക്കുംവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു കർഷകർ.അവർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരത്തിലുള്ള ഉപരോധ സമരങ്ങൾ നടത്തി ആവശ്യങ്ങൾ നേടിയെടുത്ത അനുഭവങ്ങൾ ധാരാളമുള്ളതിനാൽ വെറും വാഗ്‌ദാനം നൽകി കർഷകരെ മുംബയിൽ നിന്ന് പറഞ്ഞയയ്ക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങളൊന്നും വിലപ്പോകുമായിരുന്നില്ല.
രാജ്യത്തെ ബാങ്കുകൾക്കെല്ലാംകൂടി എട്ടുലക്ഷം കോടിയിൽപ്പരം രൂപ കിട്ടാക്കടമായി ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്. ഇതിൽ സിംഹഭാഗവും വൻകിടക്കാരുടേതാണ്. ബാങ്കുകളിൽ നിന്ന് അതിഭീമമായ വായ്പകൾ വാങ്ങി ചില്ലിക്കാശ് തിരിച്ചടയ്ക്കാതെ മുങ്ങുന്ന വമ്പന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സമീപ ദിവസങ്ങളിൽ പുറത്തുവന്ന അത്തരം പല തട്ടിപ്പുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ അമ്പരപ്പിക്കുന്നതാണ്. തട്ടിപ്പുകൾ പലതും ബാങ്കുകളിലെ ഉന്നതന്മാരുടെ അറിവോടുകൂടിത്തന്നെ നടക്കുന്നതാണ്. കബളിപ്പിച്ചുനേടുന്ന പണത്തിന്റെ ഒരു ഭാഗം അവരിലും എത്തുന്നുണ്ട്. 50 കോടി രൂപയ്ക്കും അതിനുമുകളിലുമുള്ള വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങളും അപേക്ഷയ്ക്കൊപ്പം വാങ്ങിവയ്ക്കാൻ കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. വായ്പക്കാരൻ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നത് തടയാൻ വേണ്ടിയാണത്രെ ഇത്. ബാങ്കിനെ കബളിപ്പിക്കാനറിയാവുന്ന വ്യവസായി ഇൗ പുതിയ വലയും പൊട്ടിച്ച് മുങ്ങുകയില്ലെന്നതിന് എന്താണുറപ്പ്? സുപ്രീംകോടതിയിൽ തട്ടിപ്പുകേസ് നിലനിൽക്കെയാണ് മദ്യരാജാവായ വിജയ് മല്യ ഒരു തടസവുമില്ലാതെ ഡൽഹി വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്ക് കടന്നത്. ഇൗ അടുത്ത നാളിൽ വജ്ര വ്യാപാരിയായ നീരവ് മോദി ഒന്നുംരണ്ടുമല്ല പന്തീരായിരം കോടിരൂപയുടെ മുതലുമായാണ് രാജ്യം വിട്ടത്. പാസ്‌പോർട്ട് വാങ്ങിവച്ച് വിദേശയാത്ര തടഞ്ഞാൽത്തന്നെ വായ്പത്തുക മടക്കിവാങ്ങുന്നതിൽ ബാങ്കുകൾ വിജയിക്കുമെന്നതിൽ എന്താണുറപ്പ്. കാർഷിക വായ്പ എടുത്ത് കൃഷിപ്പിഴമൂലമോ മറ്റോ തിരിച്ചടയ്ക്കാനാവാതെ നട്ടം തിരിയുന്ന പാവങ്ങളുടെ കഴുത്തിന് പിടിച്ച് വീട്ടിൽനിന്ന് ഇറക്കിവിടാൻ ബാങ്കുകൾ കാണിക്കുന്ന തിണ്ണമിടുക്ക് വമ്പന്മാരുടെ കാര്യത്തിൽ ഒരിക്കലും പുറത്തെടുക്കാറില്ല. നിയമത്തിന്റെയും നീതിയുടെയും പരിരക്ഷയും തട്ടിപ്പുകാർക്കുമാത്രമാണ് ലഭിക്കാറുള്ളത്. വിദ്യാഭ്യാസ വായ്പയെടുത്ത് കഷ്ടത്തിലായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാലറിയാം ജനകീയ ബാങ്കുകളുടെ കപടമുഖം. അപേക്ഷ സമർപ്പിച്ച കുട്ടികളിൽ നാലിലൊരു ഭാഗത്തിനുപോലും ആനുകൂല്യം നൽകാൻ ബാങ്കുകൾ തയ്യാറായിട്ടില്ല. സാങ്കേതിക നൂലാമാലകൾ നിരത്തി ആനുകൂല്യം തടയുന്നതിലാണ് ബാങ്കുകൾ മിടുക്കുകാണിക്കുന്നത്.
പുതിയ കേന്ദ്ര ബഡ്‌ജറ്റിലും കാർഷിക മേഖലയ്ക്കായി പത്തുലക്ഷം കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. യഥാർത്ഥ കർഷകരിൽ ചെറിയൊരു ഭാഗത്തിന് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നുള്ളൂ എന്ന് വ്യക്തം. ഭൂമിയുടെ ഉടമാവകാശം നോക്കിമാത്രം കാർഷിക വായ്പ നൽകുന്ന സമ്പ്രദായത്തിന് ഒരിക്കലും യഥാർത്ഥ കർഷകനെ സഹായിക്കാനാവില്ല. നാസിക്കിൽ നിന്നുള്ള കർഷകരുടെ മാർച്ച് രാജ്യത്തെ മൊത്തം കാർഷികമേഖല ഉയർത്തുന്ന ചില മൗലിക പ്രശ്നങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കോർപ്പറേറ്റ് മേഖലയിലുള്ള വമ്പന്മാർക്ക് മുൻപിൻ നോക്കാതെ വാരിക്കോരി നൽകുന്ന ബാങ്കുകൾ രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കുമുന്നിൽ വാതിലുകൾ കൊട്ടി അടയ്ക്കുകയാണ്. ബാങ്കുകൾ ഒാരോവർഷവും എഴുതിത്തള്ളുന്ന കിട്ടാക്കടങ്ങളിൽ ഏറിയ പങ്കും കോർപ്പറേറ്റ് മേഖലയുടേതാണ്. ഭരണകൂടവും ബാങ്കുകളും പ്രകൃതിയും ഇടനിലക്കാരുമെല്ലാം ചേർന്ന് കർഷകരെ വലയ്ക്കുന്ന കാഴ്ചയാണ് രാജ്യത്തെവിടെയും.കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഇത്രയും വലിയ സമരം വേണ്ടിവന്നുവെന്നതു തന്നെ സർക്കാരിന്റെ ഉദ്ദേശശുദ്ധിയില്ലായ്മ പ്രകടമാക്കുന്നതാണ്.
             
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ