ട്രാൻ. പെൻഷൻ പ്രായം 58 ആക്കാൻ നീക്കം
March 12, 2018, 3:07 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രായം സമവായത്തിലുടെ 58 ആയി നിജപ്പെടുത്താൻ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. നിലവിലെ 56 ൽ നിന്ന് അറുപതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.
കെ.എസ്.ആർ.ടി.സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെൻഷൻ പ്രായം 60 ആക്കണമെന്ന നിർദ്ദേശം കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കുകയും ,അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് നിലപാടറിയിക്കാൻ ഘടകകക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, ഭരണപക്ഷത്ത് നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്.
ആയിരത്തിലേറെപ്പേർ
ഉടൻ വിരമിക്കും

വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിക്കുന്നത് ആയിരത്തിലേറെപ്പേരാണ്. ഇവർക്ക് പെൻഷൻ ആനുകൂല്യത്തിനായി കുറഞ്ഞത്
120 കോടി വേണ്ടി വരും. പ്രതിസന്ധി തത്കാലം ഒഴിവാക്കാനാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുകയെന്ന കുറുക്കു വഴി തേടുന്നത്.
പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിലും പെൻഷൻ പ്രായം 60 ആയി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമുണ്ട്. പ്രതിമാസം ചെലവും വരവും തമ്മിലുള്ള അന്തരം 150 കോടിയാണ്. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം നടക്കുന്നത് ആറു മാസത്തേക്കാണ്. അതു കഴിയുമ്പോൾ ആ ഭാരം കൂടി കോർപ്പറേഷന്റെ ചുമലുകളിലാവും.

ശാശ്വത പരിഹാരമല്ല

പെൻഷൻ പ്രായം 58 ആക്കിയാൽ രണ്ടു വർഷം കഴിഞ്ഞും, 60 ആക്കിയാൽ നാലു വർഷം കഴിഞ്ഞും പെൻഷൻ ആനുകൂല്യം നൽകണം. അതിനിടയ്ക്ക് ശമ്പള പരിഷ്കരണം കൂടി വന്നാൽ ഗ്രാറ്റുവിറ്റി തുക 7 ലക്ഷത്തിൽ നിന്ന് 14 ലക്ഷമായി മാറും. ഒരു വർഷം അയ്യായിരത്തോളം പേർ വിരമിക്കും. ഗ്രാറ്റുവിറ്റിക്ക് മാത്രം 350 കോടി രൂപ അധികമായി കണ്ടെത്തണം.


ഓയിൽ കമ്പനികൾക്ക്
കുടിശിക 120 കോടി

കെ.എസ്.ആർ.ടി.സി ഇന്ധനം വാങ്ങുന്ന വകയിൽ ഓയിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശിക 120 കോടിയായി ഉയർന്നു. 60 ദിവസത്തെ കുടിശികയാണിത്.
''പെൻഷൻ പ്രായം വർദ്ധന എൽ.ഡി.എഫിലെ എല്ലാ കക്ഷികളും ആലോചിച്ച് തീരുമാനിക്കട്ടെ. കൂട്ടായ തീരുമാനമേ നടപ്പിക്കൂ''-
-എ.കെ.ശശീന്ദ്രൻ
ഗതാഗത മന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ