ഒന്നിലധികം വില്ലേജുകളിലായി;പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചവരെ കണ്ടുപിടിക്കാൻ കഴിയില്ല
April 13, 2018, 1:46 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിലധികം വില്ലേജുകളിലായി പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചവരെ കണ്ടുപിടിക്കാൻ നിലവിൽ കഴിയില്ല. ഒരു വില്ലേജിനകത്ത് പരിധിയിൽ കൂടുതൽ ഭൂമി കൈവശം വച്ചാൽ മാത്രമേ കണ്ടുപിടിക്കാനാവൂ. 1964 ഏപ്രിൽ ഒന്നിന് മുമ്പ് 15 ഏക്കറിലധികം ഭൂമി കൈവശം വച്ചിരുന്നവരെല്ലാം പരിധിയിൽ കവിഞ്ഞവ തിരിച്ചു നൽകേണ്ടതായിരുന്നു. എന്നാൽ അന്നുമുതൽ അനധികൃതമായി ഭൂമി കൈവശം വച്ചുവരുന്നവരുമുണ്ട്. വിവിധ വില്ലേജുകളിലായാകും ഭൂമി വാങ്ങിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളിലെല്ലാം മിച്ചഭൂമി രജിസ്റ്രർ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ മിക്കയിടത്തും ഇവ സൂക്ഷിക്കുന്നില്ല. അതിനാൽ സർക്കാരിന്റെ കൈവശം എത്ര മിച്ചഭൂമി ഉണ്ടെന്നതിന് കണക്കുകളില്ല. ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടങ്ങൾക്കോ വിദ്യാഭ്യാസ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്കോ മാത്രമേ 15 ഏക്കർ പരിധിയിൽ കൂടുതൽ കൈവശം വയ്ക്കാനാവൂ. ഇങ്ങനെ ചെയ്യണമെങ്കിൽ സർക്കാർ ഇളവ് നൽകണം. എന്നാൽ പരിധിയിൽ കൂടുതൽ സ്ഥലം കൈവശം വച്ച മിക്ക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമപരമായ ഇളവ് നേടിയിട്ടില്ല. പലരും 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങിയ സ്ഥലം പോക്കുവരവ് ചെയ്യുമ്പോൾ വില്ലേജ് ഓഫീസർ അത് ലാൻഡ് ബോർഡിനെ അറിയിക്കണം. ലാൻഡ് ബോർഡ് സീലിംഗ് കേസ് രജിസ്റ്രർ ചെയ്തശേഷം വേണമെങ്കിൽ അവർക്ക് ഇളവ് നൽകും. ഇങ്ങനെ നൽകുമ്പോൾ സംസ്ഥാനത്ത് ഇതേ സ്ഥാപനത്തിന്റെ പേരിലുള്ള മുഴുവൻ സ്ഥലങ്ങളുടേയും കണക്കുകൾ ഹാജരാക്കേണ്ടി വരും. ഇളവ് കൊടുത്ത ഭൂമിയുടെ വിശദാംശങ്ങൾ അതാത് വില്ലേജ് ഓഫീസും സൂക്ഷിക്കണം. ഇങ്ങനെ ഇളവ് നൽകിയ ഭൂമി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചാൽ അപ്പോൾ തന്നെ മിച്ചഭൂമിയായി ഏറ്റെടുക്കാവുന്നതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ