'ദൈവം കനിഞ്ഞാലും പൂജാരി കനിയാത്തത്' ദൗർഭാഗ്യകരം: സ്പീക്കർ
March 13, 2018, 10:46 pm
തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ നിയമങ്ങൾക്ക് യഥാസമയം ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതിൽ വരുന്ന വീഴ്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. ദൈവം കനിഞ്ഞാലും പൂജാരി കനിയുന്നില്ല എന്ന അവസ്ഥ ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിനുള്ള റൂളിംഗിൽ സ്പീക്കർ പറഞ്ഞു. ചട്ടങ്ങൾ യഥാസമയം പുറപ്പെടുവിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിയമവകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളിലും പ്രത്യേക നിരീക്ഷണസംവിധാനം ഏർപ്പെടുത്തണം. അതിന്റെ അടിസ്ഥാനത്തിൽ വീഴ്ചകൾക്ക് ഉത്തരവാദികളാകുന്നവർക്കെതിരെ കർശന അച്ചടക്കനടപടികൾ സ്വീകരിക്കണം. മന്ത്രിമാർ അവരവരുടെ വകുപ്പിന് കീഴിലെ നിയമങ്ങൾക്കനുസൃതമായ ചട്ടങ്ങൾ യഥാസമയം പുറപ്പെടുവിക്കാത്തത് പ്രത്യേകം പരിശോധിക്കണമെന്നും സ്പീക്കർ റൂളിംഗിൽ വ്യക്തമാക്കി.
2013ലെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലാ ആക്ട്, 2016ലെ കേന്ദ്ര റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ആക്ട് എന്നിവ പ്രകാരം സംസ്ഥാനസർക്കാർ പുറപ്പെടുവിക്കേണ്ട ചട്ടങ്ങൾ ഇതുവരെയും പുറപ്പെടുവിക്കാത്തതിന്റെ പ്രശ്നങ്ങളാണ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയത്. ഇതേ രീതിയിലുള്ള ക്രമപ്രശ്നങ്ങൾ മുമ്പും പലതവണ സഭയിൽ ഉയർന്നതാണ്.
നിയമസഭയോ പാർലമെന്റോ പാസാക്കുന്ന നിയമങ്ങൾ, അവ ഏതുതന്നെയായാലും, അതിനനുസൃതമായി നിർമിക്കേണ്ട ചട്ടങ്ങൾ യഥാസമയം പുറപ്പെടുവിക്കുന്നതിൽ അക്ഷന്തവ്യമായ കാലതാമസമുണ്ടാകുന്നു എന്നത് ഖേദകരമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ഓരോ നിയമത്തിന്റെയും പേരിൽ ക്രമപ്രശ്നങ്ങൾ ആവർത്തിച്ചാവർത്തിച്ച് സഭയിൽ ഉയർന്നുവരുന്നതും പ്രത്യേകമായ റൂളിംഗ് നൽകേണ്ടി വരുന്നതും ആശാസ്യമല്ല. ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ 90 ദിവസത്തിനകം അതനുസരിച്ചുള്ള കരട്ചട്ടങ്ങൾ തയാറാക്കി അവ മുൻകൂർ പരിശോധനയ്ക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന വ്യക്തമായ വ്യവസ്ഥ നിയമസഭാ ചട്ടം 238ൽ ഉണ്ട്. എന്നിട്ടും അവ പാലിക്കപ്പെടാതെ പോകുന്നതെന്ത്കൊണ്ട് എന്ന് ബന്ധപ്പെട്ടവർ ഗൗരവപൂർവ്വം പരിശോധിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ