സഞ്ചാരികളേ ഇതിലേ വരൂ, ഗ്രാമത്തിൽ രാപാർക്കാം...
April 7, 2018, 12:10 am
സി.പി. ശ്രീഹർഷൻ
 
തിരുവനന്തപുരം: വിപ്ളവ പാർട്ടി നയിക്കുന്ന സർക്കാർ ടൂറിസം മേഖലയിലും 'ജനകീയ ജനാധിപത്യ വിപ്ലവം' നടപ്പാക്കിത്തുടങ്ങി. സഞ്ചാരികളെ നാട്ടിൻപുറങ്ങളുടെ നന്മയിലേക്കും അറിവിലേക്കും കൈപിടിച്ചു നടത്തുന്ന വിപ്ലവം. അവർക്ക് പുത്തൻ സ്നേഹാനുഭവം. ഗ്രാമീണർക്ക് തൊഴിൽ, വരുമാനം...
ടൂറിസം സാദ്ധ്യതയുള്ള ഗ്രാമ പ്രദേശങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന 'പെപ്പർ ടൂറിസം' (പീപ്പിൾസ് പാർട്ടിസിപ്പേറ്ററി ടൂറിസം പ്ലാനിംഗ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം) കോട്ടയം ജില്ലയിലെ വൈക്കത്ത് പ്രാരംഭ ഘട്ടത്തിലാണ്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല ഉത്തരവാദിത്വ ടൂറിസം മിഷനാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. അടുത്ത മൂന്ന് വർഷത്തിനകം 30 ഗ്രാമങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കും. ഈ വർഷം നീക്കിവച്ചിരിക്കുന്നത് 4.95കോടി രൂപയാണ്.
ഗ്രാമസഭകൾ ചേർന്നും ജനകീയ ചർച്ചകൾ സംഘടിപ്പിച്ചും ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്രോഡീകരിച്ച് ടൂറിസം വകുപ്പിന് സമർപ്പിക്കും. അവ അംഗീകരിച്ച് പദ്ധതി നിർവഹണത്തിലേക്ക് കടക്കും. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് ലക്ഷ്യം. ഇതിലൂടെ കിട്ടുന്ന തുക അതത് പ്രദേശത്ത് പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് ലഭ്യമാക്കും.
വൈക്കത്ത് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കിയുള്ള പ്രാഥമിക രൂപരേഖ തയാറായി. വീഡിയോ ഡോക്യുമെന്റേഷൻ നടക്കുന്നു. ആദ്യഘട്ടത്തിൽ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, ടി.വി.പുരം, വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളും രണ്ടാം ഘട്ടത്തിൽ തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും.

ടൂർ പാക്കേജ്
പ്രദേശത്തെ പരമ്പരാഗത തൊഴിലുകൾ, കൃഷി, ഉത്സവങ്ങൾ, കലകൾ, നാട്ടാചാരങ്ങൾ എന്നിവ പാക്കേജിലുൾപ്പെടും. ഗ്രാമസഭ ഒരു പൂർണ ദിവസം ചേർന്നാണ് നിർദ്ദേശങ്ങൾ സ്വരൂപിക്കുക. 7 ഗ്രൂപ്പുകളായി തിരിഞ്ഞ് റിസോഴ്സ് മാപ്പിംഗ് തയാറാക്കും. സഞ്ചാരികളെ ആകർഷിക്കൽ, അവരെ നാട്ടുതനിമ പരിചയപ്പെടുത്തൽ എന്നിവയ്ക്കായി തിരഞ്ഞെടുത്ത ഗ്രാമവാസികൾക്ക് പരിശീലനമാണ് അടുത്തഘട്ടം. ഉല്പന്ന നിർമാണ പരിശീലനവും നൽകും. സഞ്ചാരികൾക്ക് താമസിക്കാൻ ഹോം സ്റ്റേകളും ഫാം സ്റ്റേകളും ഒരുക്കും.

 'സഞ്ചാരികൾക്ക് ഗ്രാമീണ ജീവിതം നേരിട്ടനുഭവിച്ചറിയാം. അതിലൂടെ ടൂറിസവും വിപുലീകരിക്കപ്പെടും. ഗ്രാമവാസികൾക്ക് വരുമാന മാർഗം ലഭ്യമാകും'.
പി. ബാലകിരൺ, സംസ്ഥാന ടൂറിസം ഡയറക്ടർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ