റിവാർഡ് പോയിന്റ് വാഗ്ദാനം; എ.ടി.എം തട്ടിപ്പിന് പുതിയ തന്ത്രം
March 14, 2018, 12:10 am
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: എ.ടി.എം കാർഡ് വിവരങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് അക്കൗണ്ടിലെ പണം കൊള്ളയടിക്കുന്ന തട്ടിപ്പ് നിർബാധം തുടരുന്നു. സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾക്കും ഡെബിറ്റ്കാർഡ് സ്വൈപ്പ് ചെയ്ത് പണം നൽകുന്നവർക്ക് ബാങ്ക് നൽകുന്ന റിവാർഡ് പോയിന്റുകളുടെ പേരിലാണ് പുതിയ തട്ടിപ്പ്. റിവാർഡ് പോയിന്റുകൾക്ക് തുല്യമായ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണെന്ന് വാഗ്ദാനം ചെയ്താണ് അക്കൗണ്ട് ഉടമകളിൽ നിന്ന് കാർഡ് വിവരങ്ങൾ ചോദിച്ചറിയുന്നത്. എസ്.ബി.ഐ അക്കൗണ്ടുടമകളാണ് കബളിപ്പിക്കപ്പെടുന്നതിൽ ഏറെയും. തലസ്ഥാനത്ത് ഇന്നലെ സമാനമായ തട്ടിപ്പിൽ 10,000 രൂപ തട്ടിയെടുത്തതായി പൊലീസിന് പരാതി കിട്ടി.

മുൻകാലങ്ങളിലെ തട്ടിപ്പുകാരെക്കാൾ കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ പറഞ്ഞാണ് അക്കൗണ്ട് ഉടമകളെ വീഴ്‌ത്തുന്നത്. എസ്.ബി.ഐയിൽ നിന്നാണെന്ന് പറഞ്ഞ്, ഇംഗ്ലീഷിലാണ് സംസാരം. കാർഡ് നമ്പരും പേരും കാർഡിന്റെ കാലാവധി കഴിയുന്ന തീയതിയും വ്യക്തമായി പറയും. കാർഡിന്റെ പിറകിലെ മൂന്നക്ക സി.വി.വി നമ്പർ പറയാൻ ആവശ്യപ്പെടും. എന്തിനാണെന്ന് അക്കൗണ്ടുടമ ചോദിക്കുമ്പോഴാണ് ഇവർ 'തനിനിറം' കാട്ടുക. എ.ടി.എം കാർഡുപയോഗിച്ച് നടത്തിയ ഇടപാടുകൾക്ക് കിട്ടിയ റിവാർഡ് പോയിന്റുകൾ കൃത്യമായി പറയും. ഇതിനു തുല്യമായ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണെന്ന് പറയുന്നതോടെ ആരും സി.വി.വി നമ്പർ നൽകിപ്പോവും. ഓൺലൈനായി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണെന്നും മൊബൈലിൽ വരുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒ.ടി.പി) പറയണമെന്നും ഇവർ ആവശ്യപ്പെടും. നമ്പർ പറയുമ്പോഴേക്കും അക്കൗണ്ടിൽ നിന്ന് പണം ചോർത്തിയിരിക്കും. ഫോണിലൂടെ ആര് വിളിച്ചാലും അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി നമ്പരോ പറയരുതെന്ന് ബാങ്ക് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതനുസരിക്കാത്ത ഉപഭോക്താവിനാണ് പണം നഷ്ടപ്പെടുന്നത്.

റിവാർഡ് പോയിന്റ് നൽകുന്ന സേവനം എസ്.ബി.ഐക്കുവേണ്ടി സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. ഇവർ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണ് സംശയിക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ ചോരാതെ, സുരക്ഷിതമാക്കാനുള്ള സംവിധാനം എസ്.ബി.ഐ ഒരുക്കണമെന്നാണ് അക്കൗണ്ടുടമകളുടെ ആവശ്യം.

''ഫോൺ വഴി അക്കൗണ്ട് വിവരങ്ങൾ ചോദിച്ചാൽ നൽകരുത്. ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കാനെന്ന വ്യാജേനയും ബാങ്കിംഗ് സൗകര്യങ്ങൾക്കായെന്ന പേരിലുമൊക്കെ തട്ടിപ്പുണ്ട്. ബാങ്കിൽ നിന്നായാൽ പോലും ഫോണിൽ വിളിച്ചാൽ വിവരങ്ങൾ നൽകരുത്. പണം നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ ഉടൻ സൈബർസെല്ലുമായി ബന്ധപ്പെടണം.
ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ