ന്യൂനമർദ്ദം ശക്തമായി; ഇമ ചിമ്മാതെ കേരളം, ഓഖിയുടെ നടുക്കത്തിൽ അതീവ ജാഗ്രത
March 14, 2018, 1:39 am
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറായി അറബിക്കടലിലെ ന്യൂനമർദ്ദം ശക്തിയാർജ്ജിച്ച് ചുഴലിക്കാറ്റായി മാറാവുന്ന അതീതീവ്ര ന്യൂനമർദ്ദമായതോടെ കേരളതീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിൽ നേരിട്ട് വീശിയടിക്കാൻ സാദ്ധ്യതയില്ലെങ്കിലും, 'ഓഖി'യുടെ നടുക്കുന്ന ഓർമ്മയിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിന് 280 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അറബിക്കടലിലൂടെ നീങ്ങുന്ന ന്യൂനമർദ്ദത്തിന്റെ ദിശ ലക്ഷദ്വീപിലേക്കായിട്ടുണ്ട്. അതിനാൽ കേരളത്തിൽ ശക്തമായ മഴയും കാറ്റും അല്ലാതെ വൻനാശം വിതയ്‌ക്കുന്ന ചുഴലിക്കാറ്റിന് സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ കേരളകൗമുദിയോട് പറഞ്ഞു.

അറബിക്കടലിൽ 32 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന ന്യൂനമർദ്ദം 24 മണിക്കൂറിനകം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് പകൽ ലക്ഷദ്വീപ് വഴി കടന്നുപോകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇത് തെറ്റിച്ച് കൊണ്ട് ന്യൂനമർദ്ദം ഇപ്പോൾ കേരള തീരം വഴി കർണാടകയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യതയില്ലെന്നാണ് വിവരം. എന്നാൽ കേരള - തമിഴ്നാട് തീരങ്ങളിൽ അതിശക്തമായ കടലാക്രമണം ഉണ്ടായേക്കാം. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരത്തിൽ അടിക്കാൻ ഇടയുണ്ട്. ഇതിന്റെ സൂചനയായി ഇന്നലെ രാത്രി മിനിക്കോയി ദ്വീപിൽ ഒന്നര സെന്റിമീറ്റർ മഴയുണ്ടായി. ലക്ഷദ്വീപിലേക്കുള്ള യാത്രാസർവീസുകൾ നിറുത്തിവച്ചിട്ടുണ്ട്.തയ്യാറെടുപ്പുകൾ
കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാർഡ് തിരികെ എത്തിച്ചു
 തീരദേശ ജില്ലകളിലെ കളക്ടറേറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാവികസേനയോടും പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാക്കാൻ ജില്ലാ കളക്ടർമാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു
ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചു
പൊലീസ് സുസജ്ജമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ
വൈദ്യുതി ബോർഡിനും ജാഗ്രതാനിർദ്ദേശം
കാലാവസ്ഥയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥാ കേന്ദ്രവും ദുരന്തനിവാരണ അതോറിട്ടിയും
മഴ ശക്തമായാൽ വെള്ളക്കെട്ടിന് സാദ്ധ്യതയുണ്ടെന്ന് നഗരസഭകൾക്കും പൊതുമരാമത്ത് വകുപ്പിനും മുന്നറിയിപ്പ്
ദേശീയ ദുരന്തനിവാരണ സേനയുടെ 45 അംഗ സംഘത്തെ തൃശൂരിൽ വിന്യസിച്ചു
മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ 4 കോസ്റ്റ്‌ഗാർഡ് കപ്പലുകളും വിമാനങ്ങളും
കടലിൽ തെരച്ചിലിന് ഡോണിയർ വിമാനങ്ങൾ അയച്ചു
കോസ്റ്റ്‌ഗാർഡിന്റെ സി-427 ഇന്റർസെപ്‌ടർ ബോട്ടുകൾ കടലിൽ

തീരത്ത് കരുതൽ
തീരദേശത്തെ സ്‌കൂളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കും
സ്കൂളുകളുടെ താക്കോൽ തഹസിൽദാർമാരുടെ കൈയിൽ
തീരദേശത്ത് താലൂക്ക് തല കൺട്രോൾ റൂമുകൾ തുറന്നു
മുഴുവൻ ഓഫീസുകളിലും 24 മണിക്കൂറും ഉദ്യോഗസ്ഥർ

മുന്നറിയിപ്പ്
കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെയാകും
2.5-3.8 മീറ്റർ ഉയരത്തിൽ തിരമാലയുണ്ടാവും
അതിശക്തമായ കടലാക്രമണത്തിന് സാദ്ധ്യത
നാളെ വരെ ശക്തമായ മഴയുണ്ടാവും
 നാളെ വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തുറമുഖങ്ങളിൽ ജാഗ്രത
കാറ്റിന്റെ വേഗത മണിക്കൂറിൽ 45-60 കിലോമീറ്റർ വരെയാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് എല്ലാ തുറമുഖങ്ങളിലും മൂന്നാംനമ്പർ അപായ സൂചന. തുറമുഖങ്ങളെ ബാധിക്കുന്ന വിധത്തിൽ ന്യൂനമർദ്ദം ശക്തമാകുമ്പോഴാണ് ഈ മുന്നറിയിപ്പ്. ബാർജ്, ഫെറി തുടങ്ങിയ ചെറുയാനങ്ങളെ കടലിൽപോകാതെ തടയാനുള്ളതാണ് ഈ മുന്നറിയിപ്പ്. കപ്പലുകൾക്ക് നിയന്ത്രണമില്ല.


''കേരളത്തിലുടനീളം ശക്തമായ മഴയും കാറ്റുമുണ്ടാവും. ചുഴലിക്കാറ്റിന് സാദ്ധ്യതയില്ല. നാളെ വരെ ജാഗ്രത തുടരും.''
ഡോ. എസ്. സുദേവൻ
ഡയറക്ടർ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ