ഭക്ഷ്യകമ്മിഷൻ ഏപ്രിലിൽ,​ റേഷൻ വിതരണം നിരീക്ഷിക്കാൻ സോഷ്യൽ ഓഡിറ്റിംഗ്
March 13, 2018, 4:32 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കുന്നു എന്നുറപ്പു വരുത്താനുള്ള ഭക്ഷ്യകമ്മിഷൻ ഏപ്രിൽ ഒന്നിന് രൂപീകരിക്കും. ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013ൽ കേന്ദ്രസർക്കാർ പാസാക്കിയ ഭക്ഷ്യസുരക്ഷാനിയമത്തിൽ ഭക്ഷ്യകമ്മിഷൻ രൂപീകരിക്കണമെന്ന്‌ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭക്ഷ്യവകുപ്പ് ഇതിന്റെ ചട്ടങ്ങൾ തയ്യാറാക്കി. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കും. തുടർന്ന് നിയമസഭയിൽ അവതരിപ്പിക്കും.
ഭക്ഷ്യകമ്മിഷൻ രൂപീകരിക്കുന്നതിനൊപ്പം റേഷൻ വിതരണത്തിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. വിജിലൻസ് സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ഇത്. റേഷൻ ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് സമിതി നിരീക്ഷിച്ച് നടപടിക്ക് ശുപാർശ ചെയ്യും. റേഷൻകട തലം മുതൽ സംസ്ഥാനതലം വരെയാണ് വിജിലൻസ് മേൽനോട്ട സമിതി പ്രവർത്തിക്കുക. റേഷൻ കട തല സമിതിയിലെ പരാതികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ താലൂക്ക് തലത്തിലേക്കും അവിടെ നിന്നു ജില്ലാ തലത്തിലേക്കും തുടർന്ന്‌ സംസ്ഥാനതലത്തിലേക്കും എത്തും.

# ഭക്ഷ്യകമ്മിഷൻ ഇങ്ങനെ
*ഒരു ചെയർമാനും മെമ്പർ സെക്രട്ടറിയും ഉൾപ്പെടെ ആറ് അംഗങ്ങൾ
* ഭക്ഷ്യവകുപ്പ് ജോയിന്റ് സെക്രട്ടറി മെമ്പർ സെക്രട്ടറി ആകും
* അഞ്ച് അംഗങ്ങളിൽ രണ്ട് വനിതകൾ
* എസ്.സി, എസ്.ടി വിഭാഗങ്ങളിൽനിന്ന് ഓരോ അംഗം

# വിജിലൻസ് സമിതി ഇങ്ങനെ
* ചെയർമാൻ ഭക്ഷ്യമന്ത്രി
* കൺവീനർ ഭക്ഷ്യസെക്രട്ടറി
* എം.എൽ.എമാരിൽനിന്ന് 3 പ്രതിനിധികൾ
* ട്രേഡ‌് യൂണിനുകളെ പ്രതിനിധീകരിച്ച് 2 പേർ
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2 പ്രതിനിധികൾ
* ഉപഭോക്തൃ സംഘടനകളുടെ ഒരു പ്രതിനിധി
* ജില്ലാ തലത്തിൽ കളക്ടർ കൺവീനർ
* താലൂക്കിൽ താലൂക്ക് സപ്ളൈ ഓഫീസർ

# സുപ്രീംകോടതിയുടെ താക്കീത്
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ ഭക്ഷ്യകമ്മിഷൻ രൂപീകരിക്കണം എന്ന നിർദ്ദേശം നടപ്പിലാക്കാത്തത്തിനെ കഴിഞ്ഞ വർഷം സുപ്രീംകോടതി വിമർശിച്ചിരുന്നു. ആഗസ്റ്റ് 31നു മുമ്പായി ഭക്ഷ്യവകുപ്പ് സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാരുടെ യോഗങ്ങൾ വിളിച്ച് പദ്ധതി നടപ്പിലാക്കിയതിന്റെ റിപ്പോർട്ടുകൾ ആവശ്യപ്പെടണമെന്നും എല്ലാ സംസ്ഥാനങ്ങളും ഭക്ഷ്യകമ്മിഷൻ രൂപീകരിച്ചോ എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ