പാറയും മെറ്റലും കിട്ടാനില്ല; മഴയ്‌ക്ക് മുന്നേ റോഡുപണിയില്ല
March 14, 2018, 12:09 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം: റോഡുപണിയാനുള്ള മെറ്റലിന്റെയും പാറയുടെയും ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ താറുമാറായി. മഴക്കാലമെത്തും മുൻപ് പൂർത്തിയാക്കാൻ 387 കോടിയോളം രൂപയുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയെങ്കിലും സാധന സാമഗ്രികൾ എത്താത്തതിനെ തുടർന്ന് ജോലികൾ ഇഴയുകയാണ്. 63 കോടിയുടെ ജോലികൾക്ക് ഈ ആഴ്ച അനുമതി നൽകുമെങ്കിലും സാധനങ്ങൾ എത്തിയില്ലെങ്കിൽ പണി വീണ്ടും താമസിക്കും. വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറെയും തടസപ്പെട്ടത്.

2017-18 വർഷത്തിൽ 450 കോടിയാണ് അറ്റകുറ്റപ്പണികൾക്കായി വകയിരുത്തിയത്.ജി.എസ്.ടിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും കരാറുകാർ കമ്പിയും സിമന്റും അടക്കമുള്ള സാധനങ്ങൾ എത്തിക്കാത്തതുമാണ് അടുത്ത ദിവസങ്ങളിൽ ജോലി സ്തംഭിപ്പിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനെ തുടർന്ന് 2500 ക്വാറികൾ പൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി.
ദേശീയ പാത കരാറുകാരിൽ പലർക്കും സ്വന്തമായി ക്വാറിയുള്ളതിനാൽ പ്രശ്നം അവരെ സാരമായി ബാധിച്ചില്ല.

യോഗം വിളിച്ചിട്ടും നടപടിയായില്ല
പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രിമാരുടെയും ക്വാറി ഉടമകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. നിയമനാസൃതമായി പ്രവർത്തിക്കാവുന്ന ക്വാറികൾക്ക് അനുമതി നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ല. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പരിശോധനയ്ക്കുശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചാൽ മാത്രമേ ക്വാറികൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ.

ഉദ്യോഗസ്ഥർ ഉണരണം: മന്ത്രി സുധാകരൻ
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. സാധനങ്ങൾ കിട്ടാതെ ഈ ജോലികൾ നടക്കില്ല. ഇത് പരിഹരിക്കാനുള്ള നടപടികൾ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു സ്വീകരിച്ചെങ്കിലും വേണ്ടത്ര ഫലപ്രാപ്തിയിലായിട്ടില്ല. ജില്ലാ ഭരണകൂടം ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ.

വകുപ്പുകൾ തീർക്കുന്ന തടസം: വെള്ളിലഴികം പ്രസാദ് (ജനറൽ കൺവീനർ, കേരള ക്രഷർ ആൻഡ് ക്വാറി അസോസിയേഷൻ ഏകോപനസമിതി)
സർക്കാർ നിർദ്ദേശം നടപ്പാക്കാൻ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ല. ഇപ്പോൾ പ്രവർത്തിക്കുന്നത് 200 ൽ താഴെ ക്വാറികൾ മാത്രമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ