ചട്ടം കാണിച്ച് പേടിപ്പിക്കരുത്
March 14, 2018, 12:00 am

നിയമങ്ങളും ചട്ടങ്ങളും വിവേചനരഹിതമായി നടപ്പാക്കാനൊരുങ്ങിയാൽ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവികസനത്തിന്റെ മറ പിടിച്ച് ചുറ്റുമുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിട്ടി കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എയർപോർട്ടിനുചുറ്റുമുള്ള ഏഴ് കോർപ്പറേഷൻ വാർഡുകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയതോടെ ഈ പ്രദേശങ്ങളിൽ ഒറ്റനില വീടുവയ്ക്കണമെങ്കിൽ പോലും എയർപോർട്ട് അതോറിട്ടിയുടെ എൻ.ഒ.സി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിബന്ധന.ഈ എൻ.ഒ.സി സഹിതം അപേക്ഷിച്ചാലേ നഗരസഭയിൽ നിന്ന് നിർമ്മാണാനുമതി ലഭിക്കുകയുള്ളൂ. ഇതിനകം നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിലും എയർപോർട്ട് അതോറിട്ടിയുടെ എൻ.ഒ.സി ആവശ്യമാണ്. കേന്ദ്ര നിയമമാകയാൽ ഇളവ് നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നാണ് നഗരസഭയുടെ നിലപാട്. ചുരുക്കത്തിൽ പെട്ടുപോയത് എയർപോർട്ടിനു ചുറ്റുമുള്ള ഏഴ് വാർഡുകളിലെ ജനങ്ങളാണ്. എയർപോർട്ട് നഗരമദ്ധ്യത്തിൽ തന്നെയായതിനാൽ ചുറ്റുമുള്ള പ്രദേശങ്ങൾ വാണിജ്യപരമായും വളരെയേറെ പ്രാധാന്യമുള്ളതാണ്. എയർപോർട്ട്അതോറിട്ടിയുടെ എൻ.ഒ.സി ലഭിക്കാൻ പണം മാത്രം പോര. ഏറെ കാലതാമസവുമുണ്ട്. അതാണ് പുതിയ നിയന്ത്രണത്തിനെതിരെ ജനരോഷം രൂക്ഷമാകാൻ കാരണം. നിർമ്മാണ പെർമിറ്റിനായി ഇപ്പോൾതന്നെ വളരെയധികം അലയേണ്ടിവരുന്നവർക്ക് ഇനി എയർപോർട്ട് അതോറിട്ടിയുടെ കടലാസ് ലഭിക്കാനും അവിരാമമായി കാത്തിരിക്കേണ്ടിവരുന്നതിലെ വൈഷമ്യങ്ങൾ ഉദ്യോഗസ്ഥന്മാർക്ക് എളുപ്പം മനസിലാകണമെന്നില്ല. ആളുകളെ പരമാവധി ദ്രോഹിച്ച് ആനന്ദിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നവരാണ് അവരിലധികവും.
എയർപോർട്ട് അതോറിട്ടിയുടെ പുതിയ കുരുക്കിനെതിരെ നഗരവാസികളിൽ നിന്നുയർന്ന വ്യാപക പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞദിവസം പ്രശ്നം ചർച്ചചെയ്യാൻ മേയർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. എന്നാൽ പ്രശ്നത്തിനു പരിഹാരമൊന്നും ഉരുത്തിരിയാതെയാണ് യോഗം പിരിഞ്ഞത്. നഗരസഭ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കാൻ എയർപോർട്ട്അതോറിട്ടി അധികൃതർ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. യുക്തിക്കും സാമാന്യബോധത്തിനും നിരക്കാത്ത നിയന്ത്രണങ്ങൾ അടിച്ചേല്പിക്കാനുള്ള ശ്രമത്തിലാണവർ.
വിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും തടസ്സങ്ങളുണ്ടാകാത്ത വിധമാകണം ചുറ്റവട്ടത്തിലെ നിർമ്മിതികൾ എന്നും നിയമമുണ്ട്. അത് കർക്കശമായി പാലിക്കാറുമുണ്ട്. എന്നാൽ ചുറ്റുപാടുമുള്ള ഏഴ് വാർഡുകൾ അപ്പാടെ റെഡ് സോണിൽപ്പെടുത്തി അവിടെ പുതുതായി ഒരു കക്കൂസ് നിർമ്മിക്കാൻ പോലും എയർപോർട്ട് അധികൃതരുടെ എൻ.ഒ.സി വേണമെന്ന് ശഠിക്കുന്നത് നിയമത്തിന്റെയും ചട്ടത്തിന്റെയും ദുർവ്യാഖ്യാനമായേ കാണാനാവൂ. വിമാനത്താവളത്തിനു ചുറ്റുമായി ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെയുള്ള വൻ നിർമ്മിതികൾ നിലനിൽക്കുമ്പോഴാണ് സാധാരണക്കാരോടുള്ള ഈ ധാർഷ്ട്യമെന്ന് ഓർക്കണം. പുതിയ അന്താരാഷ്ട്ര ടെർമിനലുമായി ബന്ധപ്പെടുത്തി ഒരാവശ്യവുമില്ലാതെ ദേശീയ പാതയിലെ സർവീസ് റോഡിനുമുകളിലൂടെ റാമ്പ് നിർമ്മിച്ച് നിയമം കാറ്റിൽ പറത്തിയവരാണ് നഗരത്തിലെ വലിയൊരു പ്രദേശത്തെ ഇപ്പോൾ നിർമ്മാണനിയന്ത്രണത്തിന്റെ പേരിൽ വെള്ളം കുടിപ്പിക്കാനൊരുങ്ങുന്നത്. എവിടെയും രണ്ടുനില കെട്ടിടങ്ങൾവരെ നിർമ്മിക്കാൻ നിയന്ത്രണം ബാധകമല്ലാതിരിക്കെ ഇവിടെ മാത്രം ഇക്കാര്യത്തിൽ ശാഠ്യം പിടിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. പാർപ്പിടങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതുകൊണ്ട് ദോഷമൊന്നുംവരാൻ പോകുന്നില്ല. അതുപോലെ തന്നെ ഇതിനകം നിർമ്മാണം പൂർത്തിയാക്കിയ പാർപ്പിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധനയും ഉപേക്ഷിക്കാവുന്നതാണ്. എയർപോർട്ടിനകത്തുതന്നെ ഇതിനേക്കാൾ ഉയരമുള്ള നിർമ്മാണം നടക്കുന്ന പശ്ചാത്തലത്തിൽ പുറത്തെ നിർമ്മിതികൾക്ക് ചട്ടം കർക്കശമാക്കുന്നതിലെ വൈരുദ്ധ്യവും കാണാതിരുന്നുകൂട. പുതിയ നിബന്ധനകൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ യഥാർത്ഥസ്ഥിതി ജനങ്ങൾക്ക് മുൻപിൽ വയ്ക്കാൻ എയർപോർട്ട് അതോറിട്ടി ഔദ്യോഗികമായി ഇതുവരെ തയ്യാറായിട്ടുമില്ല. പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന നിയന്ത്രണവും ചട്ടവും ആളുകൾ യഥാസമയം അറിയേണ്ടതല്ലേ? സർവ്വേ നമ്പരുകൾ പോലും ചേർക്കാതെയാണ് അതോറിട്ടി നിയന്ത്രണങ്ങൾ ബാധകമായ നഗരഭൂപടം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എയർപോർട്ട് വികസനത്തിന് പുതുതായി ഭൂമി ആവശ്യമായിരിക്കാം. പുതിയ ടെർമിനലിനോടു ചേർന്ന് 18 ഏക്കർ ഏറ്റെടുക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. സ്ഥലം വിട്ടുകിട്ടുന്നതിൽ നേരിടുന്ന കാലതാമസമാണ് നിരവധി നഗരവാർഡുകളിൽ നിർമ്മാണനിയന്ത്രണങ്ങൾ കർക്കശമാക്കാൻ എയർപോർട്ട് അതോറിട്ടിയെ പ്രേരിപ്പിച്ചതെന്ന ഒരു ആക്ഷേപം ഇതിനിടെ ഉയർന്നിട്ടുണ്ട്. യഥാർത്ഥവസ്തുതകൾ ജനങ്ങളിൽ നിന്നുമറച്ചുവയ്ക്കുമ്പോഴാണ് ഇത്തരം അപവാദങ്ങൾ ജനിക്കുന്നതെന്നു മറക്കരുത്.
നഗരസഭമാത്രം ഇടപെട്ടതുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാവുകയില്ലെന്നാണ് തോന്നുന്നത്. സർക്കാർ നേരിട്ട് ഇടപെടേണ്ട ഘട്ടം എത്തിയിരിക്കുകയാണ്. അതുപോലെതന്നെ പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും വിഷയം ഉന്നയിച്ച് അനാവശ്യ നിയന്ത്രണങ്ങൾ നീക്കാൻ ശ്രമം നടത്തണം. നിയമവും ചട്ടവും ചുഴറ്റി വെറുതേ ജനങ്ങളെ പേടിപ്പിക്കരുത്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ